നരകവാസികളുടെ കുറ്റസമ്മതം

"ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു. വലതുപക്ഷക്കാരൊഴികെ. ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും; കുറ്റവാളികളെപ്പറ്റി. 'നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തിന്നാണെന്ന്‌'?

അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: 'ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു. അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി'." [അദ്ധ്യായം 74 മുദ്ദസ്സിർ 38 - 47]

മനുഷ്യർ, തങ്ങൾ ചെയ്യുന്ന നന്മതിന്മകൾക്ക്‌ ഒരു പണയവസ്തു പോലെ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ വലതുപക്ഷക്കാർ തങ്ങൾ ചെയ്ത തിന്മകളിൽ നിന്ന് തൗബ കൊണ്ടും പുണ്യകർമ്മങ്ങൾ കൊണ്ടും അവരുടെ ശരീരത്തെ മോചിപ്പിച്ചിരിക്കുകയാണ്.

അല്ലാഹുവിന്റെ മുന്നിൽ മനുഷ്യർ പ്രകടിപ്പിക്കുന്ന വിനയഭാവവും കീഴ്‌വണക്കവും നമസ്കാരത്തിലാണ് കൂടുതൽ പ്രകടമാക്കുന്നത്‌. അതിനാലാണ് കുറ്റവാളികൾ ആദ്യമായി നമസ്കാരത്തെ എടുത്ത്‌ പറയുന്നത്‌. ദാനധർമ്മത്തിന്റെ പ്രാധാന്യവും സൂക്തം വ്യക്തമാക്കുന്നു. തങ്ങൾ ഹജ്ജ്‌ ചെയ്തിരുന്നില്ല അല്ലെങ്കിൽ നോമ്പ്‌ നോറ്റിരുന്നില്ല എന്നൊന്നുമല്ല കുറ്റവാളികൾ രണ്ടാമതു പറയുന്നത്‌. മറിച്ച്‌ ദരിദ്രന്മാരേയും അഗതികളേയും ഞങ്ങൾ ഭക്ഷിപ്പിച്ചില്ല, അവരുടെ കണ്ണുനീർ ഒപ്പിയില്ല എന്നാണ് പറയുന്നത്‌. എന്നിട്ടുപോലും രണ്ടും  മൂന്നും ഹജ്ജിനും ഉംറക്കും പോകുന്ന മനുഷ്യർ പാവപ്പെട്ടവനു ഒരു നൂറു രൂപ കൊടുക്കാൻ പോലും ഇന്ന് മടി കാണിക്കുന്നു.

✍അബ്ദുസ്സലാം സുല്ലമി