പരലോകം അഥവാ മഹ്ശറിലെ വിചാരണ!! അന്ന് മൂല്യം നഷ്ടപ്പെട്ട അമലിന്റെ കെട്ടുകളുമായിട്ട് മനുഷ്യൻ നെട്ടോട്ടമോടുന്ന ദുരവസ്ഥ എത്ര പരിതാപകരമായിരിക്കും! ആ വിചാരണയെക്കുറിച്ച് അല്ലാഹു ഖുർആനിൽ പലയിടങ്ങളിലായി നമ്മെ ഓർമ്മപ്പെടുത്തുന്നു.
"നന്മയായും തിന്മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക) . തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ)യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്കുന്നു. അല്ലാഹു (തന്റെ) ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു." [അദ്ധ്യായം 3 ആലു ഇംറാൻ 30]
നബി (സ) പറഞ്ഞു : "മൂന്ന് സന്ദർഭങ്ങളിൽ ഒരാളും മറ്റൊരാളെക്കുറിച്ച് ഓർക്കുകയില്ല.
1. നന്മതിന്മകൾ തൂക്കുന്ന തുലാസിനടുത്ത് വെച്ച്. ആ സമയം തന്റെ തുലാസിൽ തൂങ്ങുന്നത് നന്മയാണൊ തിന്മയാണൊ എന്ന ആശങ്കയിലായിരിക്കും അയാൾ.
2. കർമ്മപുസ്തകങ്ങൾ കയ്യിൽ കിട്ടുമ്പോൾ. വലതു കയ്യിലാണൊ ഇടതു കയ്യിലാണൊ അത് കിട്ടുക എന്നതായിരിക്കും അവന്റെ ഭയം.
3. നരകത്തിന്ന് അഭിമുഖമായ പാലം കടന്നു പോകേണ്ടി വരുമ്പോൾ." [അബൂദാവൂദ്]
അന്ന് ഓരോ വ്യക്തിയുടേയും കണ്മുമ്പിൽ സ്വന്തം കർമ്മങ്ങളും അവയുടെ ധാർമ്മിക ഫലങ്ങളും സുവ്യക്തമാകും. സൽകർമ്മങ്ങൾക്ക് സൽഫലം. ദുഷ്കർമ്മങ്ങൾക്ക് ദുഷ്ഫലം. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ജീവിതത്തിലുണ്ടായിരിക്കേണ്ട ജാഗ്രത; അതേ സമയം അല്ലാഹുവിന്റെ ദയാദാക്ഷിണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ. ഇവ സ്വീകരിച്ച് സ്വർഗ്ഗസ്ഥാനത്തിന്ന് അർഹനാവുക. ഇവയെ ധിക്കരിച്ച് നരകശിക്ഷ ഏറ്റുവാങ്ങാതിരിക്കുക.
© എ ജമീല ടീച്ചർ