ഒരു സഹാബിയുടെ ഉപദേശങ്ങൾ

"യഥാർത്ഥ സൗഭാഗ്യം എന്നത്‌ ദുനിയാവിനെ നീ ഉടമപ്പെടുത്തലാണ്. ദുനിയാവ്‌ നിന്നെ ഉടമപ്പെടുത്തലല്ല."

"കാലം മുഴുവൻ നിങ്ങൾ നന്മ അന്വേഷിച്ചു കൊണ്ടേയിരിക്കുക." 

"നിങ്ങളിലൊരാൾക്കും വിജ്ഞാനിയാവാതെ ഭക്തനാവാൻ കഴിയില്ല. നിങ്ങളുടെ അറിവിന് ഭംഗി കൈവരുന്നത്‌ ആ അറിവനുസരിച്ച്‌ നിങ്ങൾ പ്രവർത്തിക്കുമ്പോൾ മാത്രമാണ്."

"നിന്റെ കൈവശമുള്ള ദുനിയാവിലെ ഏതൊരു വിഭവവും നിനക്ക്‌ മുമ്പ്‌ മറ്റൊരാളുടേതായിരുന്നു. നിനക്ക്‌ ശേഷം അത്‌ മറ്റൊരാൾക്കുള്ളതുമാണ്. നിന്റേതെന്ന് പറയാവുന്നത്‌ അവയിൽ നിന്ന് നിനക്ക്‌ വേണ്ടി നീ ശേഖരിച്ചുവെച്ച നന്മകൾ മാത്രമാണ്."

"ദൃഢവിശ്വാസവും ഭയഭക്തിയുമുള്ളവൻ ചെയ്യുന്ന ഒരു അണുത്തൂക്കം പുണ്യം ഭൗതികതയിൽ വഞ്ചിതരായവർ ചെയ്യുന്ന പർവ്വതസമാനമായ ആരാധനയേക്കാൾ പ്രബലവും പവിത്രവുമാണ്."

"മനുഷ്യൻ മൂന്നു വിധമാണ്. പണ്ഡിതൻ, വിദ്യാർത്ഥി, ഒരു നന്മയുമില്ലാത്ത ദുർബലൻ."

"ഒരു മണിക്കൂർ ചിന്തിക്കുന്നതാണ് ഒരു രാത്രി മുഴുവൻ ആരാധനയിൽ മുഴുകുന്നതിനേക്കാൾ ഉത്തമം."

"സമ്പത്ത്‌ കുറച്ചുമാത്രം ഉണ്ടാവുകയും അതുകൊണ്ട്‌ തൃപ്തിയാവുകയും ചെയ്യുന്നതാണ് സമ്പത്ത്‌ കൂടുതലുണ്ടായിട്ട്‌ ധൂർത്തിലും അശ്രദ്ധയിലും മുഴുകുന്നതിനേക്കാൾ നല്ലത്‌."

അബുദ്ദർദാഅ്‌ (റ)

ഉദ്ദേശമനുസരിച്ച്‌ പ്രതിഫലം

"അവയുടെ (ബലിമൃഗങ്ങളുടെ) മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ  ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്." [സൂറ 22 ഹജ്ജ്: 37]

ഉമറുബ്‌നുല്‍ ഖത്വാബ്(റ) വില്‍ നിന്ന്, അദ്ദഹം പറഞ്ഞു: നബി (സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു : "പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉദ്ദേശമനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക." [ബുഖാരി, മുസ്‌ലിം]

മഅ്‌നു ബിന്‌യസീദ് (റ)ല്‍ നിന്ന് നിവേദനം: എന്‍റെ പിതാവ് ദാനം ചെയ്യുന്നതിന്നായി അല്‍പം ദീനാറുകള്‍ പള്ളിയില്‍ ഇരിക്കുകയായിരുന്ന ഒരാളുടെ സമീപം വെച്ചു. ഞാന്‍ പോയി അതെടുക്കുകയും വീട്ടിലേക്ക് കൊണ്ട് വരികയും ചെയ്തു. അത് കണ്ട എന്‍റെ പിതാവ് പറഞ്ഞു: 'ഞാന്‍ നിനക്ക് വേണ്ടിയായിരുന്നില്ല അത് ദാനം ചെയ്തത്.' അപ്പോള്‍ ഞാന്‍ ആ വിഷയത്തില്‍ നബി(സ) യുടെ അടുത്ത് പരാതി പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: "മഅ്ന്‍, നിങ്ങള്‍ എടുത്തത് നിങ്ങള്‍ക്കുള്ളത് തന്നെ. യസീദ്, നിങ്ങള്‍ക്ക് നിങ്ങളുടെ ഉദ്ദേശമനുസരിച്ച് പ്രതിഫലമുണ്ടായിരിക്കും." [ബുഖാരി]

അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി (സ) പറയുകയുണ്ടായി: "അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും ബാഹ്യരൂപങ്ങളിലേക്കുമല്ല നോക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കത്രെ." [മുസ്‌ലിം]

നല്ല ശുപാർശ

"വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ ആ നന്‍മയില്‍ ഒരു പങ്ക് അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ ആ തിന്‍മയില്‍ നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.'' [അദ്ധ്യായം 4 നിസാഅ് 85]

ഒരാൾ നല്ല തരത്തിലുള്ള വല്ല ശുപാർശകളും ഒരാൾക്ക്‌ വേണ്ടി നിർവ്വഹിച്ചാൽ അതിന്റെ ഗുണങ്ങളിൽ നിന്നുള്ള ഒരു വിഹിതവും ചീത്തയായ കാര്യങ്ങൾക്ക്‌ വേണ്ടി ശുപാർശയും പ്രേരണയും നടത്തിയാൽ അതിന്റെ തിന്മകളിൽ നിന്നുള്ള ഒരു പങ്കും അവനു ലഭ്യമായിത്തീരും എന്ന് അല്ലാഹു അറിയിക്കുന്നു. കാരണം അവന്റെ പ്രവർത്തനങ്ങളുടെ അനന്തരഫലമായാണ് ആ നന്മയും തിന്മയും നിലവിൽ വരുന്നത്‌.

നല്ല ഒരു കാര്യത്തിന്ന് വേണ്ടി നാം നടത്തുന്ന ഉപദേശനിർദ്ദേശങ്ങൾ, പ്രേരണകൾ, പ്രോൽസാഹനങ്ങൾ, പ്രാർത്ഥനകൾ, സഹായങ്ങൾ എല്ലാം നമ്മെ ആ നന്മയുടെ ഭാഗമാക്കിത്തീർക്കുന്നതാണ്. അതിന്റെ പ്രതിഫലം മരണാനന്ത ജീവിതത്തിലേക്ക്‌പോലും നമുക്ക്‌ ലഭ്യമായിത്തീരുന്നു. എന്നാൽ ചീത്തയായ കാര്യത്തിനാണ് നമ്മുടെ ശുപാർശയും ഒത്താശയും പ്രോൽസാഹനവും നിമിത്തമാവുന്നതെങ്കിൽ നാം ഏറെ ഭയപ്പെടേണ്ടതുണ്ട്‌. കാരണം നാമും ആ തെറ്റിൽ അറിയാതെ പങ്കാളിയായിത്തീരുകയാണ്.

"നീ മുഖേന ഒരാൾ സന്മാർഗ്ഗത്തിലായാൽ ഈ ലോകത്തെ മുഴുവൻ സ്വത്തും ലഭിക്കുന്നതേക്കാൾ നല്ലതാണ്" എന്ന് നബി (സ) പഠിപ്പിക്കുന്നു. നന്മകളുടെ മാതൃകകളായി ജീവിക്കാനും നന്മയും ക്ഷമയും പരസ്പരം ഉപദേശിച്ച്‌ സൽകർമ്മ ജീവിതത്തിന് വഴികാട്ടാനുമായിരിക്കണം ഒരു വിശ്വാസിയുടെ ശ്രമം. നാം ചെയ്യുന്ന ഓരോ കാര്യവും അല്ലാഹുവിന്റെ മേൽനോട്ടത്തിലാണ് എന്നോർക്കുക. അവൻ നമ്മുടെ അകവും പുറവും കണ്ടുകൊണ്ടിരിക്കുന്നു. അതിനാൽ നമ്മുടെ വാക്കും പ്രവൃത്തിയും മറ്റുള്ളവരിൽ നന്മകൾ വളർത്താൻ പര്യാപ്തമാവുന്നതാകട്ടെ.

✍ അബ്‌ദു സലഫി

നല്ല കൂട്ടുകാരൻ

നബി (സ) പറഞ്ഞു : "നല്ല കൂട്ടുകാരന്റെ ഉദാഹരണം കസ്‌തൂരി വില്‌പനക്കാരനെപ്പോലെയും ചീത്ത കൂട്ടുകെട്ടുകാരന്റെ ഉദാഹരണം ഉലയില്‍ ഊതുന്ന തട്ടാനെപ്പോലെയുമാകുന്നു. കസ്‌തൂരി വില്‌പനക്കാരനില്‍ നിന്ന്‌ മൂന്നിലൊരു സൗഭാഗ്യം അയാളുടെ സാന്നിധ്യത്തിലെത്തുന്നവര്‍ക്കെല്ലാം അനുഭവിക്കാന്‍ കഴിയും. ഒന്നുകില്‍ അയാള്‍ അല്‌പം സുഗന്ധം നമുക്ക്‌ പുരട്ടിത്തരും. അല്ലെങ്കില്‍ നമുക്കാവശ്യമുള്ള സുഗന്ധം അയാളില്‍ നിന്ന്‌ വില കൊടുത്ത്‌ വാങ്ങാം. അതുമല്ലെങ്കില്‍ ഒരു സുഗന്ധമാസ്വദിച്ച്‌ അയാളുടെ അടുത്തുകൂടെ കടന്നുപോകാം. എന്നാല്‍ ഉലയില്‍ ഊതുന്ന തട്ടാനാകട്ടെ, അയാളുടെ അടുത്തുനിന്ന്‌ ഒരു തീപ്പൊരി പാറി വന്ന്‌ നമ്മുടെ വസ്‌ത്രം കത്തിപ്പോയെന്നു വരാം. അല്ലെങ്കില്‍ (പുകയും വെണ്ണീറും ശ്വസിച്ച്‌) അയാളുടെ അടുത്തുകൂടെ ദുര്‍ഗന്ധം ഏറ്റുവാങ്ങി കടന്നുപോവാം!"  [ബുഖാരി, മുസ്‌ലിം]

സാമൂഹ്യ ജീവിതത്തിലെ ബന്ധങ്ങളും സഹവാസങ്ങളും നമ്മുടെ ജീവിതത്തെ എങ്ങനെ ഗുണപരമായും ദുഷ്‌കരമായും സ്വാധീനിക്കുന്നു എന്ന്‌ ബോധ്യപ്പെടുത്തുന്ന നബിവചനമാണിത്‌. ആദര്‍ശബോധത്തോടെ ജീവിക്കാന്‍ ബാധ്യതയുള്ള സത്യവിശ്വാസികള്‍ക്ക്‌ ഈ നബിവചനം ഒട്ടേറെ ദിശാസൂചനകള്‍ നല്‌കുന്നുണ്ട്‌.

1. സാമൂഹ്യ ജീവിയായ മനുഷ്യന്‌ സാമൂഹ്യബന്ധങ്ങളില്‍ നിന്ന്‌ വേറിട്ട്‌ ഒരു ജീവിതം സാധ്യമല്ല.

2. മനുഷ്യര്‍ അവരുടെ സ്വഭാവ നിലവാരത്തില്‍ വ്യത്യസ്‌ത തരക്കാരാണ്‌. അതിനാല്‍ ആളുകളുമായി സഹവസിക്കുമ്പോള്‍ ശ്രദ്ധയും ജാഗ്രതയും വേണം.

3. നല്ല മനുഷ്യരുമായി കൂടുതല്‍ സഹവസിക്കുകയും അവരുമായി നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ക്ക്‌ ഗുണപരമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്‌.

4. ചീത്ത സ്വഭാവവും സാംസ്‌കാരിക ജീര്‍ണതയും മുഖമുദ്രയാക്കിയവരെ കൂട്ടുകാരാക്കിയാല്‍ അവരുടെ സ്വഭാവവൈകല്യം അറിയാതെയാണെങ്കിലും കൂട്ടുകാരിലേക്ക്‌ സാംക്രമിക്കുകയും സ്വാംശീകരിക്കപ്പെടുകയും ചെയ്യും.

5. സത്യവിശ്വാസികള്‍ സജ്ജന സഹവാസത്തിനാണ്‌ ശ്രമിക്കേണ്ടത്‌. തന്നെക്കാള്‍ സല്‍ക്കര്‍മനിരതമായ ജീവിതവും സ്വഭാവഗുണവും നിലനിര്‍ത്തുന്നവരുമായി സഹവസിക്കാന്‍ ഒരു വിശ്വാസി ശ്രമിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ താന്‍ നിലനിര്‍ത്തിപ്പോരുന്ന നന്മയുടെ ഗ്രാഫ്‌ ഒന്നുകൂടി ഉയരാന്‍ അത്‌ സഹായകമാകും.

6. ദുസ്സ്വഭാവികളുമായാണ്‌ നമ്മുടെ സഹവാസമെങ്കില്‍ നമ്മെ ആളുകള്‍ വിലയിരുത്തുക ദുസ്സ്വഭാവികളായ നമ്മുടെ കൂട്ടുകാരുടെ നിലവാരത്തിലായിരിക്കും. അത്‌ നാം നിലനിര്‍ത്തിപ്പോന്ന ധാര്‍മികമായ ഇമേജ്‌ തകര്‍ക്കാനാണ്‌ സഹായകമാവുക.

നല്ല കൂട്ടുകെട്ടിലൂടെ നല്ല ജീവിത പരിസരം സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുന്നതുപോലെ ചീത്ത കുട്ടൂകെട്ടിലൂടെ ചീത്ത ജീവിതസാഹചര്യങ്ങളിലേക്ക്‌ വഴുതിവീഴുകയും ചെയ്യും. വ്യക്തിയെ മനസ്സിലാക്കാനും അവനെ വിലയിരുത്താനും പറ്റിയ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന്‌ അവന്റെ കൂട്ടുകെട്ട്‌ ആരുമായിട്ടാണ്‌ എന്നറിയുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ അബൂഹുറയ്‌റ നിവേദനം ചെയ്യുകയും തിര്‍മിദി ഉദ്ധരിക്കുകയും ചെയ്‌ത ഒരു നബിവചന സാരാംശം ഇപ്രകാരമാണ്‌: "ഒരു വ്യക്തി വിലയിരുത്തപ്പെടേണ്ടത്‌ അവന്റെ കൂട്ടുകാരന്റെ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്‌. അതിനാല്‍ ഓരോരുത്തരും താന്‍ ആരെയാണ്‌ കൂട്ടുകാരനാക്കുന്നതെന്ന്‌ സ്വയം പരിശോധിക്കട്ടെ.''

✍ശംസുദ്ദീൻ പാലക്കോട്‌

രാത്രിനമസ്കാരത്തിന്റെ പ്രാധാന്യം

"ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക. അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക. അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.

തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു." [അദ്ധ്യായം 73 മുസമ്മിൽ 1,2,3,4 & 6]

🔳നബിയുടെ പ്രബോധനത്തിന്റെ ആരംഭത്തിൽ രാത്രി നമസ്കാരം നബി (സ)ക്കും മുസ്‌ലിംകൾക്കും നിർബന്ധമായിരുന്നു. അഞ്ചു നേരത്തെ നമസ്കാരം നിർബന്ധമാക്കിയപ്പോൾ രാത്രിനമസ്കാരത്തിന്റെ നിർബന്ധാവസ്ഥ നബി (സ)യിൽ സ്ഥിരപ്പെടുകയും മറ്റുള്ളവർക്ക്‌ നിർബന്ധമില്ലാത്ത വലിയൊരു പുണ്യകർമ്മമായി മാറ്റുകയും ചെയ്തു എന്ന് ആയിശ (റ) അഭിപ്രായപ്പെടുന്നു. (മുസ്‌ലിം). ഈ റിപോർട്ടാണ് ഖുർആനും നബിചര്യയുമായി ഏറ്റവും യോജിക്കുന്നത്‌. രാത്രിയുടെ പകുതി എഴുനേറ്റ്‌ നമസ്കരിക്കുക. അല്ലെങ്കിൽ മൂന്നിൽ ഒരുഭാഗമായി ചുരുക്കുക. അതുമല്ലെങ്കിൽ മൂന്നിൽ രണ്ടുഭാഗമായി വർദ്ധിപ്പിക്കുക. ഇപ്രകാരം സൗകര്യം പോലെ ചെയ്യുവാനുള്ള സ്വാതന്ത്ര്യം നൽകുകയാണ് അല്ലാഹു. അതുപോലെ ഖുർആൻ സാവകാശം അർത്ഥം മനസ്സിലാക്കിക്കൊണ്ട്‌ ഓതുകയും ചെയ്യുക.

രാത്രി ഉറങ്ങിയശേഷം അതിന്റെ അന്ത്യയാമങ്ങളിൽ എഴുനേറ്റ്‌ നമസ്കരിച്ചാൽ നാവ്‌ കൊണ്ട്‌ പാരായണം ചെയ്യുന്നത്‌ മനസ്സുമായി യോജിക്കുവാൻ ഏറ്റവും നല്ല സമയമാണ്. അതുപോലെ പ്രാർത്ഥനക്ക്‌ ഉത്തരം ലഭിക്കുവാനും പാരായണത്തിൽ പിഴവു സംഭവിക്കാതിരിക്കുവാനും ഖുർആന്റെ ആശയം വേഗം മനസ്സിലാക്കുവാനും പറ്റിയ സമയം കൂടിയാണത്‌.

✍അബ്ദുസ്സലാം സുല്ലമി

എങ്ങനെ പ്രതിരോധിക്കാം

Q "കാലഹരണപ്പെട്ട നാണയംപോലെയാണ്‌ ഇന്നത്തെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ. മുസ്‌ലിംകളെ അത്രമാത്രം തെറ്റിദ്ധരിച്ചിരിക്കുന്നു ഇതരസമുദായങ്ങള്‍. ഇല്ലാത്തതും ഉള്ളതുമായ തീവ്രവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുസ്‌ലിം സമുദായത്തിന്‌. മാധ്യമങ്ങളും ഇസ്‌ലാം വിരുദ്ധരും കൈകോര്‍ക്കുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ മൗനംപാലിക്കുന്നു. ഈ ദുര്യോഗത്തിന്‌ അറുതിവരുത്തേണ്ടതല്ലേ? പ്രതിരോധ സംവിധാനം നമുക്ക്‌ എങ്ങനെ രൂപപ്പെടുത്താം?"

A: പ്രവാചകന്മാരും അവരുടെ അനുയായികളും എക്കാലത്തും പരിഹാസത്തെയും എതിര്‍പ്പുകളെയും നേരിടേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴൊക്കെ ക്ഷമയും സഹനവും കൈക്കൊണ്ടതിനാലാണ്‌ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക്‌ കരഗതമായത്‌. ``നിനക്ക്‌ മുമ്പും ദൂതന്മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്‌തത്‌, നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നതുവരെ അവര്‍ സഹിച്ചു. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്‌ മാറ്റംവരുത്താന്‍ ആരുംതന്നെയില്ല. ദൈവദൂതന്മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.'' (വി.ഖു 6:34)

യഥാര്‍ഥ വിശ്വാസികളായി ജീവിക്കുകയും സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ എന്തൊക്കെ കഷ്‌ടപ്പാടുകള്‍ സഹിക്കേണ്ടിവന്നാലും അതിനൊക്കെ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുമെന്ന്‌ വിശുദ്ധ ഖുര്‍ആനിലൂടെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അതിന്റെയൊന്നും പേരില്‍ മനസ്സ്‌ മടുത്ത്‌ സത്യമതത്തില്‍ നിന്ന്‌ പിന്തിരിയാനോ സത്യപ്രബോധനം ഉപേക്ഷിക്കാനോ പാടില്ല. അങ്ങനെ ചെയ്‌താല്‍ അല്ലാഹുവിന്റെ ശിക്ഷയ്‌ക്ക്‌ നാം അവകാശികളായിത്തീരും.

പരിഹാസത്തെ പരിഹാസംകൊണ്ടും അക്രമത്തെ അക്രമംകൊണ്ടും നേരിടുന്നത്‌ ഇസ്‌ലാമിക രീതിയല്ല. തിന്മയെ നന്മകൊണ്ട്‌ നേരിടുന്നതിനെയാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌. അതായത്‌ നമ്മെ പരിഹസിക്കുന്നവരോടും ശകാരിക്കുന്നവരോടും നാം മാന്യതയോടെ നല്ല വാക്കുകള്‍ പറയുക. നമ്മോട്‌ അനീതി കാണിക്കുന്നവരോടുപോലും നാം നീതിപാലിക്കുക. നമ്മെ ദ്രോഹിക്കുന്നവരെപ്പോലും നാം സഹായിക്കുക. വിമര്‍ശിക്കുന്നവര്‍ക്കും തെറ്റിദ്ധരിച്ചവര്‍ക്കും നാം കാര്യങ്ങള്‍ ഏറ്റവും നല്ല നിലയില്‍ വിശദീകരിച്ചുകൊടുക്കുക. ഇതൊക്കെ അസാധ്യമോ അപ്രായോഗികമോ ആണെന്ന്‌ തോന്നുന്നത്‌ വൈകാരികമായ സന്തുലിതത്വമില്ലാത്തതുകൊണ്ടാണ്‌. തീവ്രമായ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഇതൊക്കെ സാധ്യമാകും.

അങ്ങനെ സാധിച്ചാല്‍ അതിന്റെ ഫലം ആശ്ചര്യകരമായിരിക്കും. നമ്മുടെ സ്വഭാവമഹിമയും ആദര്‍ശത്തിന്റെ മഹത്വവും മനസ്സിലാക്കി ദുര്‍വാശിയില്ലാത്ത ആളുകള്‍ ശത്രുത കൈവെടിഞ്ഞ്‌ നമ്മുടെ മിത്രങ്ങളായി മാറും. അങ്ങനെ ക്ഷമാപൂര്‍വകമായ സമീപനങ്ങളിലൂടെ ശത്രുക്കളെ സുഹൃത്തുക്കളാക്കിത്തീര്‍ക്കാന്‍ കഴിയുന്നത്‌ മഹാഭാഗ്യമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു (41:34,35). ഉന്മൂലന ഭീഷണി നേരിട്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇതില്‍നിന്ന്‌ വ്യത്യസ്‌തമായി സായുധ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും മാര്‍ഗം നബി(സ)യും അനുചരന്മാരും സ്വീകരിച്ചിട്ടുള്ളൂ.

മറ്റു മതസമുദായങ്ങളും മതനിഷേധികളും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രൂക്ഷമായി വിമര്‍ശിക്കുക എന്നത്‌ ഒരു പുതിയ സംഭവമല്ല. ചരിത്രത്തിലെ പല ദശാസന്ധികളിലും പല കാരണങ്ങളാലും എതിരാളികള്‍ ഇസ്‌ലാം വിമര്‍ശനത്തില്‍ മുഴുകിയിട്ടുണ്ട്‌. ഇസ്‌ലാം ശ്രദ്ധിക്കപ്പെടുകയും മുസ്‌ലിംകള്‍ ഏതെങ്കിലും രംഗത്ത്‌ സ്വാധീനം നേടുകയും ചെയ്യുമ്പോള്‍ വിമര്‍ശകര്‍ക്ക്‌ വാശികൂടാറുണ്ട്‌. ഇതിനെ ഫലപ്രദമായി നേരിടാന്‍ ഒന്നാമതായി വേണ്ടത്‌ മുസ്‌ലിംകള്‍ എല്ലാ വിഷയങ്ങളിലും തങ്ങളുടെ നിലപാട്‌ കുറ്റമറ്റതാക്കുകയാണ്‌. മുസ്‌ലിം പേരുള്ള ചിലര്‍, നിരപരാധികള്‍ കൊല്ലപ്പെടാന്‍ ഇടയാക്കുന്ന ചാവേറാക്രമണങ്ങള്‍ നടത്തുമ്പോള്‍ ഇസ്‌ലാം വിമര്‍ശകര്‍ അത്‌ പൊക്കിക്കാണിക്കുക സ്വാഭാവികമാണ്‌. ചാവേറാക്രമണം എന്ന ഏര്‍പ്പാടുതന്നെ ഇസ്‌ലാമിക ആദര്‍ശത്തിന്‌ വിരുദ്ധമാണ്‌. ഇസ്‌ലാമിനെ താറടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക്‌ ന്യായമുണ്ടാക്കിക്കൊടുക്കുകയാണ്‌ ചാവേറുകള്‍ ചെയ്യുന്നത്‌. അല്ലാഹുവോടും റസൂലിനോടും ദീനിനോടും ആത്മാര്‍ഥതയുള്ള എല്ലാവരും ഒന്നിച്ച്‌ ഇസ്‌ലാമിന്‌ ചീത്തപ്പേരുണ്ടാക്കുന്ന തീവ്രവാദികളെ എതിര്‍ക്കുകയാണ്‌ രണ്ടാമതായി വേണ്ടത്‌. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച സമാധാനത്തിന്റെ ആദര്‍ശമായ ഇസ്‌ലാമിനെ ലോകജനതയ്‌ക്ക്‌ യഥോചിതം പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്തം കഴിവിന്റെ പരമാവധി നല്ല നിലയില്‍ നിര്‍വഹിക്കുകയാണ്‌ മൂന്നാമതായി വേണ്ടത്‌.

from ശബാബ്‌ വാരിക

ഐതിഹ്യങ്ങള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല

ഇസ്‌ലാമിനെ പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും അത്ഭുതകഥകളില്‍ കൂടിയല്ല. പ്രമാണങ്ങളുടെയും യുക്തിയുടെയും അടിസ്ഥാനങ്ങളിലായിരിക്കണം. ഐതിഹ്യങ്ങള്‍ക്ക്‌ ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. ഇത്തരം കെട്ടുകഥകളില്‍ നിന്ന്‌ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മോചിപ്പിക്കല്‍ പണ്ഡിതന്മാരുടെ ബാധ്യതയാണ്‌. മനുഷ്യര്‍ കെട്ടിയുണ്ടാക്കിയ ദുര്‍ബല കഥകള്‍ ചില ഉപദേശികളും വയളന്മാരായ കഥാകാരന്മാരും ജീവിതമാര്‍ഗമായി കാണുകയും അങ്ങനെ പൊതുജനങ്ങളെ കോരിത്തരിപ്പിക്കുന്ന കഥകള്‍ പറഞ്ഞു അവരുടെ സമ്പത്ത്‌ ചൂഷണം നടത്തുകയും ചെയ്യുന്ന സമ്പ്രദായം അടുത്ത കാലം വരെ നമ്മുടെ ഇടയിലുമുണ്ടായിരുന്നു. ഇത്തരം കഥകള്‍ പറഞ്ഞ്‌ ജനങ്ങളെയും അവരുടെ സമ്പത്തിനെയും വശീകരിക്കുന്ന പണ്ഡിതന്മാരെപ്പറ്റി ഇമാം സുയൂത്വി തന്റെ അത്തദ്‌രീബ്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നു : "കെട്ടുകഥകള്‍ നിര്‍മിക്കുന്നവര്‍ വിവിധ തരക്കാരുണ്ട്‌. അതില്‍ ഒരു വിഭാഗം കഥകള്‍ പറഞ്ഞു പണം സമ്പാദിക്കുന്നവരും അത്‌ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരുമാണ്‌. ഉദാ: അബൂസഊദുല്‍ മദാഇനി." (അത്തദ്‌രീബ്‌ 1:286). ഇബ്‌നുസ്സലാഹ്‌ പറഞ്ഞു: "ഹദീസ്‌ കെട്ടിച്ചമയ്‌ക്കുന്നവര്‍ പല വിഭാഗങ്ങളുണ്ട്‌. അവരില്‍ ഏറ്റവും അപകടകാരികള്‍ ഭൗതിക വിരക്തിയിലേക്ക്‌ ചേര്‍ക്കപ്പെട്ടവരാണ്‌. അവര്‍ ജനങ്ങളെ നന്നാക്കുന്നതില്‍ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട്‌ ഹദീസുകള്‍ കെട്ടിയുണ്ടാക്കി. അവര്‍ ജനങ്ങളില്‍ വിശ്വസ്‌തരായതു കൊണ്ടും ജനങ്ങള്‍ അവരെ ആശ്രയിക്കുന്നതു കൊണ്ടും ജനങ്ങള്‍ അതെല്ലാം സ്വീകരിച്ചുവന്നു. പിന്നീട്‌ പ്രഗത്ഭരായ ഹദീസ്‌ പണ്ഡിതന്മാര്‍ രംഗത്തുവരികയും അവര്‍ കേടുവരുത്തിയത്‌ വ്യക്തമാക്കുകയും അതിലെ ന്യൂനത മായ്‌ച്ചുകളയുകയും ചെയ്‌തു." (ഉലൂമുല്‍ ഹദീസ്‌ 213)

പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഫളാഇലുല്‍ അഅ്‌മാല്‍ എന്ന നിലക്ക്‌ ഇത്തരം ദുര്‍ബല കഥകള്‍ ഉദ്ധരിക്കുന്നത്‌ സൂക്ഷിക്കണം. ഇമാം ഹാഫിള്‌ബ്‌നു ഹജര്‍ പറഞ്ഞു : "വിധിവിലക്കുകളിലും അമലുകളുടെ ശ്രേഷ്‌ഠതയിലും ഹദീസുകൊണ്ട്‌ അമല്‍ ചെയ്യല്‍ ഒരുപോലെയാണ്‌. ഇവയെല്ലാം ശരീഅത്ത്‌ നിയമങ്ങള്‍ തന്നെയാണ്‌." (തബ്‌യീനുല്‍ അജബ്‌ 26). "ദുര്‍ബലമായ ഹദീസുദ്ധരിക്കുന്നവര്‍ തൗബ ചെയ്‌തു മടങ്ങണം" എന്നാണ്‌ ഇമാം ദഹബിയുടെ അഭിപ്രായം. അത്‌ ഫളാഇലുല്‍ അഅ്‌മാലിലും മറ്റു ശരീഅത്ത്‌ നിയമങ്ങളിലും ഒരുപോലെ തന്നെയാണ്‌. ഇബ്‌നു അബീഹാതിം പറയുന്നു : "എന്റെ പിതാവ്‌ മസ്‌റൂഹിനെ പറ്റി അദ്ദേഹത്തോട്‌ (ദഹബിയോട്‌) ചോദിക്കുകയും മസ്‌റൂഹിന്റെ ചില ഹദീസുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്‌തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ബാത്വിലായ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ തൗബ ചെയ്യണം'. ഇത്‌ സൗരിയില്‍ നിന്ന്‌ ഉദ്ധരിച്ചിട്ടുണ്ട്‌." ഇമാം ദഹബി പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ്‌ സത്യം. ഇത്‌ തന്നെയാണ്‌ സത്യം. സ്വഹീഹ്‌ അല്ലാത്ത ഹദീസ്‌ ഉദ്ധരിക്കുന്നവരെല്ലാം തൗബ ചെയ്യണം. അല്ലെങ്കില്‍ (ദുര്‍ബലത) തുറന്നുകാട്ടണം." (അല്‍മീസാന്‍ 4:97).

എങ്ങനെ തൗബ ചെയ്യാതിരിക്കും? ഏറ്റവും സ്വഹീഹ്‌ ആയ മുതവാതിറിനോടടുത്തു നില്‌ക്കുന്ന ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു: സലമതുബ്‌നു അക്‌വഅ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു - നബി (സ) പറയുന്നത്‌ ഞാന്‍ കേട്ടു : "ഞാന്‍ പറയാത്ത കാര്യം ഞാന്‍ പറഞ്ഞതായി ആരെങ്കിലും പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഒരു ഇരിപ്പിടം ഒരുക്കിവെക്കട്ടെ." (ബുഖാരി). ഇങ്ങനെ മുസ്‌ലിംകളില്‍ വളരെ പ്രചാരത്തിലുള്ളതും പണ്ഡിതന്മാര്‍ സാധാരണയായി ഉദ്ധരിക്കാറുള്ളതുമായ ചില കഥകളുടെ സ്ഥിതി നാം മനസ്സിലാക്കേണ്ടതുണ്ട്‌. സത്യങ്ങള്‍ മാത്രം മനസ്സിലാക്കിയാല്‍ പോരാ, അസത്യങ്ങളും മനസ്സിലാക്കണം. എന്നാല്‍ മാത്രമേ അതില്‍ നിന്ന്‌ മാറിനില്‌ക്കാന്‍ സാധിക്കുകയുള്ളൂ. ഹുദൈഫത്‌ബ്‌നുല്‍ യമാന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: "ജനങ്ങള്‍ റസൂലിനോട്‌(സ) നല്ല കാര്യങ്ങളെപ്പറ്റിയാണ്‌ ചോദിക്കാറ്‌. എന്നാല്‍ ഞാന്‍ ചീത്ത കാര്യങ്ങളെപ്പറ്റിയാണ്‌ ചോദിക്കാറുള്ളത്‌. കാരണം ഞാന്‍ അതില്‍ ചെന്നുവീഴാതിരിക്കാന്‍." (ബുഖാരി, മുസ്‌ലിം).

✍ എ അബ്‌ദുല്‍ഹമീദ്‌ മദീനി