നബി (സ) പറഞ്ഞു : "നല്ല കൂട്ടുകാരന്റെ ഉദാഹരണം കസ്‌തൂരി വില്‌പനക്കാരനെപ്പോലെയും ചീത്ത കൂട്ടുകെട്ടുകാരന്റെ ഉദാഹരണം ഉലയില്‍ ഊതുന്ന തട്ടാനെപ്പോലെയുമാകുന്നു. കസ്‌തൂരി വില്‌പനക്കാരനില്‍ നിന്ന് മൂന്നിലൊരു സൗഭാഗ്യം അയാളുടെ സാന്നിധ്യത്തിലെത്തുന്നവര്‍ക്കെല്ലാം അനുഭവിക്കാന്‍ കഴിയും. ഒന്നുകില്‍ അയാള്‍ അല്‌പം സുഗന്ധം നമുക്ക് പുരട്ടിത്തരും. അല്ലെങ്കില്‍ നമുക്കാവശ്യമുള്ള സുഗന്ധം അയാളില്‍ നിന്ന് വില കൊടുത്ത് വാങ്ങാം. അതുമല്ലെങ്കില്‍ ഒരു സുഗന്ധമാസ്വദിച്ച് അയാളുടെ അടുത്തുകൂടെ കടന്നുപോകാം. എന്നാല്‍ ഉലയില്‍ ഊതുന്ന തട്ടാനാകട്ടെ, അയാളുടെ അടുത്തുനിന്ന് ഒരു തീപ്പൊരി പാറി വന്ന് നമ്മുടെ വസ്‌ത്രം കത്തിപ്പോയെന്നു വരാം. അല്ലെങ്കില്‍ (പുകയും വെണ്ണീറും ശ്വസിച്ച്) അയാളുടെ അടുത്തുകൂടെ ദുര്‍ഗന്ധം ഏറ്റുവാങ്ങി കടന്നുപോവാം!" [ബുഖാരി, മുസ്‌ലിം]
സാമൂഹ്യ ജീവിതത്തിലെ ബന്ധങ്ങളും സഹവാസങ്ങളും നമ്മുടെ ജീവിതത്തെ എങ്ങനെ ഗുണപരമായും ദുഷ്‌കരമായും സ്വാധീനിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന നബിവചനമാണിത്. ആദര്‍ശബോധത്തോടെ ജീവിക്കാന്‍ ബാധ്യതയുള്ള സത്യവിശ്വാസികള്‍ക്ക് ഈ നബിവചനം ഒട്ടേറെ ദിശാസൂചനകള്‍ നല്‌കുന്നുണ്ട്.
1. സാമൂഹ്യ ജീവിയായ മനുഷ്യന് സാമൂഹ്യബന്ധങ്ങളില്‍ നിന്ന് വേറിട്ട് ഒരു ജീവിതം സാധ്യമല്ല.
2. മനുഷ്യര്‍ അവരുടെ സ്വഭാവ നിലവാരത്തില്‍ വ്യത്യസ്‌ത തരക്കാരാണ്. അതിനാല്‍ ആളുകളുമായി സഹവസിക്കുമ്പോള്‍ ശ്രദ്ധയും ജാഗ്രതയും വേണം.
3. നല്ല മനുഷ്യരുമായി കൂടുതല്‍ സഹവസിക്കുകയും അവരുമായി നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് ഗുണപരമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്.
4. ചീത്ത സ്വഭാവവും സാംസ്‌കാരിക ജീര്‍ണതയും മുഖമുദ്രയാക്കിയവരെ കൂട്ടുകാരാക്കിയാല്‍ അവരുടെ സ്വഭാവവൈകല്യം അറിയാതെയാണെങ്കിലും കൂട്ടുകാരിലേക്ക് സാംക്രമിക്കുകയും സ്വാംശീകരിക്കപ്പെടുകയും ചെയ്യും.
5. സത്യവിശ്വാസികള്‍ സജ്ജന സഹവാസത്തിനാണ് ശ്രമിക്കേണ്ടത്. തന്നെക്കാള്‍ സല്‍ക്കര്‍മനിരതമായ ജീവിതവും സ്വഭാവഗുണവും നിലനിര്‍ത്തുന്നവരുമായി സഹവസിക്കാന്‍ ഒരു വിശ്വാസി ശ്രമിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ താന്‍ നിലനിര്‍ത്തിപ്പോരുന്ന നന്മയുടെ ഗ്രാഫ് ഒന്നുകൂടി ഉയരാന്‍ അത് സഹായകമാകും.
6. ദുസ്സ്വഭാവികളുമായാണ് നമ്മുടെ സഹവാസമെങ്കില്‍ നമ്മെ ആളുകള്‍ വിലയിരുത്തുക ദുസ്സ്വഭാവികളായ നമ്മുടെ കൂട്ടുകാരുടെ നിലവാരത്തിലായിരിക്കും. അത് നാം നിലനിര്‍ത്തിപ്പോന്ന ധാര്‍മികമായ ഇമേജ് തകര്‍ക്കാനാണ് സഹായകമാവുക.
നല്ല കൂട്ടുകെട്ടിലൂടെ നല്ല ജീവിത പരിസരം സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുന്നതുപോലെ ചീത്ത കുട്ടൂകെട്ടിലൂടെ ചീത്ത ജീവിതസാഹചര്യങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യും. വ്യക്തിയെ മനസ്സിലാക്കാനും അവനെ വിലയിരുത്താനും പറ്റിയ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അവന്റെ കൂട്ടുകെട്ട് ആരുമായിട്ടാണ് എന്നറിയുകയാണ്. ഇത് സംബന്ധിച്ച് അബൂഹുറയ്‌റ നിവേദനം ചെയ്യുകയും തിര്‍മിദി ഉദ്ധരിക്കുകയും ചെയ്‌ത ഒരു നബിവചന സാരാംശം ഇപ്രകാരമാണ്: "ഒരു വ്യക്തി വിലയിരുത്തപ്പെടേണ്ടത് അവന്റെ കൂട്ടുകാരന്റെ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്. അതിനാല്‍ ഓരോരുത്തരും താന്‍ ആരെയാണ് കൂട്ടുകാരനാക്കുന്നതെന്ന് സ്വയം പരിശോധിക്കട്ടെ.''
✍ശംസുദ്ദീൻ പാലക്കോട്