പ്രതിഫലം ഉദ്ദേശ്യമനുസരിച്ച് മാത്രം

അല്ലാഹു പറയുന്നു : "ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും." [അദ്ധ്യായം 17  ഇസ്‌റാഅ് 19]

നബി (സ) പറഞ്ഞു : "പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത് ഉദ്ദേശ്യ മനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക." [ബുഖാരി,മുസ്ലിം]

മുകളില്‍ ഉദ്ധരിച്ച ആയത്തില്‍ നിന്നും ഹദീസില്‍ നിന്നും ഒരു പുണ്യ കര്‍മ്മം ചെയ്യുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ മനസ്സിലെ വിചാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അല്ലാഹു അതിനെ പരിഗണിക്കുകയെന്ന് വ്യക്തമാവുന്നു. ഭൗതിക താല്പര്യമാണെങ്കില്‍ പരലോകത്ത് അതിനു പ്രതിഫലം ലഭിക്കുകയില്ല. കേവലം നമസ്കാരം, കുളി, നോമ്പ് മുതലായ ഏതാനും പുണ്യകര്‍മ്മങ്ങള്‍ക്കല്ല പ്രത്യുത സര്‍വ്വ പുണ്യകര്‍മ്മങ്ങള്‍ക്കും നിയ്യത്ത് വേണമെന്നാണ് നബി(സ) നമ്മെ ഉണര്‍ത്തുന്നത്. ഒരാള്‍ ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കൊടുക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം.വഴിയില്‍ നിന്ന് ഉപദ്രവം നീക്കല്‍ പുണ്യകര്‍മ്മമാണ്‌. എന്നാല്‍ ഇത് പുണ്യകര്‍മ്മം ആവണമെങ്കില്‍ നിയ്യത്ത് വേണം. മൃഗങ്ങളോട് ദയ കാണിക്കല്‍, സ്നേഹിതനെ കണ്ടാല്‍ പുഞ്ചിരിക്കല്‍, പരസ്പരം സലാം പറയല്‍, കുട്ടികളെ ചുംബിക്കല്‍, മാതാപിതാക്കളെ ആദരിക്കല്‍, യാചകന് ധര്‍മ്മം നല്‍കല്‍ എന്നിവയെല്ലാം തന്നെ പുണ്യകര്‍മ്മങ്ങളായി അല്ലാഹു പരിഗണിക്കണമെങ്കില്‍ നിയ്യത്ത് നിര്‍ബന്ധമാണ്‌.

ഇത്രയും വിവരിച്ചതില്‍ നിയത്ത് എന്നതിന്റെ അര്‍ഥം ചൊല്ലിപ്പറയല്‍ എന്നല്ല എന്ന് വ്യക്തമായി. വഴിയില്‍ നിന്ന് മുള്ള് എടുത്തു മാറ്റുമ്പോള്‍, 'ഞാന്‍ അല്ലാഹുവിനു വേണ്ടി
പുണ്യം ലഭിക്കാന്‍ വഴിയില്‍ ഇന്ന് മുള്ള് എടുത്തു മാറുന്നു' അല്ലെങ്കില്‍ ഭാര്യക്ക് ചെലവിനു കൊടുക്കുമ്പോള്‍ 'ഞാന്‍ നിനക്ക് ചെലവിനു തരുന്നു അല്ലാഹുവില്‍ നിന്ന് പുണ്യം ലഭിക്കാന്‍' എന്നെല്ലാം ചൊല്ലി പറയണമെന്ന് ഒരാള്‍ വാദിക്കുന്നുവെങ്കില്‍ അയാള്‍ അനാചാരത്തിന്റെ അടിമയാണ്. അപ്പോള്‍  നിയ്യത്ത് വേണം എന്ന് നബി(സ) പഠിപ്പിച്ച ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഭൗതികമായ നന്മകള്‍ മാത്രമായിരിക്കരുത് നമ്മുടെ ലക്‌ഷ്യം. പ്രത്യുത പരലോകത്തെ പ്രതിഫലമായിരിക്കണം.ഇതുപോലെ തന്നെയാണ് നമസ്കാരം, നോമ്പ് മുതലായ കാര്യങ്ങള്‍ക്ക് നിയ്യത്ത് വേണമെന്ന് പറയുന്നത്. ഇവിടെയും മേല്‍പറഞ്ഞ പുണ്യങ്ങളും പ്രവാചകന്‍ വേര്‍പ്പെടുത്തുന്നില്ല.നിയ്യത്ത് ചൊല്ലി പറയണം എന്നൊന്നും ഇവിടെ എവിടെയും ഉത്ഭവിക്കുന്നില്ല. നാം ചെയ്യുന്ന പ്രവര്‍ത്തി ഇന്നതാണെന്ന ശരിയായ ബോധം നമുക്കുണ്ടായിരിക്കണം. ബുദ്ധിയുള്ള മനുഷ്യന്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ ഇത് ഉണ്ടാകും. കൂടെ പരലോക പ്രതിഫലം ആഗ്രഹിക്കണം. ഇതാണ് നിയ്യത്ത്.

ഇബ്നു ഹജര്‍(റ) ഉദ്ധരിക്കുന്നു: "ഇമാം നവവി(റ) പറയുന്നു: 'നിയ്യത്ത് എന്നത് ഉദ്ദേശമാണ്.അത് മനസ്സിന്റെ ഉറപ്പാണ്.' ബൈഹകി പറയുന്നു: 'നിയ്യത്ത് എന്നത് ഒരാള്‍ ദര്‍ശിക്കുന്നതിനു നേരെയുള്ള ഹൃദയത്തിന്റെ ഉത്തേജനമാണ്.'" (ഫത്ഹുല്‍ ബാരി). നിയ്യത്ത് ചൊല്ലിപറയുക എന്നത് നബി(സ)യുടെയോ സ്വഹാബികളുടെയോ ചര്യ അല്ല. സ്വഹീഹായ ഒരു ഹദീസിലും നിയ്യത്ത് ചൊല്ലി പറയുവാന്‍ കല്‍പ്പിക്കുന്നില്ല.

✍അബ്ദുസ്സലാം സുല്ലമി

സ്വന്തം കാര്യത്തിൽ മറന്നുകളയുന്നവർ

നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ? [ബഖറ 44]

അല്ലാഹു അനുശാസിച്ച കാര്യങ്ങള്‍ സ്വജീവിതത്തില്‍ മുറുകെ പിടിച്ച ശേഷമാണ് അതു മറ്റുള്ളവരോട് കല്‍പ്പിക്കേണ്ടത്. പ്രവാചകന്മാര്‍ ഈ കാര്യത്തെക്കുറിച്ച് തികച്ചും ബോധവാന്‍മാരായിരുന്നു.

From ശബാബ്‌ വാരിക

മതം സുദൃഢമാണ്

നബി(സ) പറഞ്ഞു: ഈ മതം സുദൃഢമാണ്‌. അതിനാലതില്‍ സൗമ്യതയോടെ പ്രവേശിക്കുക. നിന്റെ നാഥന്നുള്ള ആരാധനകള്‍ നിനക്കൊരിക്കലും അരോചകമാകാതിരിക്കട്ടെ. തീവ്രവാദി ഒരു യാത്രയും പൂര്‍ത്തീകരിക്കുകയോ ഒരു വാഹനവും ബാക്കിയാക്കുകയോ ഇല്ല. അതിനാല്‍ ഒരിക്കലും മരിക്കില്ലെന്ന്‌ കരുതുന്നവനെപ്പോലെ കര്‍മംചെയ്യുകയും നാളെത്തന്നെ മരിക്കുമെന്ന്‌ ഭയപ്പെടുന്നവനെപ്പോലെ ജാഗ്രത പാലിക്കുകയും ചെയ്യുക.'' (ബൈഹഖി)

ഇസ്‌ലാം മതം സുദൃഢമാണ്‌. വക്രതയില്ലാത്തതും സംശയത്തിന്നിടയില്ലാത്തതുമായ മതം. വ്യക്തവും ശുദ്ധവും പവിത്രവുമാണത്‌. നമ്മെ പടച്ച്‌ പരിപാലിക്കുന്ന, എല്ലാം ഏറ്റവും നന്നായി അറിയുന്നവന്റെ മതം. ആ മതത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും വേണം.

ഭൗതിക പ്രസ്ഥാനത്തിലോ രാഷ്‌ട്രീയപ്പാര്‍ട്ടികളിലോ മെമ്പര്‍ഷിപ്പെടുക്കുന്ന രീതിയിലല്ല അല്ലാഹുവിന്റെ മതം സ്വീകരിക്കേണ്ടത്‌. ഹൃദയത്തിന്റെ ഉള്ളറകളിലുള്ള അടയാളപ്പെടുത്തലാണത്‌. വിശുദ്ധമായൊരു സാക്ഷ്യവാക്യം ഉരുവിട്ടുകൊണ്ടാണത്‌ ചെയ്യുന്നത്‌. അത്‌ ഹൃദയത്തില്‍ നിന്നുയരുന്നതാണ്‌. അതൊരു പേരുമാറ്റമല്ല, മനം മാറ്റമാണ്‌. സ്വഭാവ സംസ്‌കരണമാണ്‌. സര്‍വശക്തനായ ദൈവത്തിനു മുമ്പിലുള്ള കീഴൊതുങ്ങലാണ്‌. സംഘര്‍ഷമില്ലാത്ത ദിനങ്ങളിലേക്കുള്ള ശാന്തമായ കടന്നുവരവാണ്‌. ആ മാറ്റം പ്രാര്‍ഥനയോടെയാണ്‌. നിലയ്‌ക്കാത്ത സന്തോഷത്തിന്റെയും സംതൃപ്‌തിയുടെയും തള്ളിച്ചയാണവിടെ പ്രകടമാകുന്നത്‌. പശ്ചാത്താപത്തിന്റെ വിശുദ്ധിയാണവിടെ പ്രസരിക്കുന്നത്‌. അജ്ഞതയുടെയും അന്ധകാരത്തിന്റെയും കെട്ടിക്കുടുക്കുകളില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണത്‌. അറിവിന്റെയും വെളിച്ചത്തിന്റെയും ലോകത്തേക്കുള്ള കയറിവരവ്‌.

From ശബാബ്‌ വാരിക

പൗരോഹിത്യ സങ്കൽപം ഇസ്‌ലാമിനന്യം

പൗരോഹിത്യ സങ്കല്‌പം ഇസ്‌ലാമിന്നന്യവും അപരിചിതവുമാണ്‌. മതപരമായ കാര്യങ്ങള്‍ ആധികാരികമായി ജനങ്ങള്‍ക്ക്‌ താത്വികമായും പ്രായോഗികമായും വിവരിച്ചുകൊടുത്ത പ്രഥമ പരിഗണനീയരായ ദൈവദൂതന്മാരെ പ്രവാചകന്മാര്‍ എന്നാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. ഖുര്‍ആന്‍  പുരോഹിതന്മാരെയും പൗരോഹിത്യപ്രവണതകളെയും പരാമര്‍ശിച്ചുകൊണ്ട്‌ അവ തിന്മയുടെ പ്രതിരൂപങ്ങളും സത്യവിശ്വാസികള്‍ അവരുമായി അടുക്കുകയല്ല, അകലം കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌ എന്നുമുള്ള സേന്ദശമാണ്‌ നല്‌കുന്നത്‌.

അല്ലാഹു പറയുന്നു : സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. (അദ്ധ്യായം 9 തൗബ 34)

From ശബാബ്‌ വാരിക

ഏറ്റവും ശ്രേഷ്ഠമായത്‌

ദൈവസാമീപ്യവും ദൈവപ്രീതിയും നേടി ഇഹപരവിജയങ്ങള്‍ കൈവരിക്കാന്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക്‌ നിയമമാക്കിയ ആരാധനകളുടെ (ഇബാദത്ത്‌) കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ നമസ്‌കാരം. അത്‌ ഇസ്‌ലാമിക ജീവിതത്തിന്റെ മുഖ്യസ്‌തംഭവും മുസ്‌ലിമിന്റെ സത്വപ്രകാശനവുമാണ്‌.

ഒരു മനുഷ്യനും ശിര്‍ക്കിനുമിടയില്‍ (മറ്റൊരു റിപ്പോര്‍ട്ടില്‍ കുഫ്‌റിനുമിടയില്‍) നമസ്‌കാരമുപേക്ഷിക്കല്‍ മാത്രമേയുള്ളൂ എന്ന പ്രവാചകവചനം അതിന്റെ അനിവാര്യതയും സര്‍വ പ്രാധാന്യവും വ്യക്തമാക്കുന്നു. ഇത്രയും മഹത്തായ ഈ ഇബാദത്ത്‌ വെറും ചടങ്ങും ഔപചാരികമായ അനുഷ്‌ഠാനവും അല്ല; ആയിക്കൂടാ. അതില്‍ ഭൗതികവും ആത്മീയവും വ്യക്തിപരവും സാമൂഹികവും പ്രത്യക്ഷവും പരോക്ഷവുമായ നിരവധി അര്‍ഥതലങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അന്തര്‍ലീനമായിരിക്കുന്നു.

From ശബാബ്‌ വാരിക

വര്‍ഷിച്ച ജീവിതമാണ്‌ പ്രധാനം

`ജീവിച്ച വര്‍ഷങ്ങളല്ല, വര്‍ഷിച്ച ജീവിതമാണ്‌ പ്രധാനം' എന്ന്‌ ഇംഗ്ലീഷിലൊരു പഴമൊഴിയുണ്ട്‌. ആയുസ്സിന്റെ നീളത്തേക്കാള്‍ ആയുസിലെ കര്‍മങ്ങളിലായിരിക്കണം നമ്മുടെ ശ്രദ്ധ. നമുക്ക്‌ ഒരു ഏകദേശ ധാരണപോലുമില്ലാത്ത നിമിഷത്തില്‍ ഈ ജീവിതം അവസാനിക്കും.

ആരോടും യാത്ര ചോദിക്കാതെ, ആരെയും കാത്തിരിക്കാതെ, എല്ലാവരെയും കരയിച്ച്‌, പറയാനുള്ളതും ചെയ്യാന്‍ കരുതിയതുമെല്ലാം ബാക്കിവെച്ച്‌ സുനിശ്ചിതമായ ആ വലിയ സത്യത്തിലേക്ക്‌ നമ്മള്‍ ഉള്‍ചേരുകതന്നെ ചെയ്യും. ഒട്ടം പരിചിതമല്ലാത്ത മറ്റൊരു ലോകത്തെക്ക്‌ യാത്രയാകും. അതോടെ എല്ലാ രസച്ചരടുകളും പൊട്ടിച്ചിതറും. ഒന്നിച്ചു കഴിഞ്ഞവര്‍ രണ്ടായി പിരിയും, വാക്കുകളില്‍ കണ്ണീരു കലരും. ഓര്‍മകളൊക്കെയും സങ്കടമാവും. നമ്മെ പുണര്‍ന്നിരിരുന്ന കൈകള്‍ നമ്മുടെ നേരെ മണ്ണെറിയും; തീര്‍ന്നു!

ജനിക്കും മുമ്പ്‌ നമ്മെക്കുറിച്ച ഓര്‍മ കൂടിക്കൂടിവരും. മരണത്തോടെ ആ ഓര്‍മ കുറഞ്ഞുകുറഞ്ഞുവരും. മരിക്കും വരെ ജീവിക്കുകയും ജീവിക്കുമ്പോഴൊക്കെ പ്രവര്‍ത്തിക്കുകയുമാണ്‌ നമ്മുടെ നിയോഗം. ഓര്‍ക്കുക: ഞാന്‍ ചെയ്‌തതിന്റെ ആകത്തുകയാണ്‌ ഞാന്‍. നിങ്ങളും അങ്ങനെത്തന്നെ.

By PMA ഗഫൂർ

വീട്ടിൽ നിന്നിറങ്ങുമ്പോൾ

വീട്ടിൽനിന്നും പുറപ്പെടുമ്പോഴുള്ള പ്രാർത്ഥന:

*بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ*

(ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്)

"അല്ലാഹുവിന്‍റെ നാമത്തില്‍, ഞാന്‍ (എല്ലാ രക്ഷയുംതേടി) അല്ലാഹുവില്‍ വിശ്വസിച്ചു ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല"

[അബൂദാവൂദ്, തിർമിദി]