അബൂദറ്(റ) പറയുന്നു: നബി(സ) അല്ലാഹുവില്‍ നിന്ന് നിവേദനം ചെയ്ത് കൊണ്ട് പറയുകയുണ്ടായി:
"എന്റെ ദാസന്‍മാരേ, അക്രമം ഞാന്‍ എന്റെ പേരില്‍ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം കാണിക്കരുത്.
എന്റെ ദാസന്‍മാരേ, ഞാന്‍ വഴികാണിക്കാത്ത നിങ്ങളിലെ മുഴുവനാളുകളും വഴി കേടിലാകുന്നു. അതിനാല്‍ നിങ്ങളെന്നോട് ഹിദായത്ത് ചോദിക്കുക. ഞാന്‍ നിങ്ങളെ വഴികാട്ടാം.
എന്റെ ദാസന്‍മാരേ, ഞാന്‍ അന്നം നല്‍കാത്തവരെല്ലാം പട്ടിണിയിലായിരിക്കും. അതിനാല്‍ നിങ്ങളെന്നോട് അന്നം തേടുക. ഞാന്‍ നിങ്ങള്‍ക്ക് അന്നം നല്‍കാം.
എന്റെ ദാസന്‍മാരെ, ഞാന്‍ വസ്ത്രം നല്‍കാത്തവരെല്ലാം നഗ്നരായിരിക്കും. അതിനാല്‍ നിങ്ങളെന്നോട് വസ്ത്രം ചോദിക്കുക. ഞാന്‍ നിങ്ങള്‍ക്ക് വസ്ത്രം നല്‍കാം.
എന്റെ ദാസന്‍മാരേ, നിങ്ങള്‍ രാവും പകലും തെറ്റുകള്‍ ചെയ്യുന്നു. ഞാന്‍ മുഴുവന്‍ തെറ്റുകളും പൊറുക്കുന്നവനാകുന്നു. അതിനാല്‍ നിങ്ങളെന്നോട് പൊറുക്കലിനെത്തേടൂ. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്ത് തരാം.
എന്റെ ദാസന്‍മാരേ, എന്നെ ഉപദ്രവിക്കുവാനോ എനിക്ക് ഉപകാരം ചെയ്യുവാനോ നിങ്ങള്‍ക്ക് സാധ്യമല്ല.
എന്റെ ദാസന്‍മാരേ, നിങ്ങളിലെ ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ ആളുകളും ജിന്നുകളും മനുഷ്യരും നിങ്ങളിലെ ഏറ്റവും വലിയ ഭക്തന്റെ ഹൃദയമുള്ളവരായി മാറിയാലും അതൊന്നും എന്റെ സാമ്രാജ്യത്തില്‍ യാതൊരു വര്‍ദ്ധനവും വരുത്തുകയില്ല.
എന്റെ ദാസന്‍മാരേ, നിങ്ങളിലെ ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ ആളുകളും ജിന്നുകളും മനുഷ്യരും നിങ്ങളിലെ ഏറ്റവും വലിയ പാപിയെ പോലെയായി മാറിയാലും അതൊന്നും എന്റെ സാമ്രാജ്യത്തില്‍ യാതൊരു കുറവും വരുത്തുകയില്ല.
എന്റെ ദാസന്‍മാരേ, നിങ്ങളിലെ ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ ആളുകളും ജിന്നുകളും മനുഷ്യരും ഒരു മൈതാനത്ത് ഒത്ത്കൂടി എല്ലാവരും എന്നോട് വിവിധ ആവശ്യങ്ങളുന്നയിക്കുകയും ഞാനത് നല്‍കുകയും ചെയ്താലും സമുദ്രത്തില്‍ സൂചി കടത്തി എടുത്താലുള്ളത്ര പോലും അത് കുറവ് വരുത്തുകയില്ല.
എന്റെ ദാസന്‍മാരേ, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ക്രോഡീകരിച്ച് വെക്കുകയും അവസാനം നിങ്ങള്‍ക്ക് പരിപൂര്‍ണമായി പ്രതിഫലം നല്‍കുന്നതുമാണ്. ആരെങ്കിലും സന്തോഷകരമായത് കണ്ടാല്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യട്ടെ. മറിച്ചാണെങ്കില്‍ സ്വയം ആക്ഷേപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല."
(മുസ്‌ലിം)