"സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍." [അദ്ധ്യായം 49 ഹുജുറാത് 11]
വ്യക്തികൾക്കിടയിലും സമൂഹങ്ങൾക്കിടയിലും ഭിന്നതയും ശത്രുതയും ഉണ്ടാകുവാൻ കാരണമാക്കുന്ന നിസ്സാര വിഷയങ്ങൾ വരെ അല്ലാഹു ഇവിടെ വിരോധിക്കുന്നു. ജനവിഭാഗം എന്ന് പറഞ്ഞതിൽ മഹത്തായ തത്വം ദർശ്ശിക്കാം. അതായത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പരിഹസിച്ചാൽ ഉണ്ടാവുന്നതിനേക്കാൾ വലിയ അപകടമാണ് ഒരു രാഷ്ട്രം അല്ലെങ്കിൽ ഒരു ജാതി മറ്റൊരു രാഷ്ട്രത്തേയോ ജാതിയേയോ പരിഹസിച്ചാൽ ഉണ്ടാവുക. നിങ്ങൾ അന്യോന്യം എന്ന പ്രയോഗം മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടേ സന്താനങ്ങളാണെന്ന തത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു.
അതുപോലെ ഒരാൾ തൃപ്തിപ്പെടാത്തതും മറ്റുള്ളവർ നൽകിയതുമായ പേരുകൾ വിളിക്കുവാനും പാടില്ല. ആ പേർ വിളിച്ചാലെ തിരിച്ചറിയൂ എന്ന നിർബന്ധിതാവസ്ഥയുണ്ടെങ്കിൽ അവ ഉപയോഗിക്കുന്നതിനു വിരോധമില്ല. അഭിമുഖമായി ഒരു സന്ദർഭത്തിലും അവർ വെറുക്കുന്ന പേരാണെങ്കിൽ വിളിക്കാൻ പാടില്ല.
✍അബ്ദുസ്സലാം സുല്ലമി