"തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. 'എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ' എന്ന് നീ പറയുകയും ചെയ്യുക." [അദ്ധ്യായം 17 ഇസ്‌റാഅ് 23,24]
വൃദ്ധരായ മാതാപിതാക്കൾ മക്കളെ സംബന്ധിച്ചടുത്തോളം ഒരു ദൈവിക പരീക്ഷയാണ്. മക്കൾ സ്വർഗ്ഗാവകാശികളോ അതോ നരകാവകാശികളോ എന്ന് അപ്പോൾ തീരുമാനിക്കപ്പെടും. അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ : നബി (സ) പറഞ്ഞു : "അവൻ നിന്ദ്യനാവട്ടെ, അവൻ നിന്ദ്യനാവട്ടെ". അപ്പോൾ സഹാബികൾ ചോദിച്ചു : "ആരാണ് റസൂലേ അത്?" റസൂൽ (സ) പറഞ്ഞ മറുപടി ഇങ്ങനെ : "വാർദ്ധക്യം ബാധിച്ച മാതാപിതാക്കളേയോ അവരിൽ ഒരാളേയോ ലഭിച്ചിട്ടും സ്വർഗ്ഗത്തിൽ പ്രവേശിക്കാത്തവൻ!" [മുസ്‌ലിം]
© ഇസ്‌ലാം വാള്യം 3