"അല്ലയോ മനുഷ്യാ! ഉദാരനായ നിന്റെ രക്ഷിതാവിനെ സംബന്ധിച്ച് നിന്നെ വഞ്ചിച്ച കാര്യമെന്താണ്?" [അദ്ധ്യായം 82 ഇൻഫിത്വാർ 6]
👆🏻ഇതൊരു ചോദ്യമല്ല, മറിച്ച് ദൈവം ഔദാര്യമുള്ളവനും വിട്ടുവീഴ്ച ചെയ്യുന്നവനും ആയതുകൊണ്ടാണ് മനുഷ്യൻ ദൈവവുണ്ടോ എന്ന വിഷയത്തിൽ സംശയിക്കുവാനും അവസാനം ദൈവമില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്ന് ചതിയിലും വഞ്ചനയിലും വീഴുവാനും പ്രധാന കാരണമെന്ന് അല്ലാഹു ഇവിടെ ഉണർത്തുകയാണ്.
ഇമാം റാസി (റ) എഴുതുന്നു : 'നീ അല്ലാഹുവിന്റെ വിവേകത്തേയും കാരുണ്യത്തേയും മനസ്സിലാക്കാൻ ശരിക്കും ശ്രമിച്ചിട്ടില്ല. പാപികളെ അവൻ ഈ ലോകത്ത് വെച്ച് ശിക്ഷിക്കാതെ വിടുകയും അവർക്കും അവൻ സാമ്പത്തികവും ശാരീരികവുമായ പുരോഗതി നൽകുകയും ചെയ്തപ്പോൾ നീ നിന്റെ നാഥന്റെ ഉദാരതയേയും ഔദാര്യത്തേയും തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണ നിന്നെ വഞ്ചനയിൽ ചാടിച്ചു. നീ ഇങ്ങനെ ചിന്തിച്ചു : 'ലോകത്തിനു ഒരു നീതിമാനായ സൃഷ്ടാവ് ഉണ്ടായിരുന്നെങ്കിൽ ഇതെങ്ങനെ സംഭവിച്ചു?'! എന്നാൽ പാപികളെ ഇവിടെ വെച്ച് ഉടൻ ശിക്ഷിക്കാതിരുന്നത് ദൈവത്തിന്റെ ഉദാരതയും വിട്ടുവീഴ്ചയും കൊണ്ടാണ്. അവർക്ക് ഭൗതികസുഖങ്ങൾ നൽകിയത് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ്.' (റാസി)
© അബ്ദുസ്സലാം സുല്ലമി
📖ഖുർആനിന്റെ വെളിച്ചം