മുസ്‌ലിംകളുടെ മാതൃകാ യോഗ്യമായ ജീവിതം കണ്ട് മറ്റുള്ളവര്‍ ഇസ്‌ലാമിനെ മനസിലാക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടണം. ലോകത്ത് ഇസ്‌ലാം ആ വഴിക്കാണ് അധികം പ്രചരിച്ചത്. കേരളത്തില്‍ കച്ചവടാവശ്യാര്‍ത്ഥം വന്ന അറബികളുടെ സത്യസന്ധതയും കൃത്യതയും ജീവിത വിശുദ്ധിയും ഇവിടുത്തെ ഹൈന്ദവരെ ആകര്‍ഷിക്കുകയായിരുന്നു. ഇന്നും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ പ്രതികൂല സാഹചര്യമുണ്ടായിട്ടും പാശ്ചാത്യ ലോകത്ത് എത്ര പേരാണ് ഇസ്‌ലാമിലേക്കാകര്‍ഷിക്കുന്നത്. പ്രസിദ്ധ അറബി എഴുത്തുകാരനായ അബ്ദുല്‍ ബാസിത് ഇസ്സുദ്ദീന്‍ എഴുതുന്നു: ‘പാശ്ചാത്യ ലോകത്ത് മതമൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു മുസ്‌ലിം ജനശ്രദ്ധയാകര്‍ഷിക്കുന്നു. അവന്റെ വൃത്തിയും പെരുമാറ്റത്തിലെ മാന്യതയും വര്‍ത്തമാനത്തിലെ സത്യനിഷ്ഠയും പുഞ്ചിരിയുമെല്ലാം ജനങ്ങളെ ആകര്‍ഷിക്കുന്നു’- തുടര്‍ന്ന് ഒരു മുസ്‌ലിം രോഗിയുടെ വൃത്തിയും കൃത്യനിഷ്ഠയും കണ്ട് ഒരു ആസ്പത്രി ജീവനക്കാരന്‍ ഇസ്‌ലാം സ്വീകരിച്ച സംഭവം അദ്ദേഹം ഉദ്ധരിക്കുന്നു. അതേ അവസരം ഇന്ന് ഇസ്‌ലാമിനെതിരിലുള്ള എറ്റവും വലിയ ഭീഷണി മുസ്‌ലിംകള്‍ തന്നെയാണ്. ഐ.എസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ എത്രയാണ് ഇസ്‌ലാമിന്റെ സുന്ദരമുഖം വികൃതമാക്കുന്നത്. കേരളത്തിലെ മതപരിവര്‍ത്തന സംഭവങ്ങളെ ഐ.എസുമായി ബന്ധിപ്പിക്കുന്ന പ്രവണത ശക്തമാണ്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ മതപണ്ഡിതന്മാരും മതസംഘടനകളും മഹല്ലുകളും ഖത്തീബുമാരുമെല്ലാം തീവ്രവാദത്തിനെതിരില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണ്. നിരപരാധികളെ കൊല്ലുന്ന നടപടി സ്വര്‍ഗ പ്രവേശനത്തിനല്ല, മറിച്ച് ദൈവ കോപത്തിനും നരകാഗ്നിക്കിരയാകാനുമാണ് കാരണമാവുക എന്ന് ധരിപ്പിക്കേണ്ടതുണ്ട്.
© മുഹമ്മദ് കുട്ടശ്ശേരി