സംഗീതം ഹറാമാണോ?
സംഗീതത്തിലെ 'സ' കേൾക്കുമ്പോഴേക്ക് ഹറാം ഫത്‌വ പുറപ്പെടുവിച്ച് ഹാലിളകുന്ന സുഹൃത്തുക്കളുണ്ട് . അവരോട് തർക്കിക്കാനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ല. അവരിത് വായിക്കുകയും വേണ്ട..
എന്നാൽ അതിതീവ്ര ആത്മീയതയുടെ ഇരുണ്ട മുറികളിൽ നിന്ന് മാറി നിന്ന് അല്പമൊരു ശുദ്ധവായു ശ്വസിക്കണമെന്ന് കരുതുന്ന നിരവധി പേരുണ്ട് ഇസ്‌ലാമിക വിശ്വാസികളിൽ. അവർക്ക് വായിക്കാനായി പ്രബോധനം വാരികയുടെ ഒരു പഴയ ലക്കത്തിൽ കണ്ട ചോദ്യോത്തര പംക്തിയിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ.
൦ ൦ ൦
"നബിതിരുമേനി ഗാനാലാപനവും വാദ്യോപകരണങ്ങളുടെ ഉപയോഗവും അംഗീകരിക്കുകയും ചിലപ്പോഴെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ അനിഷേധ്യമായി തെളിഞ്ഞു വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:
1. ആഇശ(റ) പറയുന്നു: അന്‍സാറുകളില്‍പെട്ട രണ്ടു പെണ്‍കുട്ടികള്‍ എന്റെ അടുത്തിരുന്ന് 'ദഫ്ഫുകള്‍ കൊട്ടി' പാട്ടുപാടുന്നത് കേട്ടുകൊണ്ട് അബൂബക്കര്‍(റ) വീട്ടിലേക്ക് വന്നു. 'ബുആസ്' യുദ്ധഗീതങ്ങളായിരുന്നു അവര്‍ ആലപിച്ചിരുന്നത്. അവര്‍ പ്രഫഷനല്‍ ഗായികമാരായിരുന്നില്ല. 'ദൈവദൂതന്റെ വീട്ടില്‍ വെച്ച് പിശാചിന്റെ വീണകള്‍ ആലപിക്കുകയോ?' എന്ന് ഇത് കേട്ട് അബൂബക്കര്‍(റ) ചോദിച്ചു. ഒരു പെരുന്നാള്‍ ദിവസമായിരുന്നു അത്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അബൂബക്കറേ! എല്ലാ ജനതക്കും ഓരോ സുദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ സുദിനമാണ്. ചില റിപ്പോര്‍ട്ടുകളില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: അവര്‍ പാടിക്കൊള്ളട്ടെ അബൂബക്കറേ! ഇന്ന് നമ്മുടെ പെരുന്നാള്‍ ദിനമല്ലേ? (ബുഖാരി, മുസ്‌ലിം, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ബൈഹഖി).
2. സാഇബുബ്‌നില്‍ യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോള്‍ നബി(സ) ആഇശയോട് ചോദിച്ചു: ഇവള്‍ ആരാണെന്ന് നിനക്കറിയാമോ? ഇല്ലായെന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇവര്‍ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്‍ക്കണമോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് ഒരു സംഗീതോപകരണം നല്‍കി. അവള്‍ അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്).
3. ബുറൈദ അല്‍ അസ്‌ലമിയില്‍നിന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിന് ശേഷം തിരിച്ചുവരികയായിരുന്നു. അപ്പോള്‍ ഒരു കറുത്ത വനിത പറഞ്ഞു: ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കള്‍ക്ക് മുന്നില്‍ ദഫ്ഫ് മുട്ടി പാടുമെന്ന് ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്. അപ്പോള്‍ തിരുമേനി അവളോടു പറഞ്ഞു: നീ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ കൊട്ടിപ്പാടിക്കൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട. അപ്പോളവര്‍ കൊട്ടിപ്പാടാന്‍ തുടങ്ങി (തുര്‍മുദി).
4. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു: ആഇശയുമായി കുടുംബ ബന്ധമുള്ള ഒരു സ്ത്രീയെ അന്‍സാറുകളില്‍പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. അവളെ അണിയിച്ചയച്ചപ്പോള്‍, പാട്ടുപാടുന്ന ആരെയെങ്കിലും അവളോടൊപ്പം അയച്ചിട്ടുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഇല്ല എന്ന് ആഇശ(റ) പറഞ്ഞപ്പോള്‍, അന്‍സാറുകള്‍ക്ക് പാട്ട് ഇഷ്ടമാണെന്നും പാട്ടുകാരികളെ അവളോടൊപ്പം അയക്കാമായിരുന്നില്ലേ എന്നും നബി(സ) ചോദിച്ചു (ഇബ്‌നു മാജ).
ഈ സംഭവങ്ങളെല്ലാം സംഗീതത്തിനും ഗാനാലാപനത്തിനും നേരെ പ്രവാചകന്റെ നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നു. അതേ അവസരത്തില്‍ പാട്ടിനെയും സംഗീതത്തെയും വിലക്കിക്കൊണ്ടും വാദ്യോപകരണങ്ങള്‍ നശിപ്പിക്കാനാണ് ഞാന്‍ നിയുക്തനായതെന്ന് പറഞ്ഞുകൊണ്ടും ഉദ്ധരിക്കപ്പെടുന്ന നിവേദനങ്ങളെല്ലാം അതീവ ദുര്‍ബലങ്ങളും അസ്വീകാര്യങ്ങളുമാണ്. ഖാദീ അബൂബക്കര്‍ ഇബ്‌നുല്‍ അറബി, ഇമാം ഗസാലി, ഇബ്‌നു ഹസമ്, ഇബ്‌നുന്നഹ്‌വി എന്നീ പൂര്‍വിക പണ്ഡിതരെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മഹ്മൂദ് ശല്‍തൂത്, മുഹമ്മദുല്‍ ഗസ്സാലി, ഡോ. യൂസുഫുല്‍ ഖറദാവി തുടങ്ങിയ ആധുനിക പണ്ഡിതന്മാര്‍ക്കും ഇതേ വീക്ഷണം തന്നെയാണ് ഉള്ളത്. ഇനി സംഗീതോപകരണങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹദീസുകള്‍ പ്രബലമാണെന്ന് വെച്ചാല്‍ തന്നെ, അവ ഏതൊരു സാഹചര്യത്തിലാണ് വിലക്കപ്പെടുന്നതെന്ന് പ്രസതുത നിവേദനങ്ങള്‍ ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. മദ്യവും മദിരാക്ഷിയും അനുവദനീയമായിക്കരുതുന്ന ഒരു സമൂഹത്തെയാണ് അത്തരം റിപ്പോര്‍ട്ടുകളില്‍ വിമര്‍ശിക്കുന്നത്. പാട്ടും കൂത്തും മദ്യപാനവും വ്യഭിചാരവും ഒരു സംസ്‌കാരത്തിന്റെ മുഖമുദ്രയാകുന്നതിനെയാണ് അവ തള്ളിപ്പറയുന്നത്.
(പ്രബോധനം വാരിക, ഏപ്രിൽ 2012)
© ബഷീർ വള്ളിക്കുന്ന്