തീവ്രത പാടില്ല

"മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല."
[അദ്ധ്യായം 22 ഹജ്ജ്‌ 78]

"അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ."
[അദ്ധ്യായം 2 ബഖറ 286]

"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു."
[അദ്ധ്യായം 2 ബഖറ 256]

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: "നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക."
[ബുഖാരി]

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: "നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്."
[ബുഖാരി]

വഴിക്കുമുണ്ട്‌ അവകാശങ്ങൾ

അബൂസഈദ് (റ) നിവേദനം,

നബി(സ) അരുളി: "വഴിയരികില്‍ ഇരിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുവീന്‍."

അപ്പോള്‍ അനുചരന്മാര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് അതല്ലാതെ മറ്റു സ്ഥലമില്ല. ഞങ്ങളിരുന്ന് സംസാരിക്കുന്ന സ്ഥലങ്ങളാണവ. അതിനാല്‍ അത് ഞങ്ങള്‍ക്ക് അനിവാര്യമാണ്."

നബി(സ) അരുളി: "അവിടെയല്ലാതെ നിങ്ങള്‍ക്കിരിക്കാന്‍ സാധ്യമല്ലങ്കില്‍ വഴിക്ക് അതിന്റെ അവകാശം നിങ്ങള്‍ വിട്ട് കൊടുത്തു കൊള്ളുക."

വഴിയുടെ അവകാശം എന്താണെന്ന് അവര്‍ ചോദിച്ചു.

നബി(സ) പ്രത്യുത്തരം നല്‍കി : "കണ്ണിനെ നിയന്ത്രിക്കുക; ഉപദ്രവത്തെ നീക്കുക; വല്ലവനും സലാം പറഞ്ഞാല്‍ സലാം മടക്കുക; നന്മ ഉപദേശിക്കുക; തിന്മ വിരോധിക്കുക."

[മുസ്ലിം]

സ്ത്രീകൾ മുഖം മറക്കണോ?

"നബിയേ, താങ്കള്‍ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്‌ സൂക്ഷ്‌മമായി അറിയുന്നവനാണ്‌. സത്യവിശ്വാസിനികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും പറയുക.'' (വി.ഖു 24:30-31)

അനാവശ്യത്തിലേക്കും അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക. പ്രഥമ നോട്ടത്തില്‍ തനിക്ക്‌ കാണാന്‍ പറ്റാത്ത ആളോ വസ്‌തുവോ ആണെന്ന്‌ മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട്‌ തുടര്‍ന്ന്‌ നോക്കാതിരിക്കുക എന്നൊക്കെയാണ്‌ ദൃഷ്‌ടി താഴ്‌ത്തുക എന്നതുകൊണ്ടുദ്ദേശ്യം. അബ്‌ദുല്ലാഹില്‍ ബജലി(റ) പറയുന്നു: പെട്ടെന്നുള്ള അവിചാരിതമായ നോട്ടത്തെപ്പറ്റി ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അപ്പോള്‍ അവിടുന്ന്‌ എന്റെ ദൃഷ്‌ടിയെ തിരിച്ചുകൊള്ളാന്‍ കല്‌പിക്കുകയാണ്‌ ചെയ്‌തത്‌. നോട്ടത്തെ നിയന്ത്രിക്കാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കാന്‍ കൂടി കല്‌പിച്ചിട്ടുള്ളത്‌ ശ്രദ്ധേയമാണ്‌. നോട്ടത്തില്‍ നിന്നാണ്‌ വ്യഭിചാരത്തിലേക്ക്‌ പ്രചോദനമുണ്ടാകുന്നത്‌.

ദൃഷ്‌ടിയെ നിയന്ത്രിക്കാന്‍ പുരുഷന്മാരോടും സ്‌ത്രീയോടും വെവ്വേറെ കല്‌പിച്ചത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഏതൊരു കാരണത്തെ മുന്‍നിര്‍ത്തിയാണോ നോട്ടം നിയന്ത്രിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അക്കാര്യത്തില്‍ സ്‌ത്രീയും പുരുഷനും വ്യത്യാസമില്ലല്ലോ. അബ്‌ദുല്ലാഹിബിനു ഉമ്മിമക്തും എന്ന അന്ധനായ സ്വഹാബി കടന്നുവന്നപ്പോള്‍ നബി(സ) സ്വന്തം ഭാര്യമാരോട്‌ അകത്തുപോകാന്‍ കല്‌പിച്ചു. അദ്ദേഹം അന്ധനല്ലേ. ഞങ്ങളെ കാണുകയില്ലല്ലോ എന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: "എന്നാല്‍ നിങ്ങള്‍ രണ്ടുപേരും അന്ധകളല്ലല്ലോ. അങ്ങോട്ട്‌ കാണുകയില്ലേ.'' (അബുദാവൂദ്‌, തിര്‍മിദി), (തഫ്‌സീറുല്‍ ഖുര്‍ആന്‍ വാള്യം 3)

"നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്‌ത്രീകളോടും അവര്‍ തങ്ങളുടെ മേല്‍വസ്‌ത്രങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടുവാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌.'' (വി.ഖു 33:59) ഈ ആയത്തിലെ `ജില്‍ബാബ്‌' എന്ന പദത്തിന്റെ അര്‍ഥ വ്യാപ്‌തിയില്‍ മൂടുപടം എന്ന്‌ ഉള്‍ക്കൊള്ളുന്നുണ്ട്‌. അതു വെച്ചുകൊണ്ട്‌ മഹാത്മാക്കളായ ചില പണ്ഡിതന്മാര്‍ സൂക്ഷ്‌മതയുടെ പേരില്‍ സ്‌ത്രീ അവളുടെ മുഖംകൂടി മറയ്‌ക്കേണ്ടതാണെന്നുള്ള നിഗമനത്തിലെത്തിച്ചേര്‍ന്നു. പക്ഷേ, നബി(സ) ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ത്രീകളോട്‌ മുഖം മറയ്‌ക്കാന്‍ കല്‌പിച്ചതിന്‌ വ്യക്തമായ തെളിവുകള്‍ ഇല്ല. മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും അക്കാലത്ത്‌ സ്‌ത്രീകളുടെ മുഖം വെളിവായിരുന്നു എന്നതിലേക്കാണ്‌ കൂടുതല്‍ സൂചനകളുള്ളത്‌.

ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ``അബ്ബാസിന്റെ മകന്‍ ഫള്‌ല്‌ വാഹനത്തിന്മേല്‍ നബി(സ)യുടെ പിന്നിലായിരിക്കുന്ന സന്ദര്‍ഭത്തില്‍ ഖസ്‌അം ഗോത്രക്കാരിയായ ഒരു സ്‌ത്രീ നബിയുടെ മുമ്പില്‍ വന്നു. ഫള്‌ല്‌ അവളുടെ നേര്‍ക്കും അവര്‍ ഫള്‌ലിന്റെ നേര്‍ക്കും നോക്കാന്‍ തുടങ്ങി. നബി(സ) ഫള്‌ലിന്റെ മുഖത്തെ മറുവശത്തേക്ക്‌ തിരിച്ചുനിര്‍ത്തി.'' (ബുഖാരി). പര്‍ദയുടെ ആയത്തുകളൊക്കെ അവതരിച്ചതിന്‌ ശേഷമുള്ള ഹജ്ജതുല്‍ വിദാഇല്‍ വെച്ചാണ്‌ ഈ സംഭവം നടക്കുന്നത്‌. ജംറത്തുല്‍ അഖബയിലെ ഒന്നാമത്തെ ഏറ്‌ കഴിഞ്ഞ്‌ ഇഹ്‌റാമിലെ ആദ്യത്തെ തഹ്‌ലീലിലൂടെ വസ്‌ത്രത്തിലെ നിയമം ഒഴിവാകുകയും ചെയ്‌തിരുന്ന സന്ദര്‍ഭത്തിലാണത്‌. ഇബ്‌നുഹസം(റ) ഈ ഹദീസ്‌ ഉദ്ധരിച്ചുകൊണ്ട്‌ എഴുതിയത്‌ കാണുക: "സ്‌ത്രീയുടെ മുഖം നഗ്നതയായിരുന്നുവെങ്കില്‍ ജനങ്ങളുടെ മുമ്പില്‍ വെച്ച്‌ അവര്‍ മുഖം വെളിവാക്കിയതിനെ നബി(സ) അംഗീകരിക്കുമായിരുന്നില്ല. തീര്‍ച്ചയായും വസ്‌ത്രം മുഖത്തിന്റെ മേല്‍ താഴ്‌ത്തിയിടാന്‍ നബി(സ) കല്‌പിക്കുമായിരുന്നു. അവള്‍ മുഖം മറച്ചിരുന്നുവെങ്കില്‍ ഇബ്‌നുഅബ്ബാസിന്‌(റ) അവള്‍ സുന്ദരിയോ വിരൂപിയോ എന്ന്‌ വേര്‍തിരിച്ച്‌ മനസ്സിലാകുമായിരുന്നില്ല. അതിനാല്‍ മുഖം നഗ്നതയല്ലെന്ന്‌ നാം പറഞ്ഞത്‌ ഉറപ്പായും ശരിയാണ്‌, അല്ലാഹുവിനാണ്‌ സര്‍വ സ്‌തുതിയും.'' (അല്‍മുഹല്ല 3:218)

ജാബിര്‍(റ) പറയുന്നു: ``പ്രവാചകന്റെ കൂടെ പെരുന്നാള്‍ നമസ്‌കാരത്തില്‍ ഞങ്ങള്‍ പങ്കെടുത്തു. ശേഷം നബി(സ) മുന്നോട്ടുനീങ്ങി സ്‌ത്രീകളുടെ അടുത്തുചെന്ന്‌ പ്രത്യേകം ഉത്‌ബോധിപ്പിച്ചു. അവിടുന്ന്‌ പറഞ്ഞു: നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യണം. നിങ്ങളില്‍ അധികപേരും നരകാഗ്നിയില്‍ കത്തിയെരിയുന്നവരാകുന്നു. അപ്പോള്‍ സ്‌ത്രീകളുടെ മധ്യത്തില്‍ നിന്ന്‌ ഇരുകവിളുകളിലും കറുത്ത പുള്ളിയുള്ള ഒരു മഹതി എഴുന്നേറ്റുനിന്ന്‌ നബി(സ)യോട്‌ ചോദിച്ചു: എന്തുകൊണ്ട്‌ പ്രാവചകരേ?'' (മുസ്‌ലിം 886). `സഫ ആഉല്‍ ഖൈദനി' എന്നാണ്‌ ഹദീസില്‍ പറയുന്നത്‌. കവിളില്‍ കറുത്ത പുള്ളിയുള്ള എന്നാണ്‌ ഇമാം നവവി(റ) ഇതിന്‌ അര്‍ഥം പറയുന്നത്‌. (ശറഹുല്‍ മുസ്‌ലിം 3-444) വസ്‌ത്രധാരണത്തിന്റെ നിയമം വന്നതിന്‌ ശേഷവും സ്വഹാബാ വനിതകള്‍ മുന്‍കയ്യും മുഖവും ബാക്കിവെയ്‌ക്കുന്നു. ഇസ്‌ലാമിക വേഷമല്ലാതെ മുഖം മറച്ചിരുന്നില്ല എന്നതിന്‌ ഈ സംഭവം തെളിവാകുന്നു. സ്‌ത്രീകളുടെ നിയമ വിഷയത്തില്‍ ഏറെ കര്‍ക്കശക്കാരനായിരുന്നു ഉമര്‍(റ). അദ്ദേഹത്തിന്റെ ഭരണകാലത്തും സ്‌ത്രീകള്‍ മുഖം മറച്ചിരുന്നില്ല.

✍ജമീല ടീച്ചർ എടവണ്ണ

അനീതിയില്ലാത്ത ലോകം

"അന്നേ ദിവസം (വിചാരണ നാളിൽ) യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല." [അദ്ധ്യായം 36 യാസീൻ 54]

അല്ലാഹു ചിലരെ നിർബന്ധിതരായ നിലക്ക്‌ നരകത്തിനു വേണ്ടി സൃഷ്ടിച്ചിരുന്നെങ്കിൽ ഇപ്രകാരം പ്രസ്താവിക്കുകയില്ല. അങ്ങനെയായിരുന്നുവെങ്കിൽ അത്‌ അവൻ ചെയ്യുന്ന കടുത്ത അനീതിയാകുമായിരുന്നു. അതുപോലെ പ്രബോധനം ലഭിക്കാത്തവരെ ശിക്ഷിക്കുന്നതും അനീതിയാണ്. അത്തരത്തിൽ ഒരാളോടും  അനീതി ചെയ്യുകയില്ലെന്നും സ്വർഗ്ഗവും നരകവും മനുഷ്യന്റെ കർമ്മഫലമാണെന്നും അല്ലാഹു ഇവിടെ ഉണർത്തുന്നു.

By അബ്ദുസ്സലാം സുല്ലമി

അറിവുള്ളവർ അവനെ ഭയക്കും

"നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്‌. മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു."
[അദ്ധ്യായം 35 ഫാത്വിര്‍ 27, 28]

വ്യാഖ്യാനം :

1.പ്രകൃതിയിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ച ശേഷമാണ് അറിവുള്ളവരാണ് അല്ലാഹുവിനെ ശരിക്കും ഭയപ്പെടുക എന്ന് ഇവിടെ പറയുന്നത്. ശാസ്ത്രീയമായ അറിവാണ് ഇവിടെ വിവക്ഷ.

2.അല്ലാഹുവിന്‍റെ അസ്ത്വിത്വം പ്രകൃതിയിലെ അത്ഭുതങ്ങളിലൂടെ മനസ്സിലാക്കിയാല്‍ മാത്രമാണ് അടിയുറച്ച വിശ്വാസം ഉണ്ടാവുക.

3.നമ്മുടെ ദുഖത്തില്‍ നിന്നും സന്തോഷത്തില്‍ നിന്നും അല്ലാഹുവിന്‍റെ അസ്ത്വിത്വം ഗ്രഹിച്ചാല്‍ വിശ്വാസത്തില്‍ ഉറപ്പ് ഉണ്ടാവുകയില്ല. ദുഃഖം അവസാനിച്ചു സുഖം ലഭിച്ചാല്‍ അല്ലാഹുവിനെ മറക്കും. സുഖം നഷ്ടപ്പെട്ടാല്‍ അല്ലാഹുവിനെ നിഷേധിക്കും. ഇത്തരം മനുഷ്യന്മാരെ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്.

4.'പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചുവോ' എന്നതില്‍ നിന്നാണ് ചിലര്‍ അല്ലാഹുവിനെ മനസ്സിലാക്കുക. ഇതും അടിസ്ഥാനരഹിതമായതാണ്. അല്ലാഹുവിന്‍റെ അസ്ത്വിത്വം (വുഈദ്) നാം ശരിക്കും മനസ്സിലാക്കേണ്ടത് പ്രകൃതിയിലെ അത്ഭുതങ്ങളില്‍ നിന്നും വേദഗ്രന്ഥങ്ങളിലെ അത്ഭുതങ്ങളില്‍ നിന്നുമായിരിക്കണം.

5.മതപണ്ഡിതന്മാരില്‍  അല്ലാഹുവില്‍ അടിയുറച്ച വിശ്വാസം ഉള്ളവര്‍ വളരെ കുറവാണ്. ഇതിനുള്ള കാരണം പ്രകൃതിയിലെ അത്ഭുതങ്ങള്‍ അവര്‍ പഠിക്കാത്തത് കൊണ്ടാണ്. ഇത് കൊണ്ടാണ് ഖുര്‍ആന്‍ ഈ വിജ്ഞാനത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നത്. അനിവാര്യമാക്കുന്നതും.

✍അബ്ദുസ്സലാം സുല്ലമി

അവർക്ക്‌ യാതൊരു കഴിവുമില്ല

"അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു." [അദ്ധ്യായം 16 : 20 ,21 ,22]

വ്യാഖ്യാനം :

20 ) മരണപ്പെട്ടുപോയ മഹാന്മാരെയും മഹതികളെയും മറ്റും വിളിച്ചു സഹായം (ഇസ്തിഗാസ) ചെയ്യുന്നവരാണ് ഇവിടെ ഉദ്ദേശം. സൃഷ്ടിക്കപ്പെട്ടവരെ വിളിച്ചു തേടാന്‍ പാടില്ലെന്നും സൃഷ്ടാവിനെ മാത്രമേ വിളിച്ചു തേടാന്‍ പാടുള്ളുവെന്നും സൂക്തം വ്യക്തമാക്കുന്നു. ബദ്രീങ്ങളും, മുഹയുദ്ധീന്‍ ശെയ്ക്കും ലാത്തയും ഈസാ നബിയും എല്ലാം സൃഷ്ടിക്കപ്പെട്ടവരാണ്. യാതൊന്നിനെയും അവര്‍ സൃഷ്ടിച്ചിട്ടില്ല. അന്ത്യദിനം വരെ പുതിയ വ്യക്തികളെ മനുഷ്യന്‍ വിളിച്ചു തേടുവാന്‍ സാധ്യതയുള്ളത് കൊണ്ടാണ് 'അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നു' എന്ന ഭാവിയെക്കുറിക്കുന്ന പദം അല്ലാഹു പ്രയോഗിച്ചത്.

21 ) മരണപ്പെട്ടവരേയും മരണപ്പെടുന്ന സ്വഭാവം ഉള്ളവരുമായ ആരെയും കാര്യകാരണബന്ധങ്ങള്‍ക്ക് അപ്പുറമുള്ള സംഗതികള്‍ക്ക് വേണ്ടി വിളിച്ചു സഹായം തേടുവാന്‍ പാടില്ലെന്ന് വ്യക്തമായി ഉണര്‍ത്തുകയാണ്. മരണപ്പെട്ടവരും അദൃശ്യരുമായ മഹാന്മാരാണ് ഇവിടെ ഉദേശിക്കുന്നത് എന്ന് 'ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല' എന്ന പ്രസ്താവന യാതൊരു സംശയത്തിനും പഴുതില്ലാത്ത വിധം വ്യക്തമാക്കുന്നു. വിഗ്രഹങ്ങളെയായിരുന്നില്ല മറിച്ച് വിഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മഹാന്മാരെയായിരുന്നു വിഗ്രഹാരാധകന്മാര്‍ ഉദ്ദേശിച്ചിരുന്നതെന്ന് ഇമാം റാസി (റ) തന്‍റെ തഫ്സീറില്‍ 25ല്‍ അധികം സ്ഥലങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ വിഗ്രഹങ്ങള്‍ എന്ന് ഇവിടെ അര്‍ഥം നല്‍കിയാലും വിരോധമില്ല. അതായത് വിഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവര്‍ എന്നര്‍ത്ഥം. യേശുക്രിസ്തുവിന്‍റെ വിഗ്രഹത്തെ വിളിച്ചു വല്ല മനുഷ്യനും വിളിച്ചു തേടിയാല്‍ ഖുര്‍ആനിന്റെ ഭാഷയില്‍ വിഗ്രഹവും അദ്ദേഹവും കേള്‍ക്കുകയില്ല. മരണപ്പെട്ടവര്‍ എന്ന വിശേഷണം വിഗ്രഹത്തെക്കാള്‍ യോജിക്കുക ശൈഖിനാണ്. മലക്കുകളും ഈ സൂക്തത്തില്‍ ഉദ്ദേശിക്കപ്പെടുമെന്ന് ഇമാം റാസി (റ) ഉദ്ധരിക്കുന്നു. അതായത് അവര്‍ക്കും മരണം അനിവാര്യമാണ് (റാസി 20 -16 ).

22 ) പുനര്‍ജീവിതത്തില്‍ രക്ഷ കിട്ടുവാനും അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്നും ശുപാര്‍ശ മൂലം മോചനം ലഭിക്കുവാനുമാണ്‌ മനുഷ്യര്‍ അല്ലാഹുവിനു പുറമേ മറ്റുള്ളവരെ പ്രധാനമായും വിളിച്ചു തേടുന്നത്. അതിനാല്‍ യഥാര്‍ത്ഥമായ പരലോകത്തില്‍ ഇവര്‍ വിശ്വസിച്ചിട്ടില്ലെന്നു വിവക്ഷ. തെളിവുകളെ അവഗണിക്കുന്ന സ്വഭാവം മനുഷ്യര്‍ക്കുണ്ടായാല്‍ നിഷേധാത്മകമായ ഒരു സ്വഭാവം ഹൃദയത്തിനു ഉണ്ടാകുന്നതാണ്. സത്യത്തെ നിഷേധിക്കലാണ് അഹങ്കാരത്തിന്റെ ഒരു വിവക്ഷ.

✍അബ്ദുസ്സലാം സുല്ലമി

ആയത്തുൽ കുർസ്സിയ്യ്‌

"അല്ലാഹു, അവനല്ലാതെ ഒരു ആരാധ്യനുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും സ്വയം ഭൂവുമാകുന്നു. അവനെ മയക്കവും നിദ്രയും പിടികൂടുകയില്ല. അവനുള്ളതാണ് ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും. ആരുണ്ട് അവന്റെ അനുവാദപ്രകാരമല്ലാതെ അവനോടു ശുപാര്‍ശ ചെയ്യുന്നവന്‍. അവന്‍ അറിയുന്നു; അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതും. അവന്റെ അറിവില്‍ നിന്നും അവന്‍ ഉദ്ദേശിച്ചതല്ലാതെ യാതൊന്നും അവര്‍ പ്രാപിക്കുന്നില്ല. അവന്റെ കുര്‍സിയ്യ് (രാജപീഠം) ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു. അവ രണ്ടിന്റെയും സംരക്ഷണം അവനൊരു ഭാരമാവുകയില്ല. അവന്‍ അത്യുന്നതനും മഹാനുമാകുന്നു." [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 ബഖറ 255]

മഹത്തായ തത്വതിലേക്ക് ഈ സൂക്തം അറിവ് നല്‍കുന്നു.

1. ദൈവം സ്വയം ഭൂവാന്. അതിനാല്‍ അവനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിനു പ്രസക്തിയില്ല.

2. സ്വയം ഭൂവിന്റെ സവിശേഷതകള്‍ അവനില്‍ മാത്രമാണുള്ളത്. പ്രപഞ്ചത്തിനു അതില്ല.

3. മരണം സംഭവിക്കുന്നവന്‍ ദൈവമല്ല. ദൈവത്തെ നിദ്രപോലും പിടികൂടാന്‍ പാടില്ല.

5. പരലോകത്തെ ശുപാര്‍ശയും ഭൌതിക ലോകത്തെ ശുപാര്‍ശയും തമ്മില്‍ ധ്രുവങ്ങള്‍ തമ്മിലുള്ള വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ അനുവാദത്തിനു ശേഷം അവന്‍ തൃപ്തിപ്പെട്ടു നിര്‍ദ്ദേശിക്കുന്നവര്‍ക്കു മാത്രമാണ് മുഹമ്മദ്‌ നബി (സ) വരെ ശുപാര്‍ശ ചെയ്യുക.

6. പ്രപഞ്ചത്തിന്റെ മുഴുവന്‍ അധികാരമുള്ളവന്‍ മാത്രമേ ദൈവമാവുകയുള്ളൂ.

✍അബ്ദുസ്സലാം സുല്ലമി