`ജീവിച്ച വര്‍ഷങ്ങളല്ല, വര്‍ഷിച്ച ജീവിതമാണ് പ്രധാനം' എന്ന് ഇംഗ്ലീഷിലൊരു പഴമൊഴിയുണ്ട്. ആയുസ്സിന്റെ നീളത്തേക്കാള്‍ ആയുസിലെ കര്‍മങ്ങളിലായിരിക്കണം നമ്മുടെ ശ്രദ്ധ. നമുക്ക് ഒരു ഏകദേശ ധാരണപോലുമില്ലാത്ത നിമിഷത്തില്‍ ഈ ജീവിതം അവസാനിക്കും.
ആരോടും യാത്ര ചോദിക്കാതെ, ആരെയും കാത്തിരിക്കാതെ, എല്ലാവരെയും കരയിച്ച്, പറയാനുള്ളതും ചെയ്യാന്‍ കരുതിയതുമെല്ലാം ബാക്കിവെച്ച് സുനിശ്ചിതമായ ആ വലിയ സത്യത്തിലേക്ക് നമ്മള്‍ ഉള്‍ചേരുകതന്നെ ചെയ്യും. ഒട്ടം പരിചിതമല്ലാത്ത മറ്റൊരു ലോകത്തെക്ക് യാത്രയാകും. അതോടെ എല്ലാ രസച്ചരടുകളും പൊട്ടിച്ചിതറും. ഒന്നിച്ചു കഴിഞ്ഞവര്‍ രണ്ടായി പിരിയും, വാക്കുകളില്‍ കണ്ണീരു കലരും. ഓര്‍മകളൊക്കെയും സങ്കടമാവും. നമ്മെ പുണര്‍ന്നിരിരുന്ന കൈകള്‍ നമ്മുടെ നേരെ മണ്ണെറിയും; തീര്‍ന്നു!
ജനിക്കും മുമ്പ് നമ്മെക്കുറിച്ച ഓര്‍മ കൂടിക്കൂടിവരും. മരണത്തോടെ ആ ഓര്‍മ കുറഞ്ഞുകുറഞ്ഞുവരും. മരിക്കും വരെ ജീവിക്കുകയും ജീവിക്കുമ്പോഴൊക്കെ പ്രവര്‍ത്തിക്കുകയുമാണ് നമ്മുടെ നിയോഗം. ഓര്‍ക്കുക: ഞാന്‍ ചെയ്‌തതിന്റെ ആകത്തുകയാണ് ഞാന്‍. നിങ്ങളും അങ്ങനെത്തന്നെ.
By PMA ഗഫൂർ