"(നബിയേ), ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്? നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)" [അദ്ധ്യായം 79 നാസിയാത്ത് 42 - 46]
അന്ത്യനാളിനെപപറ്റി ഖുര്‍ആനും, നബി (സ്വ)യും സാധാരണ ഓര്‍മിപ്പിക്കാറും താക്കീതു ചെയ്യാറുമുണ്ടല്ലോ. എന്നാല്‍, അത് എപ്പോഴാണ് ഉണ്ടാകുക എന്നു നിഷേധികള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കും. അതിനുള്ള മറുപടിയാണിത്. മറുപടിയുടെ താല്‍പര്യം ഇതാണ് : അത് എപ്പോഴാണെന്നു നബി (സ്വ)ക്കോ മറ്റാര്‍ക്കെങ്കിലുമോ അറിഞ്ഞുകൂട. അല്ലാഹുവിനു മാത്രം അറിയാവുന്നതും അവന്‍ ആര്‍ക്കും അറിയിച്ചുകൊടുക്കാത്തതുമായ ഒരു പരമ രഹസ്യമാണ്. എന്നാല്‍, നബി (സ്വ)യോട് അതിനെക്കുറിച്ചു അവര്‍ ചോദിക്കുന്നതു കണ്ടാല്‍, നബി (സ്വ)ക്ക് അതു സംബന്ധിച്ചു വല്ല അറിവുമുണ്ടെന്നു തോന്നിപ്പോകും. (يسألونك كأنك حفى عنها) അല്ലാഹു അറിയിച്ചു കൊടുക്കാതെ അവിടുത്തേക്ക് എന്തറിയാനാണ്?! അല്ലാഹുവിന്റെ കല്‍പനപ്രകാരം അതിനെക്കുറിച്ചു ഭയപ്പെടുന്നവര്‍ക്ക് തിരുമേനി അതിനെപ്പറ്റി താകീതു നല്‍കുന്നുവെന്നുമാത്രം. എത്ര ഓര്‍മിപ്പിച്ചിട്ടും ഭയപ്പാടുവരാത്തവരെ താക്കീതു ചെയ്തിട്ട് ഫലമില്ലല്ലോ. വാസ്തവത്തില്‍, അതിന്റെ സമയത്തെക്കുറിചല്ല, അതിന്‍റെ ഗൗരവത്തെക്കുറിച്ചാണ് അവര്‍ അന്വേഷിക്കേണ്ടത്. കാരണം, അത് സംഭവിക്കുമ്പോള്‍ അവരുടെ പരമലക്ഷ്യമായിരുന്ന ഐഹിക ജീവിതത്തില്‍ അവര്‍ കേവലം ഒരു പകലിന്‍ന്റെ സന്ധ്യാസമയത്തോളം, അല്ലെങ്കില്‍ അതിന്‍റെ രാവിലത്തെ സമയത്തോളം മാത്രമേ താമസിച്ചിട്ടുള്ളുവെന്ന് അവര്‍ക്ക് തോന്നും. അത്രയും ഭയങ്കരമായിരിക്കും അത്. അന്ത്യമില്ലാത്ത ഒരു ജീവിതത്തിന്റെ തുടക്കമായിരിക്കും അത്.
© അമാനി മൗലവി