പരിഗണന ലഭിക്കണമെങ്കിൽ

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യന്‍ സകലവഴികളും അവലംബിച്ചേക്കും. ഭൌതികവും ദ്രിശ്യവുമായ എല്ലാ വഴികളും അടഞ്ഞതായി കണ്ടാല്‍ ചില അവിവേകികള്‍ ജീവനോടുക്കിയേക്കും. എന്നാല്‍ ഒരു ദൈവവിശ്വാസി പ്രയാസങ്ങളില്‍ നിന്നും രക്ഷനേടാന്‍ എന്ത്ചെയ്യും? താന്‍ വിശ്വസിക്കുന്ന ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഈ സമര്‍പ്പണം വിശ്വാസിക്ക് പ്രതീക്ഷയും പ്രത്യാശയും പ്രദാനം ചെയ്യുന്നു. അപ്പോള്‍ ഒരു വിശ്വാസിയില്‍ ആദ്യാന്ത്യമുണ്ടാകുന്ന വിനയത്തിന്റെയും ആരാധനയുടെയും ഭാവമാകുന്നു ദുആ അഥവാ പ്രാര്‍ത്ഥന. അത് കൊണ്ട് തന്നെ പ്രാര്‍ത്ഥന ഇല്ലാത്ത ആരാധനയില്ല. പ്രവര്‍ത്തനമില്ലാതെ പ്രാര്‍ത്ഥന കൊണ്ട് മാത്രം പ്രയോജനവുമില്ല. പ്രവര്‍ത്തനവും പ്രാര്‍ഥനയും പരസ്പര പൂരകങ്ങളാണ്. അഹങ്കാരികള്‍ യാതൊരു ആരാധനയും ചെയ്യുന്നവരല്ല. പ്രാര്‍ഥിക്കാതിരിക്കുന്നത് അഹങ്കാരമാണ്. പ്രാര്‍ത്ഥനക്കര്ഹനായ നാഥനോട് പ്രാര്‍ഥിക്കാത്തവര്‍ നരകത്തില്‍ നിന്ദ്യരായി പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്. "നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു, നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുവിന്‍. നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം ചെയ്യാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവരാരോ അവര്‍ നിന്ദ്യരായി ആളിക്കത്തുന്ന നരകത്തില്‍ പ്രവേശിക്കുന്നതാണ്." [40:60]

പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും വിധി എന്താണോ അതുപോലെ സംഭവിക്കുമെന്ന് സമാശ്വസിച്ചു പ്രാര്‍ഥിക്കാതിരിക്കല്‍ ശരിയാണോ? അതല്ല, വിധിയില്‍ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം പ്രാര്‍ഥിക്കുകകൂടി ചെയ്യേണ്ടതുണ്ടോ? ഇതില്‍ ഏതാണ് ഉത്തമം എന്ന വിഷയം പൂര്‍വികന്മാര്‍ ചര്‍ച്ച ചെയ്യുകയും 'പ്രാര്‍ഥിക്കണം' എന്നതിനാണ് തെളിവുകളുടെ പിന്‍ബലവും പ്രാധാന്യവും എന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ കല്പന അനുസരിക്കലായതിനാല്‍ പ്രാര്‍ത്ഥനക്ക് പ്രതിഫലവും ലഭിക്കുന്നതാണ്. എത്ര യോഗ്യനായിരുന്നാലും പ്രാര്‍ത്ഥനയില്ലെങ്കില്‍ അല്ലാഹു പരിഗണിച്ചു കൊള്ളണമെന്നില്ല. ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നവരെയാണ് അല്ലാഹു പരിഗണിക്കുക. അല്ലാഹു പറയുന്നു : "നബിയെ, പറയുക : നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ചുതള്ളിയിരിക്കുകയാണ്. അതിനാല്‍ ശിക്ഷ അനിവാര്യമായിരിക്കും." [25 :77]

© സി പി ഉമര്‍ സുല്ലമി