"അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ. ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, _'അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ'_ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം." [അദ്ധ്യായം 78 നബ അ് 39,40]
അന്നത്തെ ഭയങ്കരതയും കഠിനശിക്ഷകളും കാണുമ്പോള്‍ അവിശ്വാസികള്‍ കൊതിച്ചു പോകും, 'തങ്ങള്‍ മനുഷ്യരായി സൃഷ്ടിക്കപ്പെടാതെ വെറും മണ്ണായിരുന്നുവെങ്കില്‍ നന്നായേനെ! എന്നാല്‍ ഇതൊന്നും അനുഭവിക്കേണ്ടിവരികയില്ലായിരുന്നുവല്ലോ?' എന്നൊക്കെ. അബൂഹുറൈറ (റ) യില്‍ നിന്നും ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "എല്ലാസൃഷ്ടികളും ഖിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടപ്പെടും. കാലികളും പറവകളും ഇതര ജീവികളുമെല്ലാം തന്നെ. അങ്ങനെ കൊമ്പില്ലാത്തവര്‍ക്ക് കൊമ്പുള്ള ജീവികളില്‍ നിന്നു പ്രതികാരം എടുത്തു കൊള്ളത്തക്കവണ്ണം അല്ലാഹു നടപടിയെടുക്കും. പിന്നീട് അവയോട് അല്ലാഹു ‘നിങ്ങള്‍ മണ്ണായികൊള്ളുക’ എന്ന്പറയും. അപ്പോഴാണ് അവിശ്വാസിയായവന്‍ ‘അയ്യോ,ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ!’ എന്ന്പറയുക" (ابن جرير وابن المنذر والبيهقي وأبي حاتم)
© അമാനി മൗലവി