ഇസ്‌ലാമിലെ എല്ലാ ആരാധനാകര്‍മങ്ങളും അടിസ്ഥാനപരമായി ദൈവികപ്രീതിയും സ്വര്‍ഗവും ലക്ഷ്യംവെച്ചുകൊണ്ടാണ് നിര്‍വഹിക്കപ്പെടുന്നത്. എന്നാല്‍ ഹജ്ജ് ചെയ്‌ത സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ കുറഞ്ഞ യാതൊരു പ്രതിഫലവും അല്ലാഹു കൊടുക്കാനുദ്ദേശിക്കുന്നില്ല. ഒരു നബിവചനം നോക്കൂ: "ഒരു ഉംറ മുതല്‍ അടുത്ത ഉംറവരെ അവയ്‌ക്കിടയിലുള്ളതിന്റെ പ്രായശ്ചിത്തമാണ്. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല.'' (ബുഖാരി, മുസ്‌ലിം). ഈ നബിവചനം ഹജ്ജിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. ഇതിന് സമാനമായ പ്രയോഗം ശത്രുവുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടിവരുന്ന ജിഹാദിന്റെ പശ്ചാത്തലത്തിലാണ് നബി(സ) നടത്തിയിട്ടുള്ളത്. യുദ്ധത്തിന് പുറപ്പെടാന്‍ നബി(സ) സ്വഹാബികളോട് ആഹ്വാനം ചെയ്‌തപ്പോള്‍ ഒരാള്‍ ചോദിച്ചു: "പ്രവാചകരേ, യുദ്ധത്തിന് വന്നാല്‍ എന്താണ് നേട്ടം?" പ്രവാചകന്റെ മറുപടി പെട്ടന്നായിരുന്നു: "നിനക്ക് സ്വര്‍ഗമുണ്ട്" എന്ന്.
ജിഹാദ് പോലെ ക്ഷമയും ത്യാഗസന്നദ്ധതയും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും അനിവാര്യമായ ഒരാരാധനയാണ് ഹജ്ജ്. പ്രവാചക പത്‌നി ആഇശ(റ) ഒരിക്കല്‍ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, സ്‌ത്രീകള്‍ക്ക് ജിഹാദുണ്ടോ?" പ്രവാചകന്റെ മറുപടി "അതെ" എന്നായിരുന്നു. അദ്ദേഹം വിശദീകരിച്ചു: "അവര്‍ക്ക് ജിഹാദുണ്ട്. അതില്‍ പോരാട്ടമില്ല. ഹജ്ജും ഉംറയുമാണത്.'' (അഹ്‌മദ്, ഇബ്‌നുമാജ). സ്‌ത്രീകളുടെ ജിഹാദ് ഹജ്ജും ഉംറയുമാണെന്ന് വ്യക്തമാക്കിയ പ്രവാചകന്‍ ഹജ്ജിനും ജിഹാദിനും സ്വര്‍ഗം തന്നെയാണ് പ്രതിഫലം എന്ന് ഊന്നിപ്പറയുകയും ചെയ്‌തിരിക്കുന്നു.
സ്വര്‍ഗം നേടാന്‍ അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങളിലൂടെയാണ് ഹജ്ജ് ചെയ്യുന്ന ഓരോ സത്യവിശ്വാസിയും കടന്നുപോകുന്നത്. ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാസംഘമാണ്. "അല്ലാഹുവിനോടവര്‍ പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക് അവന്‍ ഉന്നമനം നല്‌കും. അവര്‍ പാപമോചനത്തിന് ചോദിച്ചാല്‍ പാപം പൊറുത്തുകൊടുക്കും'' എന്നിങ്ങനെയാണ് ഹാജിമാരുടെ സുവര്‍ണാവസരങ്ങളെ പ്രവാചകന്‍ വിവരിച്ചിട്ടുള്ളത്. ഒടുവില്‍ മാതാവ് പ്രസവിച്ച ദിവസത്തെപ്പോലെ പരിപൂര്‍ണ പരിശുദ്ധിനേടി പാപകളങ്കം ഒട്ടുമില്ലാതെ ഹജ്ജ് പൂര്‍ത്തിയാക്കി ഒരു പുതിയ മനുഷ്യന്‍ പിറവിയെടുക്കുന്നു. ഇങ്ങനെ പുണ്യകരവും സ്വീകാര്യവുമായ ഹജ്ജ് നിര്‍വഹിച്ച വ്യക്തിക്കാണ് അല്ലാഹു സ്വര്‍ഗം വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്.
✍കെ പി എസ് ഫാറൂഖി