നബി(സ) പറഞ്ഞു: ഈ മതം സുദൃഢമാണ്. അതിനാലതില്‍ സൗമ്യതയോടെ പ്രവേശിക്കുക. നിന്റെ നാഥന്നുള്ള ആരാധനകള്‍ നിനക്കൊരിക്കലും അരോചകമാകാതിരിക്കട്ടെ. തീവ്രവാദി ഒരു യാത്രയും പൂര്‍ത്തീകരിക്കുകയോ ഒരു വാഹനവും ബാക്കിയാക്കുകയോ ഇല്ല. അതിനാല്‍ ഒരിക്കലും മരിക്കില്ലെന്ന് കരുതുന്നവനെപ്പോലെ കര്‍മംചെയ്യുകയും നാളെത്തന്നെ മരിക്കുമെന്ന് ഭയപ്പെടുന്നവനെപ്പോലെ ജാഗ്രത പാലിക്കുകയും ചെയ്യുക.'' (ബൈഹഖി)
ഇസ്‌ലാം മതം സുദൃഢമാണ്. വക്രതയില്ലാത്തതും സംശയത്തിന്നിടയില്ലാത്തതുമായ മതം. വ്യക്തവും ശുദ്ധവും പവിത്രവുമാണത്. നമ്മെ പടച്ച് പരിപാലിക്കുന്ന, എല്ലാം ഏറ്റവും നന്നായി അറിയുന്നവന്റെ മതം. ആ മതത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും വേണം.
ഭൗതിക പ്രസ്ഥാനത്തിലോ രാഷ്‌ട്രീയപ്പാര്‍ട്ടികളിലോ മെമ്പര്‍ഷിപ്പെടുക്കുന്ന രീതിയിലല്ല അല്ലാഹുവിന്റെ മതം സ്വീകരിക്കേണ്ടത്. ഹൃദയത്തിന്റെ ഉള്ളറകളിലുള്ള അടയാളപ്പെടുത്തലാണത്. വിശുദ്ധമായൊരു സാക്ഷ്യവാക്യം ഉരുവിട്ടുകൊണ്ടാണത് ചെയ്യുന്നത്. അത് ഹൃദയത്തില്‍ നിന്നുയരുന്നതാണ്. അതൊരു പേരുമാറ്റമല്ല, മനം മാറ്റമാണ്. സ്വഭാവ സംസ്‌കരണമാണ്. സര്‍വശക്തനായ ദൈവത്തിനു മുമ്പിലുള്ള കീഴൊതുങ്ങലാണ്. സംഘര്‍ഷമില്ലാത്ത ദിനങ്ങളിലേക്കുള്ള ശാന്തമായ കടന്നുവരവാണ്. ആ മാറ്റം പ്രാര്‍ഥനയോടെയാണ്. നിലയ്‌ക്കാത്ത സന്തോഷത്തിന്റെയും സംതൃപ്‌തിയുടെയും തള്ളിച്ചയാണവിടെ പ്രകടമാകുന്നത്. പശ്ചാത്താപത്തിന്റെ വിശുദ്ധിയാണവിടെ പ്രസരിക്കുന്നത്. അജ്ഞതയുടെയും അന്ധകാരത്തിന്റെയും കെട്ടിക്കുടുക്കുകളില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണത്. അറിവിന്റെയും വെളിച്ചത്തിന്റെയും ലോകത്തേക്കുള്ള കയറിവരവ്.
From ശബാബ് വാരിക