ആവര്‍ത്തിക്കപ്പെടുന്ന വന്‍ പാപങ്ങളില്‍ മുസ്‌ലിം സമുദായാംഗങ്ങളുടെ സാന്നിധ്യം കൂടിവരികയാണെന്നു തോന്നുന്നു. ചെറുപാപങ്ങളില്‍ നിന്നുപോലും അകന്നു നില്‌ക്കാന്‍ നിരന്തരം ഉപദേശിക്കപ്പെടുന്ന മുസ്‌ലിം സമൂഹത്തിനിടയിലും -ഒറ്റപ്പെട്ടതെങ്കിലും-വന്‍ പാപങ്ങള്‍ കടന്നുവരുന്നു. ഈ ലോകജീവിതം കഴിയുന്നേടത്തോളം `സുഖ സമൃദ്ധ'മായി കഴിഞ്ഞുകൂടണമെന്ന നിലപാടു മൂലമാണ് പലരും ജീര്‍ണതകളുടെ മാര്‍ഗം അവലംബിക്കുന്നത്. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്നതാണ് ഈ നിലപാടിന്റെ മുഖമുദ്ര. ഫലത്തില്‍ ഇത് പിശാചിന്റെ മാര്‍ഗത്തിലേക്കുള്ള കൂപ്പുകുത്തലാണെന്ന് തിരിച്ചറിയുമ്പോഴേക്ക് നേരം ഏറെ വൈകിയിരിക്കും.
മനുഷ്യസമൂഹത്തെ വിളിച്ചുകൊണ്ട് സ്രഷ്‌ടാവായ അല്ലാഹു ഓര്‍മപ്പെടുത്തുന്നു : "മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. പിതാവ് തന്റെ സന്തതിക്കോ സന്തതികള്‍ പിതാവിനോ ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ.'' [അദ്ധ്യായം 31 ലുഖ്മാൻ 33]
പൗരാണിക സമൂഹങ്ങള്‍ കൂട്ടനാശത്തിന് ഹേതുവായ സാഹചര്യം ഖുര്‍ആന്‍ വിവരിക്കുന്നു: "ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാര്‍ക്ക് നാം ആജ്ഞകള്‍ നല്‌കും. എന്നാല്‍ അത് വകവയ്‌ക്കാതെ അവര്‍ അവിടെ താന്തോന്നിത്തം നടത്തും. ശിക്ഷയെപ്പറ്റിയുള്ള വാക്ക് അങ്ങനെ ആ രാജ്യത്തിന്റെ കാര്യത്തില്‍ സ്ഥിരപ്പെടുകയും നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്." [അദ്ധ്യായം 17 ഇസ്‌റാഅ് 16]
ഓരോ നാട്ടിലും വിവിധ മുസ്‌ലിം സംഘടനകള്‍ ജീര്‍ണതകള്‍ക്കെതിരില്‍ പൊതുവായും വന്‍ പാപങ്ങള്‍ വ്യാപിക്കാനിടയാകുന്ന സാഹചര്യങ്ങള്‍ക്കെതിരില്‍ പ്രത്യേകിച്ചും കൂട്ടായ്‌മകള്‍ ഉണ്ടാക്കുകയും തിന്മക്കെതിരെ സക്രിയമായി ഇടപെടുകയും ചെയ്‌താല്‍ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കാനാവുമെന്നതില്‍ തര്‍ക്കമില്ല. നന്മയില്‍ പരസ്‌പരം സഹകരിക്കല്‍ എല്ലാവരുടെയും ബാധ്യതയാണല്ലോ. അല്ലാഹു പറയുന്നു : "പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." [അദ്ധ്യായം 5 മാഇദ 2]
📖ശബാബ് വാരിക