"നിന്‍റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും." [അദ്ധ്യായം 17 ഇസ്‌റാഅ് 29]
ഖുർആനിന്റെ അനുയായികൾ ഏതു വിഷയത്തിലും മധ്യനിലവാരം പുലർത്തുന്ന ഒരു സമൂഹമായിരിക്കണം. ഇരു കൈകളും തന്റെ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടവനെപ്പോലെ അവർ പിശുക്കരാവാൻ പാടില്ല. അതേപോലെ ചിലവു ചെയ്യുമ്പോൾ നല്ല കാര്യത്തിനാണെങ്കിൽ പോലും അമിതമായി ചിലവ് ചെയ്യാനും പാടില്ല. തന്റെ നിലനിൽപ്പിനെ സംബന്ധിച്ചും ധാരണയുണ്ടായിരിക്കണം. അമിതവ്യയം ചെയ്താൽ ദാരിദ്ര്യം പിടികൂടും. അപ്പോൾ ജനങ്ങൾ അവനെ ആക്ഷേപിച്ചുകൊണ്ട് പറയും 'അവൻ ധനമെല്ലാം ധൂർത്തടിച്ചു കളഞ്ഞു'വെന്ന്. തൽഫലമായി അവൻ തളർന്നുപോവുകയും വിഷമിക്കുകയും ചെയ്യേണ്ടി വരും.
എന്നാൽ ഇസ്‌ലാം കാര്യകാരണ ബന്ധത്തെ ആദരിക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകേണ്ടതായ രംഗം വരുമ്പോൾ നാം അതിനു മുൻഗണന നൽകണം. അത്തരം സന്ദർഭങ്ങളിൽ സ്വന്തം നിലനിൽപ്പിനെക്കുറിച്ചുള്ള ഭയം പ്രതിബന്ധമാകുവാൻ പാടില്ല. യുദ്ധം പോലുള്ള മുസ്‌ലിംകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന പ്രശ്നം വരുമ്പോൾ മുഴുവൻ ചിലവ് ചെയ്യേണ്ടി വന്നാൽ മുഴുവനും ചിലവ് ചെയ്യണം.
✍അബ്ദുസ്സലാം സുല്ലമി