ഇസ്ലാം മതത്തിൽ സ്ത്രീകൾക്ക് ഉള്ള സ്ഥാനത്തെ സംബന്ധിച്ച് ഇക്കാലത്തെ പുതിയ പഠിപ്പുകാരിൽ പലർക്കും വമ്പിച്ച തെറ്റിധാരണകളാണുള്ളത്. മുസ്ലിം സ്ത്രീകൾക്ക് അക്ഷരാഭ്യാസം പാടില്ലെന്നും അവർക്കു കെട്ടിനകത്തുനിന്നും പുറത്തിറങ്ങി സഞ്ചരിക്കുന്നത് മതവിരുദ്ധമാണെന്നും ധരിച്ചു വശായിട്ടുള്ളവർ പുതിയ പഠിപ്പുകാരുടെ കൂട്ടത്തിലും ധാരാളമായിട്ടുണ്ട്. ഇസ്ലാം മതമുണ്ടായി നാല് നൂറ്റാണ്ടു കഴിയുന്നത് വരെ സ്ത്രീകളുടെ ഇടയിൽ ഇന്ന് കാണപ്പെടുന്ന മാതിരി അന്തപ്പുരവാസം നടപ്പില്ലായിരുന്നുവെന്നതിനു ചരിത്ര സംഭവങ്ങൾ സാക്ഷ്യ വഹിക്കുന്നു.
ഒന്നാമതായി ഇസ്ലാം മതം സ്വീകരിച്ചത് തന്നെ ഒരു സ്ത്രീയായിരുന്നു. ഇസ്ലാം മത പ്രചരണത്തിന്റെ ആരംഭത്തിൽ അവിശ്വാസികളുടെ കഠിനദ്രോഹങ്ങൾ സഹിക്കാൻ നിവർത്തിയില്ലാതെ ആയപ്പോൾ മതത്തിനു വേണ്ടി തങ്ങളുടെ നാടും വീടും ബന്ധുമിത്രാദികളെയും ഉപേക്ഷിച്ചു അബിസീനിയയിലേക്കു പുറപ്പെട്ടു പോയ ഒന്നാമത്തെ മുഹാജിറുകളുടെ കൂട്ടത്തിൽ സ്ത്രീകളും ഉൾപ്പെട്ടതായി കാണുന്നുണ്ട്. ഇസ്ലാം മതത്തിനു വേണ്ടി ആദ്യമായി മരിക്കേണ്ടി വന്നത് സുപ്രസിദ്ധ സഹാബിയായിരുന്ന അമ്മാറിന്റെ പിതാവായിരുന്നു യാസിറും മാതാവായിരുന്ന സുമയ്യയുമാണ്. നബിയെ തങ്ങളുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കുന്നത് പോലെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു കൊള്ളാമെന്നു അഖബായിൽ വെച്ച് ഉടംബടി ചെയ്ത എഴുപത്തിയഞ്ച് മദീനക്കാരുടെ കൂട്ടത്തിൽ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. ഒന്നാമത് ഇസ്ലാം മതം സ്വീകരിച്ച ഖദീജ തന്റെ ധനം ഇസ്ലാമിന്റെ പല വിഷമഘട്ടങ്ങളിലും അനുയായികൾക്ക് അത്യന്തം ഉപകാരപ്രദമാംവണ്ണം ഉദാരതയോടെ ചെലവഴിച്ചിട്ടും ഉണ്ട്.
ഇതിൽ നിന്നൊക്കെ സ്ത്രീകൾ ആരംഭ കാലങ്ങളിൽ ഇസ്ലാം മത പ്രചചരണത്തിനു വേണ്ടി ആത്മാർത്ഥമായി അക്ഷീണപരിശ്രമങ്ങൾ ചെയ്യുകയും അവരുടെ ജീവിതവും ധനവും രക്തവും അതിനായി ബലി കഴിക്കുകയും ചെയ്തിരുന്നു എന്ന് തെളിയുന്നുണ്ടല്ലോ.
മുസ്ലിങ്ങൾ അക്കാലത്തു യുദ്ധങ്ങൾക്ക് പോകൂന്ന അവസരങ്ങളിൽ സ്ത്രീകളെ കൂടി കൊണ്ടുപോകുന്ന പതിവും ഉണ്ടായിരുന്നു. മുസ്ലിം ഭടന്മാർക്ക് സ്ത്രീകളിൽ നിന്നും നിസ്തുലങ്ങളായ ഉപകാരങ്ങളാണ് യുദ്ധസ്ഥലങ്ങളിൽ വെച്ച് ഉണ്ടായിട്ടുള്ളത്. മുറിവേറ്റവരെ ശ്രുശ്രുഷിക്കുക, ധൈര്യം ക്ഷയിച്ചു പിന്തിരിഞ്ഞു ഓടുന്ന ധൈര്യം പകർന്നു കൊടുത്തു അവരെ വീണ്ടും പോർക്കളത്തിലേക്കയക്കുക മുതലായവയായിരുന്നു സ്ത്രീകൾ ചെയ്തിരുന്ന കൃത്യങ്ങൾ. ഇതിനു പുറമെ സ്ത്രീകൾ പല പ്രാവശ്യവും പുരുഷന്മാർക്കൊപ്പവും കവചാദി ആയുധങ്ങൾ ധരിച്ചു പോർക്കളങ്ങളിൽ ഇറങ്ങി സധീരം പോരാടിയിട്ടുമുണ്ട്.
© വക്കം മൗലവിയുടെ ദീപികയിൽ നിന്നും -1932