"സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്. 'എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ' എന്ന് നീ പറയുകയും ചെയ്യുക." [അദ്ധ്യായം 20 ത്വാഹ 114]
ഖുർആന്റെ വഹ്‌യുമായി ജിബ്‌രീൽ (അ) വന്ന് ഓതിക്കേൾപ്പിക്കുമ്പോൾ വഹ്‌യ് അവസാനിപ്പിക്കുന്നതിനു മുമ്പേ ധൃതിപ്പെട്ട് ഓതുവാൻ നബി (സ) ശ്രമിച്ചിരുന്നു. മറന്നു പോയേക്കുമോ എന്ന ആശങ്ക നിമിത്തം ജിബ്‌രീൽ (അ) പോകുന്നതിനു മുമ്പായി മന:പാഠമാക്കണമെന്ന ഉദ്ദേശ്യമായിരുന്നു അതിനു നബി (സ)യെ പ്രേരിപ്പിച്ചിരുന്നത്. ഇങ്ങനെ ചെയ്യേണ്ടതില്ലെന്നും അറിവു വർദ്ധിപ്പിച്ചു തരുവാനായി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും അല്ലാഹു നബിയെ ഉപദേശിക്കുന്നു. ഇതിൽ നിന്ന് രണ്ടു കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതാണ്.
1) ഒരാളിൽ നിന്ന് വല്ലതും പഠിക്കുമ്പോൾ അയാൾ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുകയും സാവധാനത്തിൽ പഠിക്കുകയും ചെയ്യേണ്ടതാണ്.
2) അറിവ് മനുഷ്യന് തികയുന്ന ഒന്നല്ല. അറിയുംതോറും കൂടുതൽ അറിയുവാൻ ജിജ്ഞാസയുണ്ടായിരിക്കുകയും കൂടുതൽ അറിവ് ലഭിക്കുവാനായി അല്ലാഹുവോട് പ്രാർത്ഥിക്കുകയും വേണം.
നബി (സ) ഇപ്രകാരം പ്രാർത്ഥിച്ചതായി ഹദീസുകളിൽ വന്നിട്ടുണ്ട് : "അല്ലാഹുവേ, നീ എനിക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതു കൊണ്ട് പ്രയോജനം നൽകേണമേ. എനിക്ക് ഉപകാരമുള്ളത് പഠിപ്പിച്ചു തരേണമേ. എനിക്ക് അറിവ് വർദ്ധിപ്പിച്ച് തരേണമേ. എല്ലാ അവസ്ഥയിലും അല്ലാഹുവിനു സ്തുതി." [തുർമുദി). "ഉപകാരമില്ലാത്ത അറിവ് നൽകരുതേ" എന്ന് നബി (സ) പ്രാർത്ഥിച്ചിരുന്നതായി മറ്റു റിപോർട്ടുകളിൽ വന്നിട്ടുണ്ട്. അജ്ഞാനത്തേക്കാളധികം ദോഷം ചെയ്യുന്നത് പലപ്പോഴും ഉപകാരമില്ലാത്ത അറിവുകളാണെന്ന് നാം ഓർക്കേണ്ടതാകുന്നു.
✍അമാനി മൗലവി