പര്യവസാനം നന്നാകാൻ

പര്യവസാനം നന്നാകാനും ഇഹപര നിന്ദ്യത ഒഴിവാകാനും ഇങ്ങനെ പ്രാർഥിക്കുക:

اللهم احسن عاقبتنا في الأمور كلها
واجرنا من خزي الدنيا وعذاب الاخرة

"അല്ലാഹുവേ, ഞങ്ങളുടെ എല്ലാ കാര്യങ്ങളുടെയും പര്യവസാനം നീ നന്നാക്കേണമേ.
ഇഹലോക നിന്ദ്യതയിൽ നിന്നും പരലോകശിക്ഷയിൽ നിന്നും നീ ഞങ്ങളെ കാത്തുകൊള്ളേണമേ"

☝ പ്രവാചക വചനങ്ങളിൽ സ്ഥിരപ്പെട്ടു വന്ന, സത്യവിശ്വാസികൾ അവരുടെ നിത്യപ്രാർഥനയിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒരു പ്രാർഥനയാണത്.

നല്ല കാര്യങ്ങൾ ചെയ്യുക എന്നത് പോലെ പ്രധാനമാണല്ലോ നല്ല നിലയിൽ അവസാനിക്കുക / അവസാനിപ്പിക്കുക എന്നത്. അതിന് നമ്മുടെ  സാമർഥ്യം മാത്രം പോരാ. അല്ലാഹുവിന്റെ തൗഫീഖും വേണം. അതിനാൽ സത്യവിശ്വാസികൾ ഈ പ്രാർഥന പതിവാക്കണം.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

വീട്ടിൽ നിന്നിറങ്ങുമ്പോൾ

വീട്ടിൽ നിന്നിറങ്ങുമ്പോൾ അല്ലാഹുവിൽ തവക്കുലാക്കുക
----------------------------------------
باسم الله توكلت على الله
لا حول ولا قوة الا بالله
"അല്ലാഹുവിന്റെ നാമത്തിൽ.
ഞാൻ അല്ലാഹുവിൽ ഭരമേൽപിക്കുന്നു.
അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയും എനിക്കില്ല"

☝ഓരോ തവണ വീട്ടിൽ നിന്നിറങ്ങുമ്പോഴും ഈ കീർത്തനം ചൊല്ലുക. തവക്കുൽ മുറുകെ പിടിക്കുന്നവന് സമാധാനവും സംതൃപ്തിയുമുണ്ടാവുക തന്നെ ചെയ്യും.
അതിനാൽ ഓരോ തവണ വീട്ടിൽ നിന്നിറങ്ങുമ്പോഴും അർഥ ബോധത്തോടെ ഈ കീർത്തനം ചൊല്ലുന്നത് പതിവാക്കുക.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

മുസ്‌ലിമായി മരണപ്പെടാൻ

മുസ്ലിമായി മരിക്കാൻ!
സജ്ജന സംഘത്തിൽ ഉൾപ്പെടാൻ!!
----------------------------------------

اللهم ،فاطر السموات والارض
انت وليي في الدنيا والاخرة
توفني مسلما والحقني بالصالحين
"ആകാശ - ഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവേ, നീയാണ് ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി; എന്നെ നീ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളിൽ ചേർക്കുകയും ചെയ്യേണമേ"

☝യൂസുഫ് നബി (അ) അല്ലാഹുവിനോട്‌ നടത്തിയ ദീർഘമായ ഒരു ആത്മഭാഷണത്തിലെ അവസാന ഭാഗമാണി പ്രാർഥന. ഇതിൽ اللهم എന്നത് പ്രാർഥനാ ആമുഖമായി ചേർത്തതാണ്. ഖുർആനിലുള്ളതല്ല. اللهم എന്നത് ഒഴിവാക്കിയിട്ടും പ്രാർഥിക്കാം. *(സൂറത്തു യൂസുഫ്‌ 101 കാണുക).*

മുസ്ലിമായി മരണപ്പെടാൻ കഴിയുക എന്നതും സജ്ജന സംഘത്തിൽ ഉൾപ്പെടാൻ കഴിയുക എന്നതും തന്നെയാണല്ലോ ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം! അതിനാൽ ഈ പ്രാർഥന സത്യവിശ്വാസികൾക്ക് അവരുടെ നിത്യപ്രാർഥനയിൽ ഉൾപ്പെടുത്താവുന്നതാണ്.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കുമ്പോൾ

റമദാനിലെ അവസാനത്തെ പത്തിൽ ഈ പ്രാർഥന വർധിപ്പിക്കുക:
----------------------------------------

اللهم إنك عفو تحب العفو
فاعف عنی
*"അല്ലാഹുവേ, തീർച്ചയായും നീ മാപ്പ് നൽകുന്നവനാകുന്നു. മാപ്പ് നൽകൽ നീ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ നീ എനിക്ക് മാപ്പ് നൽകേണമേ"*

☝നബി (സ) റമദാൻ അവസാന പത്തിന്റെയും അതിൽ കടന്നു വരുന്ന ലൈലത്തുൽ ഖദ്റിന്റെയും മഹത്വം വിവരിച്ചപ്പോൾ അതീവ താൽപര്യത്തോടെ ആയിശ(റ) ചോദിച്ചു: അന്ന് ഞങ്ങൾ എന്താണ് കൂടുതലായി ചെയ്യേണ്ടത്?
അപ്പോൾ ഈ പ്രാർഥന വർധിപ്പിക്കാൻ നബി (സ) നിർദ്ദേശിച്ചു.
അതിനാൽ, റമദാൻ അവസാന പത്തിൽ ഈ പ്രാർഥനാ കീർത്തനം സത്യവിശ്വാസികൾ വർധിപ്പിച്ചു കൊണ്ടേയിരിക്കണം.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

സൽകർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ

സൽകർമങ്ങൾ സ്വീകരിക്കാൻ പ്രാർഥിക്കുക :

ربنا تقبل منا إنك انت السميع العليم

*"ഞങ്ങളുടെ നാഥാ, ഞങ്ങളിൽ നിന്ന് നീ സൽകർമങ്ങൾ സ്വീകരിക്കേണമേ. തീർച്ചയായും നീ കേൾക്കുന്നവനും അറിയുന്നവനുമാകുന്നു."*

☝ ഇബ്രാഹീം നബിയും മകൻ ഇസ്മായീൽ നബിയും കഅബ നിർമാണം എന്ന മഹത്തായ സൽകർമം പൂർത്തിയാക്കിയ ശേഷം അതിന്റെ സ്വീകാര്യതക്ക് വേണ്ടി അല്ലാഹുവിനോട് നടത്തിയ പ്രാർഥനയാണിത് *(അൽബഖറ 127 കാണുക).* മഹാന്മാരായ പ്രവാചകന്മർ പോലും അവർ ചെയ്യുന്ന സൽകർമങ്ങളുടെ സ്വീകാര്യതയ്ക്ക് വേണ്ടി ഇങ്ങനെ പ്രാർഥിച്ചുവെങ്കിൽ ഇത് നമ്മുടെയും പ്രാർഥന രീതിയാവണമെന്ന് പ്രത്യേകം പറയേണ്ടല്ലോ!

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

സയ്യിദുൽ ഇസ്തിഗ്ഫാർ!

ഹൃദിസ്ഥമാക്കാം, പ്രാർഥിക്കാം; സയ്യിദുൽ ഇസ്തിഗ്ഫാർ!

اللهم انت ربى
لا اله الا انت،
خلقتنی وانا عبدك،
وأنا علی عهدك ووعدك  مااستطعت،
أعوذ بك من شر ما صنعت ،
أبوء لك بنعمتك علي،
وأبوء لك بذنبى، اغفر لي،
فانه لا يغفر الذنوب الا انت
*"അല്ലാഹുവേ, നീയാണെന്റെ റബ്ബ്, നീയല്ലാതെ വേറെ ആരാധ്യനില്ല, നീയാണെന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ അടിമയുമാണ്. നിന്റെ കരാറും നിന്നോടുള്ള ഉത്തരവാദിത്തവും എനിക്ക് സാധ്യമാകുന്നത്ര ഞാൻ നിർവഹിക്കുന്നുണ്ട്. ഞാൻ ചെയ്തിട്ടുള്ളതിന്റെ തിന്മയിൽ നിന്ന് നിന്നോട് ഞാൻ രക്ഷ തേടുന്നു. നീ എനിക്ക് നൽകിയ അനുഗ്രഹങ്ങളുമായി ഞാൻ മടങ്ങുന്നു. എന്റെ പാപങ്ങളുമായി ഞാൻ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു. എനിക്ക് നീ പൊറുത്തുതരേണമേ. തീർച്ചയായും പാപം പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല."*

☝ സയ്യിദുൽ ഇസ്തിഗ്ഫാർ എന്ന പേരിൽ പ്രസിദ്ധമായ ഈ കീർത്തനം പാപമോചന പ്രാർഥനകളിൽ വളരെ പ്രബലപ്പെട്ടതും മഹത്തരവുമാകുന്നു. ഫത്ഹുൽ ബാരി പതിനാലാംവാള്യത്തിൽ ബുഖാരിയുടെ 6306 നമ്പർ ഹദീസായി ഉദ്ധരിക്കപ്പെട്ടതാണിത്.
ദൃഢബോധ്യത്തോടെ പകലിൽ ഒരാൾ ഇത് പ്രാർഥിച്ച് അന്നവൻ മരണപ്പെട്ടാൽ, ദൃഢബോധ്യത്തോടെ രാത്രി ഒരാൾ ഇത് പ്രാർഥിച്ച് ആ രാത്രി അവൻ മരണപ്പെട്ടാൽ അവൻ സ്വർഗത്തിലാണെന്നും ഇതേ ഹദീസിലുണ്ട്.

☝ ഇഹ്‌തികാഫിന്റെയും ലൈലത്തുൽ ഖദ്റിന്റെയും പാപമോചന പ്രാർഥനയുടെയും അസുലഭ സൗഭാഗ്യ നിർണായക നിമിഷങ്ങളിലൂടെ കടന്നു പോകുന്ന റമദാനിന്റെ അവസാന നാളുകളെ സയ്യിദുൽ ഇസ്തിഗ്ഫാർ കൊണ്ട് നമുക്ക് ധന്യമാക്കാം.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

മരണാനന്തരം സൽകീർത്തിയുണ്ടാവാൻ

رب هب لي حكما والحقنی بالصالحين
واجعل لي لسان صدق في الأخرين
واجعلنى من ورثة جنة النعيم
*"എന്റെ നാഥാ, എനിക്ക് നീ വിജ്ഞാനം നൽകേണമേ. സജ്ജനങ്ങളിൽ നീ എന്നെ ചേർക്കുകയും ചെയ്യേണമേ.*

*പിൽക്കാലക്കാരിൽ നീ എനിക്ക് സൽകീർത്തി ഉണ്ടാക്കേണമേ.*

*എന്നെ നീ സുഖസമ്പൂർണമായ സ്വർഗത്തിന്റെ അവകാശികളിൽ പെടുത്തേണമേ"*.

☝ ഇബ്രാഹീം നബിയുടെ ശ്രദ്ധേയമായ പ്രാർഥനകളിൽ ചിലതാണിത് *(ഖുർആൻ - ശുഅറാ: 83 - 85 കാണുക)*. തന്റെ മരണശേഷം ആളുകൾ നല്ലത് പറയാൻ വേണ്ടിയായിരിക്കരുത് സൽകർമം ചെയ്യാൻ. അത് മതം നിരോധിച്ച ലോകമാന്യത്തിലാണ് പെടുക.
എന്നാൽ ജീവിതകാലത്ത് മറ്റുള്ളവർക്ക് നല്ല മാതൃകയാകാനും മരണശേഷം നല്ലത് പറയിപ്പിക്കാനും സാധിക്കുക എന്നത് ഒരു സത്യവിശ്വാസിയുടെ സൗഭാഗ്യം തന്നെയാണല്ലോ. ആ സൗഭാഗ്യത്തിന് വേണ്ടിയാണി പ്രാർഥന .

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

മുസ്‌ലിമിന്റെ ഡ്രൈവിംഗ്‌

ബഹുമാന്യനായ ഷെയ്ഖ് ഡോക്ടർ മഹ്‌മൂദ്‌ അൽ മുബാറക്ക് ഹഫൂഫിലെ വലിയ പള്ളിയായ  ഇമാം തുർക്കി ജുമാ മസ്ജിദിൽ (2018/feb/09)  നടത്തിയ ഖുതുബ ശ്രദ്ധേയമായിരുന്നു. ട്രാഫിക് നിയമങ്ങൾ പാലിക്കുക എന്നതായിരുന്നു വിഷയം. ഒരു മുസ്ലിം ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണെന്നും തന്റെ ജീവനോ അന്യന്റെ ജീവനോ ഹനിക്കൽ  ഇസ്‌ലാം നിഷിദ്ധമാക്കിയതാണെന്നും എന്നാൽ അതെല്ലാം അംഗീകരിക്കുന്ന നാം അമിത വേഗതിയിൽ വാഹനം ഓടിച്ചു സ്വന്തം ജീവനും അപരന്റെ ജീവനും ഹനിക്കുന്നു എന്നും തെളിവുകളുടെ പിൻബലത്തോടെ അദ്ദേഹം സംസാരിച്ചു. ഈ നാട്ടിൽ ഒരു ദിവസത്തിൽ 20  ഓളം മരണങ്ങൾ ഇതുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നും ചില കുടുംബങ്ങളുടെ വീടിന്റെ വാതിൽ എന്നന്നേക്കും അടക്കപ്പെടുന്ന വിധം ആ കുടുംബത്തിലെ എല്ലാവരും വാഹനാപകടത്തിൽ മരണപ്പെട്ട വിവരവും അദ്ദേഹം സൂചിപ്പിച്ചു.

സാധാരണ ഒരു വാതിലിലൂടെ പുറത്തേക്കു പോകാൻ നിൽക്കുന്നവർ തന്റെ കൂടെയും പിന്നിലും ഉള്ള ആളുകളോട് നിങ്ങൾ ആദ്യം കടക്കൂ എന്ന്  പറഞ്ഞു അവർക്കായി അവസരം ഒഴിഞ്ഞു കൊടുക്കുന്ന ആളുകൾ തങ്ങളുടെ വാഹനത്തിൽ കയറിയാൽ മറ്റുള്ളവരെ  പോകാൻ അനുവദിക്കാതെ വേഗതയിൽ മറികടക്കാൻ ശ്രമിക്കുന്നു. നേരത്തെ മറ്റുള്ളവർക്കായി കടന്നു പോകാൻ മാറി നിന്ന ഈ നിലപാട് എന്തുകൊണ്ട് വാഹനം ഓടിക്കുമ്പോളും സ്വീകരിക്കുന്നില്ല?. എത്ര പെട്ടെന്നാണ് മനുഷ്യൻ മാറിപ്പോകുന്നത്. ആശുപത്രികളിൽ എത്ര  ആളുകളാണ്  കൈകാലുകൾ ഒടിഞ്ഞു തൂങ്ങി കിടക്കുന്നത്. കൂടുതലും അമിത വേഗത തന്നെ. സ്വന്തത്തോട് മയം കാണിക്കൂ. നിങ്ങളുടെ വാഹനങ്ങളോടും മയം കാണിക്കൂ. അതിനു താങ്ങാൻ കഴിയാത്ത വിധം അതിനെ ഉപയോഗിക്കരുത്. നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കൂ. ഗതാഗത കാര്യങ്ങളിൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുക. അമിത വേഗത ആപത്തിലേക്കാണ് എത്തിക്കുക. എന്തിന് നാം സ്വയം നാശം വലിച്ചു വെക്കണം ? എന്തിനു നാം മറ്റുള്ളവരെ ദ്രോഹിക്കണം?

© M Nazar Madani

കുടിക്കുമ്പോഴുള്ള മര്യാദകൾ

അനസ്‌(റ)വൽ നിന്ന് നിവേദനം: നബി(സ)കുടിക്കുമ്പോൾ മൂന്ന് പ്രാവശ്യമായി ശ്വാസം വിടാറുണ്ട് (മുത്തഫഖുൻ അലൈഹി) (മൂന്നു പ്രാവശ്യമായിക്കൊണ്ടും, പാത്രത്തിന് പുറത്ത് മൂന്ന് പ്രാവശ്യം ശ്വാസംവിട്ടു കൊണ്ടുമായിരുന്നു കുടിച്ചിരുന്നത് )

അബൂ ഖതാദ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വസിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു, (മുത്തഫഖുൻ അലൈഹി)

അനസ്‌(റ)വൽ നിന്ന് നിവേദനം: "ഒരിക്കൽ നബി(സ)ക്ക് വെള്ളം കലർത്തിയ പാൽ നൽകപ്പെട്ടു, വലതുഭാഗത്ത് ഗ്രാമീണനായ ഒരു അറബിയും ഇടതു ഭാഗത്ത് അബൂബക്കർ(റ)വും ഉണ്ടായിരുന്നു, നബി(സ)കുടിച്ചതിനു ശേഷം ഗ്രാമീണനു നൽകിക്കൊണ്ട് പറഞ്ഞു : 'വലതു ഭാഗത്തുള്ളവർക്ക് മുൻഗണന നൽകേണ്ടതാണ്'."(ബുഖാരി,മുസ്‌ലിം)

© റിയാദുസ്വാലിഹീൻ

മഴയില്ലാതായാൽ....!

നാം അധിവസിക്കുന്ന ഭൂമിയിൽ ഉപരിലോകത്തു നിന്നും മഴ വർഷിക്കാതായാൽ ജീവന് തന്നെ നിലനിൽക്കാൻ കഴിയാത്ത അവസ്ഥ വരും. അതിനു എവിടെയാണ് പരാതിപ്പെടുക? ആദരണീയ ഗുരു വെളിയംകോട് കെ. ഉമർ മൗലവി റഹിമഹുല്ലാഹ് തന്റെ പ്രസംഗത്തിൽ പറയുമായിരുന്നു : 'കൂട്ടരേ മുനിസിപ്പാലിറ്റിയുടെ പൈപ്പ്‍ ലൈനിൽ വെള്ളമില്ലെങ്കിൽ നമുക്ക് അവരുടെ ഓഫീസിൽ പരാതിപ്പെടാം. എന്നാൽ അവർ വെള്ളമെടുക്കുന്ന പുഴയിലോ കിണറിലോ വെള്ളമില്ലെങ്കിൽ ആരോടാണ് നാം പരാതിപ്പെടുക? ദുനിയാവിൽ ആരോടും പരാതിപ്പെട്ടിട്ടു കാര്യമില്ല. നമുക്ക് വെള്ളം തരാൻ അവർ നിസ്സഹായരാണ്. പടച്ചവനോട് പരാതിപ്പെടിക്കുക തന്നെ. അവനാണ് വെള്ളം തരേണ്ടത്.'

അതെ അതാണ് മഴ. തണുപ്പ് വിടപറയുകയാണ്. മഴ ലഭിക്കേണ്ടതുണ്ട്. അത് ജീവ ജലമാണ്. ഭൂമിയെ ഉണർത്തുന്നത് മഴയിലൂടെയാണ്. മഴ ഇല്ലാതെ വരികയും ഉള്ള വെള്ളം വറ്റിവരളുകയും ചെയ്‌താൽ ജീവൻ എങ്ങനെ നിലനിത്താൻ? ഭൂമിയിൽ നിന്നും എന്ത് ഉൽപ്പാദനം പ്രതീക്ഷിക്കാൻ?

അല്ലാഹുവിലേക്ക് മടങ്ങുക. പാപമോചന പ്രാർത്ഥനകൾ അധികരിപ്പിക്കുക. *"നിങ്ങൾ നിങ്ങളുടെ നാഥനോട് പാപമോചനം തേടുക . തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു. അവൻ നിങ്ങൾക്കു മഴ സമൃദ്ധമായി അയച്ചു തരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവൻ പരിപോഷിപ്പിക്കുകയും, നിങ്ങൾക്കവൻ അരുവികളുണ്ടാക്കിത്തരികയും ചെയ്യും."* (നൂഹ് : 10 -12 )

നാഥാ ഉപകാരപ്രദമായ മഴ നീ ഞങ്ങൾക്ക് വർഷിപ്പിച്ചു തരേണമേ.

اللهم أنت الله، لا إله إلا أنت، أنت الغني ونحن الفقراء، أنزل علينا الغيث ولا تجعلنا من القانطين، اللهم أنت الله، لا إله إلا أنت، أنت الغني ونحن الفقراء، أنزل علينا الغيث ولا تجعلنا من القانطين، اللهم أنزل علينا الغيث ولا تجعلنا من القانطين، اللهم أنزل علينا الغيث ولا تجعلنا من القانطين،
اللهم انشر علينا رحمتك بالسحاب، سحاً وابلاً غدقا مغيثاً هنيئاً مريئاً مجلِّلاً نافعا غير ضار، اللهم لتحيي به البلاد، وتسقي به العباد، وتحيي به ما قد مات، وتردَّ به ما قد فات، وتنعش به الضعيف من عبادك، وتحيي به الميت من بلادك،
اللهم سقيا هنيئة، اللهم سقيا هنيئة، تروى بها القيعان، وتسيل البطان، وتستورق الأشجار، وترخص الأسعار، اللهم إنا نسألك أن لا تردَّنا خائبين، اللهم إنا نسألك أن لا تردَّنا خائبين، اللهم إنا نسألك أن لا تردَّنا خائبين، ولا تقلبنا واجمين، فإنك تنزل الغيث من بعد ما قنطوا، وتنشر رحمتك، وأنت الولي الحميد.
نستغفر الله، نستغفر الله، نستغفر الله، نستغفر الله، اللهم إنا نستغفرك إنك كنت غفاراً، فأرسل السماء علينا مدراراً، وأمددنا بأموال وبنين، واجعل لنا جنات واجعل لنا أنهاراً.
اللهم آمين آمين برحمتك يا ارحم الراحمين

© എം . നാസർ മദനി

സ്നേഹം പങ്കുവെക്കുക

സ്നേഹം പങ്കുവെക്കാനുള്ളതാണ്. നീ ഒരാളെ സ്നേഹിക്കുന്നുവെങ്കിൽ അയാളോട് അത് പറയണമെന്ന് തിരുനബി (സ) പഠിപ്പിക്കുന്നു. അതായത് പരസ്പരം അറിഞ്ഞും പങ്കുവെച്ചുമാകണം സ്നേഹം കൊണ്ടുപോകേണ്ടത് എന്നർത്ഥം. സ്നേഹം എന്ന് കേൾക്കുമ്പോളേക്കും കാമാതുരമായ നോട്ടത്തോടെ കൺപുരികം മേലോട്ട് വളച്ചു കണ്ണിറുക്കി കാണിക്കുന്ന ന്യൂ ജൻ ഒരു അഡാർ ലവ്  എന്ന് അർത്ഥമാക്കരുത്. ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ബാഹ്യമായ മോടിയോ  പുറമേ കെട്ടിവെക്കുന്ന ഭാരമോ, വഴിയിൽ നിന്ന് എറിഞ്ഞു പിടിപ്പിക്കുന്നതോ അല്ല സ്നേഹം. അത് ജീവിതത്തിന്റെ ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉണ്ടാകുന്നത്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കുകയും അത്  മനസ്സിൽ നിന്നും മനസ്സിലേക്ക് പങ്കുവെക്കുകയുമാണ്  നാം ചെയ്യുന്നത്. പങ്കുവെക്കലിലൂടെയും പ്രയോഗത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയണം. മനുഷ്യ മനസ്സിൽ അതിരുകളില്ലാതെ നിർലോഭം നിർഗ്ഗളിക്കേണ്ട  സ്നേഹം പരിശീലനത്തിലൂടെയോ വിലകൊടുത്തോ  സ്വായത്തമാക്കേണ്ട ഒന്നല്ല.  സ്നേഹമെന്നാൽ ആണും പെണ്ണും തമ്മിലുള്ള പ്രണയം മാത്രമാണെന്നാണ് ചിലർ ധരിച്ചു വെച്ചിരിക്കുന്നത്.  ഇത്തരത്തിൽ ചിന്തിക്കുന്നവർ യഥാർത്ഥത്തിൽ സ്നേഹത്തിന്റെ വിലയറിഞ്ഞു ആരെയും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയാത്തവരാണ്. അവർ ഭാവനയുടെ മറ്റേതോ ലോകത്ത്  ചുറ്റിക്കറങ്ങുന്നവരാണ്. ജീവിത യാഥാർഥ്യത്തിന്റെ ആഴിയിലേക്കു ഊളിയിട്ടിറങ്ങാൻ അവർ അശക്തരാണ്.  

യഥാർത്ഥ സ്നേഹമെന്നത് സത്യസന്ധമാണ്. അതാണ് നാം കണ്ടെത്തേണ്ടത്. സത്യസന്ധമല്ലാത്തതിനായി സമയം കളയരുത്. തന്റെ പത്തു മക്കളിൽ ഒരാളെപ്പോലും ഇന്നേ വരെ സ്നേഹ ചുംബനം നല്കിയിട്ടില്ലാത്ത ഒരു മനുഷ്യന്റെ മുന്നിൽ വെച്ച്  കാരുണ്യത്തിന്റെ പ്രവാചകൻ തന്റെ പേരക്കുട്ടിക്ക് സ്നേഹ ചുംബനം നൽകിയപ്പോൾ അന്തം വിട്ടു അന്ധാളിച്ചു പോയ  ആ മനുഷ്യൻ അത്ഭുതത്തോടെ ചോദിച്ചു പ്രവാചകരെ നിങ്ങൾ കുട്ടികളെ ചുംബിക്കുകയോ? അവിടുന്ന് പ്രതിവചിച്ചു: 'അതെ', അപ്പോൾ അയാൾ പറഞ്ഞു : 'അല്ലാഹു തന്നെ സത്യം എനിക്ക് പത്തു മക്കളുണ്ടായിട്ട് അവരിൽ ഒരാളെപ്പോലും ഇന്നേവരെ ഞാൻ ചുംബിച്ചിട്ടില്ല.' "കരുണയില്ലാത്തവന് കരുണ ചൊരിയപ്പെടില്ല" എന്നാണു പ്രവാചകൻ (സ) അയാളോട് മറുപടി പറഞ്ഞത്.  

അതെ സ്നേഹവും കാരുണ്യവും മനസ്സിന്റെ വലിയ ഗുണങ്ങളാണ്.  സ്‌നേഹമാണഖില സാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം.'  എന്ന കവിയുടെ വാക്കു എത്ര അർത്ഥവത്താണ്.  പരസ്പര സ്‌നേഹവും കാരുണ്യവും തുളുമ്പിനില്‍ക്കുന്ന, ഗുണകാംക്ഷയും അനുകമ്പയും നിറഞ്ഞൊഴുകുന്ന, ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന, സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടാകുന്ന  സ്നേഹാർദ്രമായ ഒരു കുടുംബം എത്ര സുന്ദരം. ആ ജീവിതം എത്ര ഭംഗിയുള്ളത്. പുണ്യ നാടായ മക്കയിലെ വർത്തക പ്രമാണിയായിരുന്ന  ബീവി ഖദീജയും (റ), ഖാതിമുന്നബിയായ പുണ്യ റസൂൽ മുഹമ്മദ് മുസ്തഫയും (റ) ഒരുമിച്ചപ്പോൾ സ്നേഹത്തിന്റെ ലോകോത്തര സുന്ദര മാതൃകയുടെ പുതിയ അദ്ധ്യായം കുറിക്കുകയായിരുന്നു. ഓർക്കുമ്പോൾ പോലും അത്തറിന്റെ പരിമളം അടിച്ചു വീശുന്ന വിശുദ്ധമായ സ്നേഹബന്ധം. എന്നാൽ ആ സ്നേഹ ബന്ധത്തെപ്പോലും കച്ചവടവല്ക്കരിക്കാൻ തുനിയുന്ന  ചിലരുടെ നിലപാടുകൾ അപലപനീയമാണ്. മനസ്സ് നിറഞ്ഞു സ്നേഹം ചൊരിയാൻ കഴിയുന്നവർ  ഒത്തു കൂടുന്ന ഒരു സമൂഹവും സ്നേഹ സൗരഭ്യം നിറഞ്ഞതാകും.  അത്തരത്തിലുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനു വേണ്ടി കൂടിയാണ് ദൈവീക പ്രവാചകന്മാർ കടന്നു വന്നത്.
 
'സ്‌നേഹിക്കയുണ്ണി നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്വേഷം ദ്വേഷത്തെ നീക്കീടാ
സ്‌നേഹം നീക്കീടുമോര്‍ക്ക നീ.''

മറ്റുള്ളവർ നമ്മുടെ ശത്രുക്കളെന്നു കരുതി തൊട്ടതിനും പിടിച്ചതിനുമെല്ലാം തമ്മില്‍ തല്ലുകയും കൊലവിളി നടത്തുകയും ചെയ്യുന്ന മനുഷ്യർ ഈ വരികളുടെ സാരം മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ആയുധങ്ങള്‍ കൊണ്ടല്ല, മനസ്സിൽ നിന്ന്  ശത്രുതയും വെറുപ്പും ഒഴിവാക്കി  അഹിംസയും, കരുണയും,  സ്‌നേഹവും കൊണ്ടാണ്  നാം  മണ്ണും മനസ്സും കീഴടക്കേണ്ടത്.

© M Nazer Madani

ഇസ്‌ലാമിലെ വീര മഹിളകൾ


ഇസ്ലാം മതത്തിൽ സ്ത്രീകൾക്ക് ഉള്ള സ്ഥാനത്തെ സംബന്ധിച്ച് ഇക്കാലത്തെ പുതിയ പഠിപ്പുകാരിൽ പലർക്കും വമ്പിച്ച തെറ്റിധാരണകളാണുള്ളത്. മുസ്ലിം സ്ത്രീകൾക്ക് അക്ഷരാഭ്യാസം പാടില്ലെന്നും അവർക്കു കെട്ടിനകത്തുനിന്നും പുറത്തിറങ്ങി സഞ്ചരിക്കുന്നത് മതവിരുദ്ധമാണെന്നും ധരിച്ചു വശായിട്ടുള്ളവർ പുതിയ പഠിപ്പുകാരുടെ കൂട്ടത്തിലും ധാരാളമായിട്ടുണ്ട്. ഇസ്ലാം മതമുണ്ടായി നാല് നൂറ്റാണ്ടു കഴിയുന്നത് വരെ സ്ത്രീകളുടെ ഇടയിൽ ഇന്ന് കാണപ്പെടുന്ന മാതിരി അന്തപ്പുരവാസം നടപ്പില്ലായിരുന്നുവെന്നതിനു ചരിത്ര സംഭവങ്ങൾ സാക്ഷ്യ വഹിക്കുന്നു.

ഒന്നാമതായി ഇസ്ലാം മതം  സ്വീകരിച്ചത് തന്നെ ഒരു സ്ത്രീയായിരുന്നു. ഇസ്ലാം മത പ്രചരണത്തിന്റെ ആരംഭത്തിൽ അവിശ്വാസികളുടെ കഠിനദ്രോഹങ്ങൾ സഹിക്കാൻ നിവർത്തിയില്ലാതെ ആയപ്പോൾ മതത്തിനു വേണ്ടി തങ്ങളുടെ നാടും വീടും ബന്ധുമിത്രാദികളെയും ഉപേക്ഷിച്ചു അബിസീനിയയിലേക്കു പുറപ്പെട്ടു പോയ ഒന്നാമത്തെ മുഹാജിറുകളുടെ കൂട്ടത്തിൽ സ്ത്രീകളും ഉൾപ്പെട്ടതായി കാണുന്നുണ്ട്.  ഇസ്ലാം മതത്തിനു വേണ്ടി ആദ്യമായി മരിക്കേണ്ടി വന്നത് സുപ്രസിദ്ധ സഹാബിയായിരുന്ന അമ്മാറിന്റെ പിതാവായിരുന്നു യാസിറും മാതാവായിരുന്ന സുമയ്യയുമാണ്. നബിയെ തങ്ങളുടെ സ്ത്രീകളെയും  കുഞ്ഞുങ്ങളെയും രക്ഷിക്കുന്നത് പോലെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു കൊള്ളാമെന്നു അഖബായിൽ വെച്ച് ഉടംബടി ചെയ്ത എഴുപത്തിയഞ്ച് മദീനക്കാരുടെ കൂട്ടത്തിൽ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. ഒന്നാമത് ഇസ്ലാം മതം സ്വീകരിച്ച  ഖദീജ തന്റെ ധനം ഇസ്ലാമിന്റെ പല വിഷമഘട്ടങ്ങളിലും അനുയായികൾക്ക് അത്യന്തം ഉപകാരപ്രദമാംവണ്ണം ഉദാരതയോടെ ചെലവഴിച്ചിട്ടും ഉണ്ട്.

ഇതിൽ നിന്നൊക്കെ സ്ത്രീകൾ ആരംഭ കാലങ്ങളിൽ ഇസ്ലാം മത പ്രചചരണത്തിനു വേണ്ടി ആത്മാർത്ഥമായി അക്ഷീണപരിശ്രമങ്ങൾ ചെയ്യുകയും അവരുടെ ജീവിതവും ധനവും രക്തവും അതിനായി ബലി കഴിക്കുകയും ചെയ്തിരുന്നു എന്ന് തെളിയുന്നുണ്ടല്ലോ.
മുസ്ലിങ്ങൾ അക്കാലത്തു യുദ്ധങ്ങൾക്ക് പോകൂന്ന അവസരങ്ങളിൽ സ്ത്രീകളെ കൂടി കൊണ്ടുപോകുന്ന പതിവും ഉണ്ടായിരുന്നു. മുസ്ലിം ഭടന്മാർക്ക് സ്ത്രീകളിൽ നിന്നും നിസ്തുലങ്ങളായ ഉപകാരങ്ങളാണ് യുദ്ധസ്ഥലങ്ങളിൽ വെച്ച് ഉണ്ടായിട്ടുള്ളത്. മുറിവേറ്റവരെ ശ്രുശ്രുഷിക്കുക, ധൈര്യം ക്ഷയിച്ചു പിന്തിരിഞ്ഞു ഓടുന്ന ധൈര്യം പകർന്നു കൊടുത്തു അവരെ വീണ്ടും പോർക്കളത്തിലേക്കയക്കുക മുതലായവയായിരുന്നു സ്ത്രീകൾ ചെയ്തിരുന്ന കൃത്യങ്ങൾ. ഇതിനു പുറമെ സ്ത്രീകൾ പല പ്രാവശ്യവും പുരുഷന്മാർക്കൊപ്പവും കവചാദി ആയുധങ്ങൾ ധരിച്ചു പോർക്കളങ്ങളിൽ ഇറങ്ങി സധീരം പോരാടിയിട്ടുമുണ്ട്.

© വക്കം മൗലവിയുടെ ദീപികയിൽ നിന്നും -1932

അന്ത്യസമയം എപ്പോഴാണ്?

"(നബിയേ), ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.  നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌? നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)" [അദ്ധ്യായം 79 നാസിയാത്ത്‌ 42 - 46]

അന്ത്യനാളിനെപപറ്റി ഖുര്‍ആനും, നബി (സ്വ)യും സാധാരണ ഓര്‍മിപ്പിക്കാറും താക്കീതു ചെയ്യാറുമുണ്ടല്ലോ. എന്നാല്‍, അത് എപ്പോഴാണ് ഉണ്ടാകുക എന്നു നിഷേധികള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കും. അതിനുള്ള മറുപടിയാണിത്. മറുപടിയുടെ താല്‍പര്യം ഇതാണ് : അത് എപ്പോഴാണെന്നു നബി (സ്വ)ക്കോ മറ്റാര്‍ക്കെങ്കിലുമോ അറിഞ്ഞുകൂട. അല്ലാഹുവിനു മാത്രം അറിയാവുന്നതും അവന്‍ ആര്‍ക്കും അറിയിച്ചുകൊടുക്കാത്തതുമായ ഒരു പരമ രഹസ്യമാണ്. എന്നാല്‍, നബി (സ്വ)യോട് അതിനെക്കുറിച്ചു അവര്‍ ചോദിക്കുന്നതു കണ്ടാല്‍, നബി (സ്വ)ക്ക് അതു സംബന്ധിച്ചു വല്ല അറിവുമുണ്ടെന്നു തോന്നിപ്പോകും.  (يسألونك كأنك حفى عنها) അല്ലാഹു അറിയിച്ചു കൊടുക്കാതെ അവിടുത്തേക്ക്‌ എന്തറിയാനാണ്?! അല്ലാഹുവിന്റെ കല്‍പനപ്രകാരം അതിനെക്കുറിച്ചു ഭയപ്പെടുന്നവര്‍ക്ക് തിരുമേനി അതിനെപ്പറ്റി താകീതു നല്‍കുന്നുവെന്നുമാത്രം. എത്ര ഓര്‍മിപ്പിച്ചിട്ടും ഭയപ്പാടുവരാത്തവരെ താക്കീതു ചെയ്തിട്ട് ഫലമില്ലല്ലോ. വാസ്തവത്തില്‍, അതിന്റെ സമയത്തെക്കുറിചല്ല, അതിന്‍റെ ഗൗരവത്തെക്കുറിച്ചാണ് അവര്‍ അന്വേഷിക്കേണ്ടത്. കാരണം, അത് സംഭവിക്കുമ്പോള്‍ അവരുടെ പരമലക്ഷ്യമായിരുന്ന ഐഹിക ജീവിതത്തില്‍ അവര്‍ കേവലം ഒരു പകലിന്‍ന്റെ സന്ധ്യാസമയത്തോളം, അല്ലെങ്കില്‍ അതിന്‍റെ രാവിലത്തെ സമയത്തോളം മാത്രമേ താമസിച്ചിട്ടുള്ളുവെന്ന് അവര്‍ക്ക് തോന്നും. അത്രയും ഭയങ്കരമായിരിക്കും അത്. അന്ത്യമില്ലാത്ത ഒരു ജീവിതത്തിന്റെ തുടക്കമായിരിക്കും അത്.

© അമാനി മൗലവി