"അവയുടെ (ബലിമൃഗങ്ങളുടെ) മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്." [സൂറ 22 ഹജ്ജ്: 37]
ഉമറുബ്‌നുല്‍ ഖത്വാബ്(റ) വില്‍ നിന്ന്, അദ്ദഹം പറഞ്ഞു: നബി (സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു : "പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉദ്ദേശമനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക." [ബുഖാരി, മുസ്‌ലിം]
മഅ്‌നു ബിന്‌യസീദ് (റ)ല്‍ നിന്ന് നിവേദനം: എന്‍റെ പിതാവ് ദാനം ചെയ്യുന്നതിന്നായി അല്‍പം ദീനാറുകള്‍ പള്ളിയില്‍ ഇരിക്കുകയായിരുന്ന ഒരാളുടെ സമീപം വെച്ചു. ഞാന്‍ പോയി അതെടുക്കുകയും വീട്ടിലേക്ക് കൊണ്ട് വരികയും ചെയ്തു. അത് കണ്ട എന്‍റെ പിതാവ് പറഞ്ഞു: 'ഞാന്‍ നിനക്ക് വേണ്ടിയായിരുന്നില്ല അത് ദാനം ചെയ്തത്.' അപ്പോള്‍ ഞാന്‍ ആ വിഷയത്തില്‍ നബി(സ) യുടെ അടുത്ത് പരാതി പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: "മഅ്ന്‍, നിങ്ങള്‍ എടുത്തത് നിങ്ങള്‍ക്കുള്ളത് തന്നെ. യസീദ്, നിങ്ങള്‍ക്ക് നിങ്ങളുടെ ഉദ്ദേശമനുസരിച്ച് പ്രതിഫലമുണ്ടായിരിക്കും." [ബുഖാരി]
അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി (സ) പറയുകയുണ്ടായി: "അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും ബാഹ്യരൂപങ്ങളിലേക്കുമല്ല നോക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കത്രെ." [മുസ്‌ലിം]