"സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : 'നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക'." [അദ്ധ്യായം 9 തൗബ 35]
സ്വത്തും പണവും കുന്നുകൂട്ടി വെച്ച് അതിന്റെ വളർച്ച സ്തംഭിപ്പിക്കുന്ന മുതലാളിത്ത ചൂഷണത്തെയാണ് മേൽവചനത്തിൽ അല്ലാഹു കടന്നാക്രമിക്കുന്നത്. സ്വത്തും ധനവും സമൂഹത്തിന്റെ വളർച്ചക്ക് ഉപയുക്തമാകും വിധം ഒഴുക്കിക്കൊണ്ടിരിക്കണമെന്ന ധനതത്വമാണ് ഖുർആൻ അവതരിപ്പിക്കുന്നത്. ക്ഷേമമാർഗങ്ങളിലുള്ള ധനവിനിയോഗം ദൈവമാർഗത്തിലുള്ള ചെലവിടലാണെന്ന ആശയം പ്രസക്തമാണ്. സ്വർണം, വെള്ളി, ഭൂസ്വത്ത്, ബാങ്ക്നിക്ഷേപം എന്നിങ്ങനെ ഏതുവിധേനയായാലും ശരി, ഉത്പാദനക്ഷമമല്ലെങ്കിൽ അത്തരം നിക്ഷേപങ്ങൾ അനീതിയും അക്രമവുമാണ്. പ്രകൃതിവിഭവങ്ങളേയും മനുഷ്യന്റെ അദ്ധ്വാനത്തേയും മുതലിറക്കി സ്വരൂപിക്കുന്ന എല്ലാ ധനവും സമൂഹത്തിലെ താഴെത്തട്ടു വരെ നീതിപൂർവം വിതരണം ചെയ്യപ്പെടുന്നില്ലെങ്കിൽ അത് സാമ്പത്തിക അസമത്വം സൃഷ്ടിക്കും. ന്യായമായി ചെലവഴിക്കാതെ സ്വത്ത് കേന്ദ്രീകരിക്കുന്നവർക്ക് കഠോരശിക്ഷ ലഭിക്കും.
✍ മുജീബുറഹ്മാൻ കിനാലൂർ