"നബിയേ, താങ്കള്‍ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും പറയുക.'' (വി.ഖു 24:30-31)
അനാവശ്യത്തിലേക്കും അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക. പ്രഥമ നോട്ടത്തില്‍ തനിക്ക് കാണാന്‍ പറ്റാത്ത ആളോ വസ്തുവോ ആണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട് തുടര്‍ന്ന് നോക്കാതിരിക്കുക എന്നൊക്കെയാണ് ദൃഷ്ടി താഴ്ത്തുക എന്നതുകൊണ്ടുദ്ദേശ്യം. അബ്ദുല്ലാഹില്‍ ബജലി(റ) പറയുന്നു: പെട്ടെന്നുള്ള അവിചാരിതമായ നോട്ടത്തെപ്പറ്റി ഞാന്‍ നബി(സ)യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളാന്‍ കല്പിക്കുകയാണ് ചെയ്തത്. നോട്ടത്തെ നിയന്ത്രിക്കാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കാന്‍ കൂടി കല്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. നോട്ടത്തില്‍ നിന്നാണ് വ്യഭിചാരത്തിലേക്ക് പ്രചോദനമുണ്ടാകുന്നത്.
ദൃഷ്ടിയെ നിയന്ത്രിക്കാന്‍ പുരുഷന്മാരോടും സ്ത്രീയോടും വെവ്വേറെ കല്പിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്. ഏതൊരു കാരണത്തെ മുന്‍നിര്‍ത്തിയാണോ നോട്ടം നിയന്ത്രിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അക്കാര്യത്തില്‍ സ്ത്രീയും പുരുഷനും വ്യത്യാസമില്ലല്ലോ. അബ്ദുല്ലാഹിബിനു ഉമ്മിമക്തും എന്ന അന്ധനായ സ്വഹാബി കടന്നുവന്നപ്പോള്‍ നബി(സ) സ്വന്തം ഭാര്യമാരോട് അകത്തുപോകാന്‍ കല്പിച്ചു. അദ്ദേഹം അന്ധനല്ലേ. ഞങ്ങളെ കാണുകയില്ലല്ലോ എന്ന് അവര്‍ പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: "എന്നാല്‍ നിങ്ങള്‍ രണ്ടുപേരും അന്ധകളല്ലല്ലോ. അങ്ങോട്ട് കാണുകയില്ലേ.'' (അബുദാവൂദ്, തിര്‍മിദി), (തഫ്സീറുല്‍ ഖുര്‍ആന്‍ വാള്യം 3)
"നബിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും അവര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടുവാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്.'' (വി.ഖു 33:59) ഈ ആയത്തിലെ `ജില്‍ബാബ്' എന്ന പദത്തിന്റെ അര്‍ഥ വ്യാപ്തിയില്‍ മൂടുപടം എന്ന് ഉള്‍ക്കൊള്ളുന്നുണ്ട്. അതു വെച്ചുകൊണ്ട് മഹാത്മാക്കളായ ചില പണ്ഡിതന്മാര് സൂക്ഷ്മതയുടെ പേരില്‍ സ്ത്രീ അവളുടെ മുഖംകൂടി മറയ്ക്കേണ്ടതാണെന്നുള്ള നിഗമനത്തിലെത്തിച്ചേര്‍ന്നു. പക്ഷേ, നബി(സ) ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളോട് മുഖം മറയ്ക്കാന്‍ കല്പിച്ചതിന് വ്യക്തമായ തെളിവുകള്‍ ഇല്ല. മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും അക്കാലത്ത് സ്ത്രീകളുടെ മുഖം വെളിവായിരുന്നു എന്നതിലേക്കാണ് കൂടുതല്‍ സൂചനകളുള്ളത്.
ഇബ്നുഅബ്ബാസ്(റ) പറയുന്നു: ``അബ്ബാസിന്റെ മകന് ഫള്ല് വാഹനത്തിന്മേല് നബി(സ)യുടെ പിന്നിലായിരിക്കുന്ന സന്ദര്‍ഭത്തില്‍ ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ നബിയുടെ മുമ്പില്‍ വന്നു. ഫള്ല് അവളുടെ നേര്‍ക്കും അവര്‍ ഫള്ലിന്റെ നേര്‍ക്കും നോക്കാന്‍ തുടങ്ങി. നബി(സ) ഫള്ലിന്റെ മുഖത്തെ മറുവശത്തേക്ക് തിരിച്ചുനിര്‍ത്തി.'' (ബുഖാരി). പര്‍ദയുടെ ആയത്തുകളൊക്കെ അവതരിച്ചതിന് ശേഷമുള്ള ഹജ്ജതുല് വിദാഇല് വെച്ചാണ് ഈ സംഭവം നടക്കുന്നത്. ജംറത്തുല്‍ അഖബയിലെ ഒന്നാമത്തെ ഏറ് കഴിഞ്ഞ് ഇഹ്റാമിലെ ആദ്യത്തെ തഹ്ലീലിലൂടെ വസ്ത്രത്തിലെ നിയമം ഒഴിവാകുകയും ചെയ്തിരുന്ന സന്ദര്‍ഭത്തിലാണത്. ഇബ്നുഹസം(റ) ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് എഴുതിയത് കാണുക: "സ്ത്രീയുടെ മുഖം നഗ്നതയായിരുന്നുവെങ്കില്‍ ജനങ്ങളുടെ മുമ്പില്‍ വെച്ച് അവര്‍ മുഖം വെളിവാക്കിയതിനെ നബി(സ) അംഗീകരിക്കുമായിരുന്നില്ല. തീര്‍ച്ചയായും വസ്ത്രം മുഖത്തിന്റെ മേല്‍ താഴ്ത്തിയിടാന്‍ നബി(സ) കല്പിക്കുമായിരുന്നു. അവള് മുഖം മറച്ചിരുന്നുവെങ്കില്‍ ഇബ്നുഅബ്ബാസിന്(റ) അവള് സുന്ദരിയോ വിരൂപിയോ എന്ന് വേര്‍തിരിച്ച് മനസ്സിലാകുമായിരുന്നില്ല. അതിനാല്‍ മുഖം നഗ്നതയല്ലെന്ന് നാം പറഞ്ഞത് ഉറപ്പായും ശരിയാണ്, അല്ലാഹുവിനാണ് സര്‍വ സ്തുതിയും.'' (അല്‍മുഹല്ല 3:218)
ജാബിര്‍(റ) പറയുന്നു: ``പ്രവാചകന്റെ കൂടെ പെരുന്നാള്‍ നമസ്കാരത്തില്‍ ഞങ്ങള്‍ പങ്കെടുത്തു. ശേഷം നബി(സ) മുന്നോട്ടുനീങ്ങി സ്ത്രീകളുടെ അടുത്തുചെന്ന് പ്രത്യേകം ഉത്ബോധിപ്പിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യണം. നിങ്ങളില്‍ അധികപേരും നരകാഗ്നിയില്‍ കത്തിയെരിയുന്നവരാകുന്നു. അപ്പോള്‍ സ്ത്രീകളുടെ മധ്യത്തില്‍ നിന്ന് ഇരുകവിളുകളിലും കറുത്ത പുള്ളിയുള്ള ഒരു മഹതി എഴുന്നേറ്റുനിന്ന് നബി(സ)യോട് ചോദിച്ചു: എന്തുകൊണ്ട് പ്രാവചകരേ?'' (മുസ്ലിം 886). `സഫ ആഉല് ഖൈദനി' എന്നാണ് ഹദീസില്‍ പറയുന്നത്. കവിളില്‍ കറുത്ത പുള്ളിയുള്ള എന്നാണ് ഇമാം നവവി(റ) ഇതിന് അര്‍ഥം പറയുന്നത്. (ശറഹുല്‍ മുസ്ലിം 3-444) വസ്ത്രധാരണത്തിന്റെ നിയമം വന്നതിന് ശേഷവും സ്വഹാബാ വനിതകള്‍ മുന്കയ്യും മുഖവും ബാക്കിവെയ്ക്കുന്നു. ഇസ്ലാമിക വേഷമല്ലാതെ മുഖം മറച്ചിരുന്നില്ല എന്നതിന് ഈ സംഭവം തെളിവാകുന്നു. സ്ത്രീകളുടെ നിയമ വിഷയത്തില്‍ ഏറെ കര്‍ക്കശക്കാരനായിരുന്നു ഉമര്‍(റ). അദ്ദേഹത്തിന്റെ ഭരണകാലത്തും സ്ത്രീകള്‍ മുഖം മറച്ചിരുന്നില്ല.
✍ജമീല ടീച്ചർ എടവണ്ണ