ബഹുമാന്യനായ ഷെയ്ഖ് ഡോക്ടർ മഹ്‌മൂദ് അൽ മുബാറക്ക് ഹഫൂഫിലെ വലിയ പള്ളിയായ ഇമാം തുർക്കി ജുമാ മസ്ജിദിൽ (2018/feb/09) നടത്തിയ ഖുതുബ ശ്രദ്ധേയമായിരുന്നു. ട്രാഫിക് നിയമങ്ങൾ പാലിക്കുക എന്നതായിരുന്നു വിഷയം. ഒരു മുസ്ലിം ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണെന്നും തന്റെ ജീവനോ അന്യന്റെ ജീവനോ ഹനിക്കൽ ഇസ്‌ലാം നിഷിദ്ധമാക്കിയതാണെന്നും എന്നാൽ അതെല്ലാം അംഗീകരിക്കുന്ന നാം അമിത വേഗതിയിൽ വാഹനം ഓടിച്ചു സ്വന്തം ജീവനും അപരന്റെ ജീവനും ഹനിക്കുന്നു എന്നും തെളിവുകളുടെ പിൻബലത്തോടെ അദ്ദേഹം സംസാരിച്ചു. ഈ നാട്ടിൽ ഒരു ദിവസത്തിൽ 20 ഓളം മരണങ്ങൾ ഇതുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നും ചില കുടുംബങ്ങളുടെ വീടിന്റെ വാതിൽ എന്നന്നേക്കും അടക്കപ്പെടുന്ന വിധം ആ കുടുംബത്തിലെ എല്ലാവരും വാഹനാപകടത്തിൽ മരണപ്പെട്ട വിവരവും അദ്ദേഹം സൂചിപ്പിച്ചു.
സാധാരണ ഒരു വാതിലിലൂടെ പുറത്തേക്കു പോകാൻ നിൽക്കുന്നവർ തന്റെ കൂടെയും പിന്നിലും ഉള്ള ആളുകളോട് നിങ്ങൾ ആദ്യം കടക്കൂ എന്ന് പറഞ്ഞു അവർക്കായി അവസരം ഒഴിഞ്ഞു കൊടുക്കുന്ന ആളുകൾ തങ്ങളുടെ വാഹനത്തിൽ കയറിയാൽ മറ്റുള്ളവരെ പോകാൻ അനുവദിക്കാതെ വേഗതയിൽ മറികടക്കാൻ ശ്രമിക്കുന്നു. നേരത്തെ മറ്റുള്ളവർക്കായി കടന്നു പോകാൻ മാറി നിന്ന ഈ നിലപാട് എന്തുകൊണ്ട് വാഹനം ഓടിക്കുമ്പോളും സ്വീകരിക്കുന്നില്ല?. എത്ര പെട്ടെന്നാണ് മനുഷ്യൻ മാറിപ്പോകുന്നത്. ആശുപത്രികളിൽ എത്ര ആളുകളാണ് കൈകാലുകൾ ഒടിഞ്ഞു തൂങ്ങി കിടക്കുന്നത്. കൂടുതലും അമിത വേഗത തന്നെ. സ്വന്തത്തോട് മയം കാണിക്കൂ. നിങ്ങളുടെ വാഹനങ്ങളോടും മയം കാണിക്കൂ. അതിനു താങ്ങാൻ കഴിയാത്ത വിധം അതിനെ ഉപയോഗിക്കരുത്. നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കൂ. ഗതാഗത കാര്യങ്ങളിൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുക. അമിത വേഗത ആപത്തിലേക്കാണ് എത്തിക്കുക. എന്തിന് നാം സ്വയം നാശം വലിച്ചു വെക്കണം ? എന്തിനു നാം മറ്റുള്ളവരെ ദ്രോഹിക്കണം?
© M Nazar Madani