"ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം." [അദ്ധ്യായം 22 ഹജ്ജ് 11]
മതത്തിൽ അടിയുറപ്പും വിശ്വാസത്തിൽ സ്ഥിരതയുമില്ലാതെ അല്ലാഹുവിനു ഇബാദത്ത് ചെയ്യുന്ന ചിലരെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഇവരുടെ വിശ്വാസവും ആരാധനകളുമെല്ലാം അപ്പപ്പോൾ തങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതികൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. മതത്തിന്റെ ഉള്ളിലേക്കോ മദ്ധ്യത്തിലേക്കോ അവർ പ്രവേശിക്കുന്നില്ല. നേരേമറിച്ച് അതിന്റെ പുറവക്കിൽ ആടിക്കളിച്ചു കൊണ്ടിരിക്കുകയായിരിക്കും. സുഖസന്തോഷങ്ങളും സൗകര്യങ്ങളുമാണ് അവർക്ക് കൈവരുന്നതെങ്കിൽ അവർ സംതൃപ്തരായി സമാധാനമടയും. തങ്ങളുടെ വിശ്വാസത്തിന്റേയും നടപടിയുടേയും ഗുണഗണങ്ങളെപ്പറ്റി ഒരുപക്ഷേ അവർ ആത്മപ്രശംസ നടത്തുകയും ചെയ്യും. ശാരീരികമോ മാനസികമോ ധനപരമോ ആയ വല്ല ദോഷങ്ങളും അവരെ ബാധിച്ചാൽ അവരുടെ നില പെട്ടെന്ന് അവതാളത്തിലാകുന്നു. അങ്ങനെ അവർ അവിശ്വാസത്തിലേക്കും ദുർന്നടപ്പിലേക്കും വഴുതിപ്പോവുകയും ചെയ്യും. അതേവരെ തങ്ങൾ ആചരിച്ചിരുന്ന നടപടികളെ പഴിക്കുകയും ചെയ്തേക്കും. ചുരുക്കിപ്പറഞ്ഞാൽ അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചു കൊണ്ടിരിക്കുന്നവരാണവർ. ഇത്തരക്കാർക്ക് ഇഹത്തിലും പരത്തിലും നഷ്ടമായിരിക്കും സംഭവിക്കുക.
✍അമാനി മൗലവി