ആവശ്യത്തിലധികമായാൽ

‘പണം കൂടിയാൽ മനുഷ്യന്റെ സ്വസ്ഥത തകരുമെന്ന് പറയുന്നത്‌ ശരിയാണോ?’

ചോദ്യം കേട്ടപ്പോൾ ‘ഇത്‌ കണ്ടുനോക്കൂ’ എന്ന്  മാത്രം പറഞ്ഞ്‌, അടുത്തു നിൽക്കുന്ന കുട്ടിയെ ഗുരു അരികിലേക്ക്‌ വിളിച്ചു. അവന്റെ കയ്യിലേക്ക്‌ ഒരു ആപ്പിൾ വെച്ചുകൊടുത്തു. ആ കുട്ടി സന്തോഷത്താൽ തുള്ളിച്ചാടിപ്പോകുമ്പോൾ, തിരികെ വിളിച്ച്‌ ഒരാപ്പിൾ കൂടി വെച്ചുകൊടുത്തു. അതോടെ അവന്റെ തുളിച്ചാട്ടം അവസാനിച്ചു. പിന്നെയും തിരികെ വിളിച്ച്‌ വേറെയും ആപ്പിളുകൾ. ഇപ്പോൾ കുഞ്ഞിന്റെ മുഖത്ത്‌ ഒട്ടും സന്തോഷമില്ല. കൈകളിൽ നിന്ന് ആപ്പിൾ വഴുതിപ്പോകുമോ എന്ന ഭയമേയുള്ളൂ! പണത്തിന്റെ പെരുപ്പം മനുഷ്യന്റെ സ്വസ്ഥത തകർക്കുമോ എന്ന ചോദ്യത്തിന്‌ ഇനിയും ഉത്തരങ്ങൾ വേണ്ടിവരില്ല.

ആവശ്യത്തേക്കാൾ കുറച്ചെടുക്കുന്നതാണ്‌ വക്കോളം നിറയ്‌ക്കുന്നതിനേക്കാൾ നല്ലതെന്ന് താവോയുടെ പാഠങ്ങളിലുണ്ട്‌. വക്കോളം നിറയുമ്പോളാണ്‌ കുടിക്കാൻ പ്രയാസം. മുക്കാൽ കപ്പ്‌ മാത്രമുള്ളപ്പോൾ എന്തെളുപ്പം!

ആർട്ട്‌ ഗാലറിയിൽ തൂക്കിയിട്ട ചിത്രങ്ങൾക്കും സന്ദർശകർക്കുമിടയിൽ കുറച്ച്‌ അകലം തീർത്തുവെച്ചിരിക്കും. അതെന്തിനാണ്‌? നമ്മൾ തൊട്ട്‌ അഴുക്കാക്കും എന്നതുകൊണ്ടൊന്നുമല്ല. തൊട്ടരികിൽ നിന്ന് കണ്ടാൽ ചിത്രം ആസ്വദിക്കാനാകില്ല. കുറച്ചകലെ നിൽക്കുമ്പോളാണ്‌ വര വ്യക്തമാകുന്നത്‌. ജീവിതക്കാഴ്ചകൾക്കും ഇത്‌ ബാധകമാണെന്ന് തോന്നുന്നു. സുഖാനന്ദങ്ങളെ വല്ലാതെ പുണരുന്നവർക്ക്‌ അത്‌ പെട്ടെന്ന് മടുപ്പായി മാറുന്നു. അത്രയൊന്നും ജീവിതസുഖങ്ങളെ വാരിപ്പുണരാത്തവർ കുറച്ചൂടെ നന്നായി ജീവിതത്തെ ആസ്വദിക്കുന്നതായി കാണുന്നില്ലേ?

‘വിളമ്പിയത്‌ ഭക്ഷിക്കുക’എന്നൊരു ബൈബിൾ വാക്യമുണ്ട്‌. ലഭിച്ചതിനെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനുള്ള പ്രേരണയാണത്‌. ‘നീയെനിക്ക്‌ തന്നതിനോട്‌ എനിക്കെപ്പോഴും ഇഷ്ടമുണ്ടാകേണമേ’യെന്ന് തിരുനബി എപ്പൊഴും പ്രാർഥിച്ചിരുന്നതിന്റെ പൊരുൾ അതാണല്ലോ. ഏറ്റവും കുറച്ച്‌ വിഭവങ്ങളാണെങ്കിലും ഹൃദയസുഖത്തോടെ, പുഞ്ചിരിച്ച്‌ ജീവിക്കാമെന്ന് ആ വലിയജീവിതം കാണിച്ചുതന്നു. പരദേശിയെപ്പോലെ ജീവിച്ചു, പരമദരിദ്രനായി വിടചൊല്ലി.

ഓർക്കണം, ഒരു കാൽ ഭൂമിയിലാകുമ്പോഴും മറ്റേ കാൽ സ്വർഗ ലോകത്തേക്കുള്ള ചുവടിലായിരിക്കേണ്ടവരാണ്‌ നാം.

© PMA ഗഫൂർ