മുസ്‌ലിമിന്റെ വേദന

അബുസഈദ്റ(റ) അബൂഹുറൈറ(റ) എന്നിവര്‍ നിവേദനം: നബി(സ) അരുളി:

"ഒരു മുസ്ലിമിനെ ക്ഷീണമോ രോഗമോ ദു:ഖമോ അസുഖമോ ബാധിച്ചു. അല്ലെങ്കില്‍ അവന്റെ ശരീരത്തില്‍ മുളള് കുത്തുകയെങ്കിലും ചെയ്തു. എങ്കില്‍ അവന്റെ തെറ്റുകളില്‍ ചിലത് അല്ലാഹു മായ്‌ച്ച് കളയാതിരിക്കുകയില്ല."

[ബുഖാരി]

ഹജ്ജിന്‌ സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല

ഇസ്‌ലാമിലെ എല്ലാ ആരാധനാകര്‍മങ്ങളും അടിസ്ഥാനപരമായി ദൈവികപ്രീതിയും സ്വര്‍ഗവും ലക്ഷ്യംവെച്ചുകൊണ്ടാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌. എന്നാല്‍ ഹജ്ജ്‌ ചെയ്‌ത സത്യവിശ്വാസികള്‍ക്ക്‌ സ്വര്‍ഗത്തില്‍ കുറഞ്ഞ യാതൊരു പ്രതിഫലവും അല്ലാഹു കൊടുക്കാനുദ്ദേശിക്കുന്നില്ല. ഒരു നബിവചനം നോക്കൂ: "ഒരു ഉംറ മുതല്‍ അടുത്ത ഉംറവരെ അവയ്‌ക്കിടയിലുള്ളതിന്റെ പ്രായശ്ചിത്തമാണ്‌. പുണ്യകരമായ ഹജ്ജിന്‌ സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല.'' (ബുഖാരി, മുസ്‌ലിം). ഈ നബിവചനം ഹജ്ജിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. ഇതിന്‌ സമാനമായ പ്രയോഗം ശത്രുവുമായി മുഖാമുഖം ഏറ്റുമുട്ടേണ്ടിവരുന്ന ജിഹാദിന്റെ പശ്ചാത്തലത്തിലാണ്‌ നബി(സ) നടത്തിയിട്ടുള്ളത്‌. യുദ്ധത്തിന്‌ പുറപ്പെടാന്‍ നബി(സ) സ്വഹാബികളോട്‌ ആഹ്വാനം ചെയ്‌തപ്പോള്‍ ഒരാള്‍ ചോദിച്ചു: "പ്രവാചകരേ, യുദ്ധത്തിന്‌ വന്നാല്‍ എന്താണ്‌ നേട്ടം?" പ്രവാചകന്റെ മറുപടി പെട്ടന്നായിരുന്നു: "നിനക്ക്‌ സ്വര്‍ഗമുണ്ട്‌" എന്ന്‌.

ജിഹാദ്‌ പോലെ ക്ഷമയും ത്യാഗസന്നദ്ധതയും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും അനിവാര്യമായ ഒരാരാധനയാണ്‌ ഹജ്ജ്‌. പ്രവാചക പത്‌നി ആഇശ(റ) ഒരിക്കല്‍ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, സ്‌ത്രീകള്‍ക്ക്‌ ജിഹാദുണ്ടോ?" പ്രവാചകന്റെ മറുപടി "അതെ" എന്നായിരുന്നു. അദ്ദേഹം വിശദീകരിച്ചു: "അവര്‍ക്ക്‌ ജിഹാദുണ്ട്‌. അതില്‍ പോരാട്ടമില്ല. ഹജ്ജും ഉംറയുമാണത്‌.'' (അഹ്‌മദ്‌, ഇബ്‌നുമാജ). സ്‌ത്രീകളുടെ ജിഹാദ്‌ ഹജ്ജും ഉംറയുമാണെന്ന്‌ വ്യക്തമാക്കിയ പ്രവാചകന്‍ ഹജ്ജിനും ജിഹാദിനും സ്വര്‍ഗം തന്നെയാണ്‌ പ്രതിഫലം എന്ന്‌ ഊന്നിപ്പറയുകയും ചെയ്‌തിരിക്കുന്നു.

സ്വര്‍ഗം നേടാന്‍ അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങളിലൂടെയാണ്‌ ഹജ്ജ്‌ ചെയ്യുന്ന ഓരോ സത്യവിശ്വാസിയും കടന്നുപോകുന്നത്‌. ഹജ്ജ്‌ ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാസംഘമാണ്‌. "അല്ലാഹുവിനോടവര്‍ പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക്‌ അവന്‍ ഉന്നമനം നല്‌കും. അവര്‍ പാപമോചനത്തിന്‌ ചോദിച്ചാല്‍ പാപം പൊറുത്തുകൊടുക്കും'' എന്നിങ്ങനെയാണ്‌ ഹാജിമാരുടെ സുവര്‍ണാവസരങ്ങളെ പ്രവാചകന്‍ വിവരിച്ചിട്ടുള്ളത്‌. ഒടുവില്‍ മാതാവ്‌ പ്രസവിച്ച ദിവസത്തെപ്പോലെ പരിപൂര്‍ണ പരിശുദ്ധിനേടി പാപകളങ്കം ഒട്ടുമില്ലാതെ ഹജ്ജ്‌ പൂര്‍ത്തിയാക്കി ഒരു പുതിയ മനുഷ്യന്‍ പിറവിയെടുക്കുന്നു. ഇങ്ങനെ പുണ്യകരവും സ്വീകാര്യവുമായ ഹജ്ജ്‌ നിര്‍വഹിച്ച വ്യക്തിക്കാണ്‌ അല്ലാഹു സ്വര്‍ഗം വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്‌.

✍കെ പി എസ്‌ ഫാറൂഖി

ഹജ്ജിന്റെ മഹത്വം

തീര്‍ഥാടനം പുണ്യകര്‍മ്മമായി കാണാത്ത മതങ്ങള്‍ വിരളമാണ്. ജീവിതത്തിന്റെ സായന്തനത്തില്‍ തീര്‍ഥാടനം നടത്തി നിര്‍വാണം കാത്തിരിക്കുന്ന മതവിശ്വാസവും മനുഷ്യര്‍ക്കിടയിലുണ്ട്. ഇസ്ലാം തീര്‍ഥാടനത്തിന്റെ കാര്യത്തിലും മാതൃകയായി നിലകൊള്ളുന്നു. ഹജ്ജ് കര്‍മ്മമാണ് ഇസ്ലാം നിശ്ചയിച്ച തീര്‍ഥാടനം. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ നിര്‍ബന്ധമുള്ളു. നിര്‍ണിതമായ ദിവസങ്ങളില്‍ നിശ്ചിത സ്ഥലത്ത്‌ വെച്ച്‌ - അഥവാ പരിശുദ്ധ ഹറമിലും പരിസരത്തും ദുല്‍ഹിജ്ജ 8 മുതല്‍ 13 വരെ - മാത്രമേ അത് നിര്‍വഹിക്കുവാന്‍ കഴിയൂ. ആയതിനാല്‍ ഹജ്ജ് നിര്‍ബന്ധമാക്കി നിശ്ചയിച്ച അറിയിപ്പിന്റെ കൂടെ അല്ലാഹു ഉണര്‍ത്തുന്നു; 'മാര്‍ഗം സൌകര്യപ്പെട്ടു കിട്ടിയവര്‍ക്ക്' മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. ശാരീരികവും മാനസികവും സാമ്പത്തികവും സാങ്കേതികവുമായ സൌകര്യങ്ങള്‍ ഒത്തിണങ്ങാതെ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ലല്ലോ.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം ഹജ്ജ് ആണ്. പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു കര്‍മ്മമാണ് ഹജ്ജ്. ശരീരവും മനസ്സും ഒരു പോലെ പാകപ്പെടുത്തി എടുത്ത് ആഴ്ചകളോളം ഹജ്ജിനു വേണ്ടി മാത്രമായി മാറി നില്‍ക്കുന്ന ഹജ്ജിനു മഹത്തായ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. നവജാത ശിശുവിന്റെ നൈര്‍മല്ല്യം! അതോടൊപ്പംതന്നെ ഹജ്ജ് നിര്‍വഹണത്തിലൂടെ കരഗതമാകുന്ന നിരവധി വ്യക്തിത്വഗുണങ്ങളുമുണ്ട്. വൈവിധ്യം നിറഞ്ഞ ലോകത്ത് നിന്ന് ഒരേ വേഷവും ഒരേ ചിന്തയും ഒരേ മന്ത്രവുമായെത്തുന്ന ലക്ഷക്കണക്കിന് ഹാജിമാര്‍ പ്രകടിപ്പിക്കുന്നത് വിശ്വാസസാഹോദര്യമാണ്. വി ഐ പി ലോഞ്ചുകളോ മെറ്റല്‍ ടിറ്റക്റ്റരു കളോ ഇല്ലാത്ത പ്രവിശാലമായ മനുഷ്യസാഗരത്തില്‍ - ഹജ്ജിന്റെ കര്‍മ്മ വീഥിയില്‍ - സമത്വത്തിന്റെ സദ്ഭാവന കര്‍മ്മപദത്തില്‍ വരികയാണ്.

ഹജ്ജ് സംഗമത്തിനായി അല്ലാഹു നിശ്ചയിച്ച സ്ഥലം ഭൂമി ശാസ്ത്രപരമായും ചരിത്രപരമായും പ്രാധാന്യമേറിയ ഒരു പ്രദേശമാണ്. 4000 വര്‍ഷം മുമ്പ് ഇറാഖില്‍ നിന്നെത്തിയ ഇബ്രാഹിം (അ) എന്ന പ്രവാചകന്‍റെ ഭാര്യയും പിഞ്ചുകുഞ്ഞുമാണ് മക്കയിലെ ആദ്യ നിവാസികള്‍. സംസം നീരുറവയും ഖഅ'ബ എന്ന ആരാധനാലയവും ആ നാടിനെ വിശുദ്ധവും പ്രസിദ്ധവുമാക്കി. അറേബ്യന്‍ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ ഗജവര്‍ഷ ഗണനയ്ക്കാധാരമായ ആനപ്പടയുടെ തകര്‍ച്ചയും യമന്‍-സിറിയ വ്യാപാരപാതയിലെ നിര്‍ഭയമായ ഇടത്താവളമെന്ന സ്ഥാനവും മക്കാനിവാസികളായ ഖുറൈഷികളുടെ സാമൂഹികജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ച കാര്യങ്ങളായിരുന്നു. ഒന്നര സഹസ്രാബ്ദം മുന്‍പ് അന്തിമ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) നിയുക്തനാവുന്നതും ഇവിടെത്തന്നെ. നമസ്കാരത്തിലെ ഖിബ്'ലയും ഹജ്ജിന്‍റെ കേന്ദ്രവും ആ മന്ദിരം ആയിത്തീര്‍ന്നതും യാദ്രിശ്ചികമല്ല.

✍ സി പി ഉമര്‍ സുല്ലമി

ഹജ്ജ്‌ പരിഗണിക്കപ്പെടണമെങ്കിൽ

ഹജ്ജ്‌ ഉള്‍പ്പെടെയുള്ള ആരാധനകളും സല്‍കര്‍മങ്ങളും അല്ലാഹു പരിഗണിച്ച്‌ പ്രതിഫലം നല്‌കണമെങ്കില്‍ കണിശമായ നാല്‌ നിബന്ധനകള്‍ പാലിച്ചിരിക്കണം.

1.സത്യവിശ്വാസത്തിന്റെ അഥവാ ഏകദൈവ വിശ്വാസത്തിന്റെ പിന്‍ബലത്തോടെ (ഈമാനോടെയും തൗഹീദോടെയും) നിര്‍വഹിക്കപ്പെടുന്ന കര്‍മങ്ങളേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

2.അല്ലാഹുവിന്‌ വേണ്ടി മാത്രം എന്ന നിഷ്‌കളങ്ക ബോധത്തോടെയായിരിക്കണം അത്‌ നിര്‍വഹിക്കേണ്ടത്‌. അഥവാ നിയ്യത്തും ഇഖ്‌ലാസും വേണം.

3.തന്റെ ഈ സല്‍കര്‍മത്തിന്‌ അല്ലാഹു പ്രതിഫലം നല്‌കുമെന്ന ബോധവും പ്രതീക്ഷയും വേണം. അല്ലാഹു സ്വീകരിക്കുകയാണെങ്കില്‍ സ്വീകരിക്കട്ടെ എന്ന അസ്ഥിരതയിലാവരുത്‌. അഥവാ സല്‍ക്കര്‍മങ്ങള്‍ക്ക്‌ പ്രചോദനമായി ഇഹ്‌തിസാബ്‌ (കൂലികിട്ടുമെന്ന പ്രതീക്ഷ) വേണം.

4.ചെയ്യുന്ന കര്‍മങ്ങള്‍ മതാനുശാസിതമാണെന്ന്‌ അഥവാ പ്രവാചക ചര്യയില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തണം. `ഇത്തിബാഉര്‍റസൂല്‍' അഥവാ പ്രവാചകനെ പിന്‍പറ്റല്‍ എന്ന ഘടകം ആരാധനകളുടെ സ്വീകാര്യതയെന്ന്‌ അനിവാര്യമാണ്‌.

ഈ നാല്‌ നിബന്ധനകള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമേ ഹജ്ജ്‌ എന്ന ത്യാഗനിര്‍ഭരമായ പുണ്യകര്‍മം സാര്‍ഥകമാകുകയുള്ളൂ. ഇന്ന്‌ കുറെയാളുകള്‍ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കുന്നത്‌ തൗഹീദിന്റെ പിന്‍ബലത്തോടെയല്ല. ഹജ്ജിന്‌ പോകുമ്പോഴും തിരിച്ചുവന്നാലും ധാരാളം ജാറങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ച്‌ മരിച്ചുപോയ മഹാന്മാരുടെ പൊരുത്തം തേടുന്നു?!! തൗഹീദിന്റെ വിളികേട്ട്‌ തൗഹീദിന്റെ പുണ്യഭൂമിയിലെത്തിയിട്ടും ചില ഹാജിമാര്‍ ശിര്‍ക്കിന്റെ മന്ത്രങ്ങളുരുവിടുന്നത്‌ ഏതൊരു സത്യവിശ്വാസിയേയും വേദനിപ്പിക്കുന്നതാണ്‌. പ്രവാചകന്റെ ഹജ്ജും ഉംറയും എങ്ങനെയായിരുന്നുവെന്ന്‌ കൃത്യമായും വ്യക്തമായും ഹദീസ്‌ ഗ്രന്ഥങ്ങളിലുള്ളത്‌ കാണാതെയും ഗൗനിക്കാതെയും അനാചാരങ്ങളാല്‍ വികൃതമാക്കപ്പെട്ട ഹജ്ജ്‌ ചെയ്‌ത്‌ സായൂജ്യമടയുന്നവരെയും കാണാം. പൊങ്ങച്ചത്തിന്റെയും പ്രശസ്‌തിയുടെയും പേരില്‍ ഹജ്ജിനെത്തുന്നവരുണ്ട്‌. പ്രവാചകന്‍ സ്വര്‍ഗമുണ്ടെന്ന്‌ വാഗ്‌ദാനം ചെയ്‌ത ഹജ്ജ്‌ ഇതൊന്നുമല്ല എന്ന്‌ നാം തിരിച്ചറിയുക.

മനുഷ്യന്റെ ശാരീരികം, മാനസികം, സാമ്പത്തികം എന്നീ ത്രിതല മാനങ്ങളെ തുല്യപ്രാധാന്യത്തോടെ പങ്കാളിയാക്കി വിശ്വാസിയെ പൂര്‍ണമായും ദൈവാര്‍പ്പണ മനസ്‌കനാക്കുന്ന മഹത്തായ ഒരാരാധനയാണ്‌ ഹജ്ജ്‌. കഅ്‌ബ എന്ന കേന്ദ്രബിന്ദുവില്‍ ഭൂലോകവാസികളിലെ സത്യവിശ്വാസികളുടെ ലക്ഷക്കണക്കിനു പ്രതിനിധികള്‍ ഒത്തുചേരുന്ന മഹത്തായ ഒരു ദൃശ്യമാണ്‌ ഹജ്ജ്‌. ഇസ്‌ലാമിന്റെ സമഭാവന പൂത്തുലഞ്ഞു നില്‌ക്കുകയും ഈമാന്‍ പരീക്ഷിക്കപ്പെടുകയും ചെയ്യുന്ന കര്‍മരംഗങ്ങളുടെ സമ്മേളനമാണ്‌ ഹജ്ജ്‌. അഥവാ സ്വര്‍ഗം പ്രതിഫലമായി ലഭിക്കുന്ന അനുഭൂതിദായകമായ പുണ്യകര്‍മമായ ഹജ്ജ്‌ നിര്‍വഹിക്കാന്‍ വിശുദ്ധഭൂമിയിലെത്തിയവര്‍ ഭാഗ്യവാന്മാര്‍. പ്രാര്‍ഥനക്കുത്തരം ലഭിക്കുന്ന തൗഹീദിന്റെ പുണ്യഭൂമിയില്‍ ദിനരാത്രങ്ങള്‍ ചെലവിടാന്‍ അവസരം ലഭിച്ച ഹാജിമാര്‍ മഹാഭാഗ്യവാന്മാര്‍. മനസ്സും ശരീരവും ശിര്‍ക്കില്‍ നിന്ന്‌ പരിശുദ്ധമാക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണാവസരം ഹാജിമാര്‍ ശരിയാംവിധം ഉപയോഗപ്പെടുത്തേണ്ടതാണ്‌.

✍ കെ പി എസ്‌ ഫാറൂഖി

ഏറ്റവും ശ്രേഷ്ഠമായവ

അബൂഹുറൈറ(റ) നിവേദനം: ഏത് കര്‍മ്മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് തിരുമേനി(സ) യോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു :

"അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കല്‍."

അയാള്‍ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്. തിരുമേനി(സ) പറഞ്ഞു :

"അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നടത്തുന്ന ത്യാഗം."

പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി(സ) ഉത്തരം നല്‍കി :

"സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വ്വഹിച്ച ഹജ്ജ്."

[ബുഖാരി]

അല്ലാഹുവിന്റെ തീരുമാനം

"(നബിയേ,) പറയുക: എനിക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത് എന്‍റെ അധീനത്തിലല്ല- അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. ഓരോ സമൂഹത്തിനും ഒരു അവധിയുണ്ട്‌. അവരുടെ അവധി വന്നെത്തിയാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാനാവില്ല. അവര്‍ക്കത് നേരത്തെയാക്കാനും കഴിയില്ല." [അദ്ധ്യായം 10 യൂനുസ്‌ 49]

അല്ലാഹുവിന്റെ ഉദ്ദേശത്തേയും തീരുമാനത്തേയും മാറ്റിമറിക്കുവാൻ പ്രവാചകനു പോലും സാധ്യമല്ല.രക്ഷയും ശിക്ഷയും തീരുമാനിക്കുന്നത്‌ അല്ലാഹുവാണ്.

by അബ്ദുസ്സലാം സുല്ലമി

നിര്‍ഭയരായിരിക്കുകയാണോ?

"ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു. അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌. അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?" [അദ്ധ്യായം 12 യൂസുഫ്‌ 105 - 107]

അല്ലാഹുവിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും ചരിത്രപരമായ തെളിവുകൾ ഖുർആൻ വിവരിച്ചു. ജീവിതത്തിൽ ഒരിക്കലും കളവുപറഞ്ഞിട്ടില്ലാത്ത രഹസ്യ പരസ്യജീവിതത്തിൽ പരിശുദ്ധിയുള്ളവരെന്ന് ജനങ്ങൾക്ക്‌ ശരിക്കും ബോധ്യമായ വ്യക്തികളെ അല്ലാഹുവിന്റെ ദൂതന്മാരായി അവൻ തിരഞ്ഞെടുത്തു. അവന്റെ അമാനുഷികത നിറഞ്ഞ വേദഗ്രന്ഥങ്ങൾ അവൻ മനുഷ്യർക്ക്‌ അവതരിപ്പിച്ചു. ഇതിലൂടെയെല്ലാം മനുഷ്യർക്ക്‌ ദൈവത്തെ കണ്ടെത്തുവാൻ സാധിക്കുന്നതാണ്.

ഇവകൊണ്ടുമാത്രം അല്ലാഹു മതിയാക്കിയില്ല. പ്രകൃതിയിലെ നിസ്സാരവസ്തുക്കളിൽ പോലും അവന്റെ അസ്തിത്വത്തിനു തെളിവുകളായി വലിയ അൽഭുതങ്ങൾ കുത്തിനിറച്ചു. മനുഷ്യൻ ചവിട്ടിക്കൊണ്ട്‌ പോകുന്ന ഒരു ഇലയെടുത്ത്‌ പരിശോധിച്ചാൽ ദീർഘദൃഷ്ടിയും മുൻതീരുമാനങ്ങളും അപാരബുദ്ധിയും അതിന്റെ പിന്നിൽ കാണാവുന്നതാണ്. പക്ഷേ മനുഷ്യന്റെ അഹങ്കാരം കാരണം അവന്റെ സ്രഷ്ടാവിന്റെ കണ്ടെത്താൻ അവനു സാധിക്കുന്നില്ല.

✍അബ്ദുസ്സലാം സുല്ലമി