"ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു. അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്. അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?" [അദ്ധ്യായം 12 യൂസുഫ് 105 - 107]
അല്ലാഹുവിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും ചരിത്രപരമായ തെളിവുകൾ ഖുർആൻ വിവരിച്ചു. ജീവിതത്തിൽ ഒരിക്കലും കളവുപറഞ്ഞിട്ടില്ലാത്ത രഹസ്യ പരസ്യജീവിതത്തിൽ പരിശുദ്ധിയുള്ളവരെന്ന് ജനങ്ങൾക്ക് ശരിക്കും ബോധ്യമായ വ്യക്തികളെ അല്ലാഹുവിന്റെ ദൂതന്മാരായി അവൻ തിരഞ്ഞെടുത്തു. അവന്റെ അമാനുഷികത നിറഞ്ഞ വേദഗ്രന്ഥങ്ങൾ അവൻ മനുഷ്യർക്ക് അവതരിപ്പിച്ചു. ഇതിലൂടെയെല്ലാം മനുഷ്യർക്ക് ദൈവത്തെ കണ്ടെത്തുവാൻ സാധിക്കുന്നതാണ്.
ഇവകൊണ്ടുമാത്രം അല്ലാഹു മതിയാക്കിയില്ല. പ്രകൃതിയിലെ നിസ്സാരവസ്തുക്കളിൽ പോലും അവന്റെ അസ്തിത്വത്തിനു തെളിവുകളായി വലിയ അൽഭുതങ്ങൾ കുത്തിനിറച്ചു. മനുഷ്യൻ ചവിട്ടിക്കൊണ്ട് പോകുന്ന ഒരു ഇലയെടുത്ത് പരിശോധിച്ചാൽ ദീർഘദൃഷ്ടിയും മുൻതീരുമാനങ്ങളും അപാരബുദ്ധിയും അതിന്റെ പിന്നിൽ കാണാവുന്നതാണ്. പക്ഷേ മനുഷ്യന്റെ അഹങ്കാരം കാരണം അവന്റെ സ്രഷ്ടാവിന്റെ കണ്ടെത്താൻ അവനു സാധിക്കുന്നില്ല.
✍അബ്ദുസ്സലാം സുല്ലമി