സഹായം അടുത്തുണ്ട്‌

അല്ലാഹുവിന്റെ സഹായത്തെ സംബന്ധിച്ചും സത്യവിശ്വാസികൾക്കുള്ള രക്ഷയേയും വിജയത്തേയും സംബന്ധിച്ചും അല്ലാഹുവിന്റെ വാഗ്ദാനവും സന്തോഷവാർത്തയും ഖുർആനിന്റെ വരികൾക്കിടയിലൂടെ കാണാൻ കഴിയും. "വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു." [അദ്ധ്യായം 30 റൂം 47]. "നമ്മുടെ മേലുള്ള ഒരു ബാധ്യത എന്ന നിലയില്‍ നാം വിശ്വാസികളെ രക്ഷപ്പെടുത്തുന്നു." [അദ്ധ്യായം 10 യൂനുസ്‌ 103]. "വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു." [അദ്ധ്യായം 2 ബഖറ 257] തുടങ്ങിയ വചനങ്ങൾ അവയിൽ ചിലതാണ്.

പ്രവാചകനും വിശ്വാസികളും ഒന്നടങ്കം ഭയവിഹ്വലരായി എപ്പോഴാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുകയെന്ന് വ്യാകുലപ്പെട്ട സന്ദർഭത്തിൽ അല്ലാഹു അറിയിക്കുന്നത്‌ ഇങ്ങനെയാണ് : "അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌." [അദ്ധ്യായം 2 ബഖറ 214].

മേൽ സൂചിപ്പിച്ച വചനങ്ങളിലെല്ലാം അല്ലാഹുവിന്റെ കടമയും കർത്തവ്യവുമാണ് സത്യവിശ്വാസികളെ സഹായിക്കൽ എന്നുണർത്തിയതിനു പുറമേ അതെന്നെന്നും നിർവ്വഹിക്കപ്പെടുന്നൊരു കരാറായി നിലകൊള്ളുകയും ചെയ്യുന്നു.

✍അബ്ദുൽ അലി മദനി

നിരാശ അരുത്‌

"അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാരോ അവര്‍ എന്‍റെ കാരുണ്യത്തെപറ്റി നിരാശപ്പെട്ടിരിക്കുകയാണ്‌." [അദ്ധ്യായം 29 അൻകബൂത്‌ 23]

അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിരാശപ്പെടുക അവിശ്വാസികളാണ്. ഇതുകൊണ്ടാണ് ഇസ്‌ലാം ആത്മഹത്യയെ മഹാപാപമായി കാണുന്നത്‌. ഏതു മനുഷ്യന്റെ ഖേദവും അവൻ സ്വീകരിക്കുന്നതാണ്. അത്‌ പുറപ്പെടുന്നത്‌ മനസ്സിന്റെ ഉള്ളിൽ നിന്നാണെങ്കിൽ.

© അബ്ദുസ്സലാം സുല്ലമി

സൂക്ഷമതയുള്ളവരാകാൻ

"അറബിയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ (ഖുർആനിനെ) അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ നാം താക്കീത് വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. അവര്‍ സൂക്ഷ്മതയുള്ളവരാകുകയോ, അവര്‍ക്ക് ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി." [അദ്ധ്യായം 20 ത്വാഹ 113]

നബി (സ) അറബിയായിരുന്നതുകൊണ്ടും അദ്ദേഹം ആദ്യമായി അഭിമുഖീകരിക്കുന്നത്‌ അറബികളെ ആയതുകൊണ്ടും ഖുർആൻ അറബി ഭാഷയിലായിത്തീർന്നു. അറബി ഭാഷയിലാണെങ്കിലും ഖുർആന്റെ ശൈലിയും വിവരണ രീതിയും മറ്റ്‌ അറബി ഗ്രന്ഥങ്ങളിൽ നിന്നും തികച്ചും വേറിട്ടു നിൽക്കുന്നു. മനുഷ്യഹൃദയത്തെ തട്ടിയുണർത്താനുള്ള അതിന്റെ കഴിവ്‌ അനിതരസാധാരണമത്രെ. അതിന്റെ ഭാഷയും സാഹിത്യവും പരിചയമുള്ളവർക്കേ അതിന്റെ സവിശേഷത ആസ്വദിക്കുവാൻ കഴിയൂ.

ഖുർആൻ പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുകവഴി രണ്ടിലൊരു ഗുണം കൈവരാതിരിക്കില്ല. ചുരുങ്ങിയപക്ഷം പാപങ്ങളും അക്രമങ്ങളും വിട്ടൊഴിഞ്ഞു സൂക്ഷിച്ചു നടക്കുവാനുള്ള മനസ്ഥിതി ഉളവാകും. അല്ലെങ്കിൽ കുറേക്കൂടി മുന്നോട്ടുപോയി തന്റെ കടമകൾ നിർവ്വഹിക്കുവാനും സൽകർമ്മനിരതരായിരിക്കുവാനുള്ള ബോധവും തന്റേടവും ഉണ്ടായിത്തീരും.

✍അമാനി മൗലവി

അറിവ്‌ വർദ്ധിപ്പിക്കുവാൻ

"സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌. 'എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ' എന്ന് നീ പറയുകയും ചെയ്യുക." [അദ്ധ്യായം 20 ത്വാഹ 114]

ഖുർആന്റെ വഹ്‌യുമായി ജിബ്‌രീൽ (അ) വന്ന് ഓതിക്കേൾപ്പിക്കുമ്പോൾ വഹ്‌യ്‌ അവസാനിപ്പിക്കുന്നതിനു മുമ്പേ ധൃതിപ്പെട്ട്‌ ഓതുവാൻ നബി (സ) ശ്രമിച്ചിരുന്നു. മറന്നു പോയേക്കുമോ എന്ന ആശങ്ക നിമിത്തം ജിബ്‌രീൽ (അ) പോകുന്നതിനു മുമ്പായി മന:പാഠമാക്കണമെന്ന ഉദ്ദേശ്യമായിരുന്നു‌ അതിനു നബി (സ)യെ പ്രേരിപ്പിച്ചിരുന്നത്‌. ഇങ്ങനെ ചെയ്യേണ്ടതില്ലെന്നും അറിവു വർദ്ധിപ്പിച്ചു തരുവാനായി അല്ലാഹുവിനോട്‌ പ്രാർത്ഥിക്കണമെന്നും അല്ലാഹു നബിയെ ഉപദേശിക്കുന്നു. ഇതിൽ നിന്ന് രണ്ടു കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതാണ്.

1) ഒരാളിൽ നിന്ന് വല്ലതും പഠിക്കുമ്പോൾ അയാൾ പറയുന്നത്‌ ശ്രദ്ധാപൂർവ്വം കേൾക്കുകയും സാവധാനത്തിൽ പഠിക്കുകയും ചെയ്യേണ്ടതാണ്.

2) അറിവ്‌ മനുഷ്യന് തികയുന്ന ഒന്നല്ല. അറിയുംതോറും കൂടുതൽ അറിയുവാൻ ജിജ്ഞാസയുണ്ടായിരിക്കുകയും കൂടുതൽ അറിവ്‌ ലഭിക്കുവാനായി അല്ലാഹുവോട്‌ പ്രാർത്ഥിക്കുകയും വേണം.

നബി (സ) ഇപ്രകാരം പ്രാർത്ഥിച്ചതായി ഹദീസുകളിൽ വന്നിട്ടുണ്ട്‌ : "അല്ലാഹുവേ, നീ എനിക്ക്‌ പഠിപ്പിച്ചു തന്നിട്ടുള്ളതു കൊണ്ട്‌ പ്രയോജനം നൽകേണമേ. എനിക്ക്‌ ഉപകാരമുള്ളത്‌ പഠിപ്പിച്ചു തരേണമേ. എനിക്ക്‌ അറിവ്‌ വർദ്ധിപ്പിച്ച്‌ തരേണമേ. എല്ലാ അവസ്ഥയിലും അല്ലാഹുവിനു സ്തുതി." [തുർമുദി). "ഉപകാരമില്ലാത്ത അറിവ്‌ നൽകരുതേ" എന്ന് നബി (സ) പ്രാർത്ഥിച്ചിരുന്നതായി മറ്റു റിപോർട്ടുകളിൽ വന്നിട്ടുണ്ട്‌. അജ്ഞാനത്തേക്കാളധികം ദോഷം ചെയ്യുന്നത്‌ പലപ്പോഴും ഉപകാരമില്ലാത്ത അറിവുകളാണെന്ന് നാം ഓർക്കേണ്ടതാകുന്നു.

✍അമാനി മൗലവി

നമസ്കാര നിർവ്വഹണത്തിൽ വിട്ടുവീഴ്ച അരുത്‌

"(നബിയേ), നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക." [അദ്ധ്യായം 20 ത്വാഹ 132]

സൽകർമ്മങ്ങളിൽ ഏറ്റവും പ്രധാനമായത്‌ നമസ്കാരമാകുന്നു. അതുകൊണ്ട്‌ നമസ്കാര വിഷയത്തിൽ മനുഷ്യൻ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി കൂടുതൽ പരിശ്രമവും സഹനവും നടത്തേണ്ടതുണ്ട്‌. എന്ത്‌ ബുദ്ധിമുട്ട്‌ സഹിച്ചും നമസ്കാരം അതിന്റെ ക്രമവും സമയവും തെറ്റാതെ നിർവ്വഹിക്കുവാൻ ഖുർആനും ഹദീസും ആവർത്തിച്ചാവർത്തിച്ച്‌ ഉണർത്തുന്നു.

✍അമാനി മൗലവി

അന്ത്യപ്രകമ്പനം ഭയാനകം

"മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല.പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു." [അദ്ധ്യായം 22 ഹജ്ജ്‌ 1,2]

ലോകാവസാന സമയത്ത്‌ സംഭവിക്കുന്ന അതിഭയങ്കരങ്ങളായ സംഭവവികാസങ്ങളാകുന്നു ഇവിടെ പ്രകമ്പനം അഥവാ കുലുക്കം കൊണ്ടുദ്ദേശ്യം. അതിന്റെ കാഠിന്യവും ഗൗരവവും നിമിത്തം ശിശുക്കൾക്ക്‌ മുലകൊടുക്കുന്ന മാതാക്കൾ അവരുടെ സ്വന്തം ദേഹത്തേക്കാൾ സ്നേഹിക്കുന്ന അരുമക്കുഞ്ഞുങ്ങളുടെ കാര്യം പോലും മറന്ന് പോകും. ഗർഭിണികളായ സ്ത്രീകൾ സമയമെത്തതെ തന്നെ പെട്ടെന്ന് പ്രസവിച്ചു പോവും. മനുഷ്യരെല്ലാം ലഹരിപിടിച്ച മത്തന്മാരെപോലെ എന്തെന്നില്ലാത്തവണ്ണം പരിഭ്രാന്തരായിത്തീരും. ഈ ആയത്ത്‌ സ്വഹാബികൾക്ക്‌ ഓതിക്കേൾപ്പിച്ചപ്പോൾ അവർ മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കരയുകയുണ്ടായെന്ന് റിപോർട്ട്‌ ചെയ്തിട്ടുണ്ട്‌.

✍അമാനി മൗലവി

കഴിവിനനുസരിച്ച്‌ മാത്രം

"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും." [അദ്ധ്യായം 7 അഅറാഫ്‌ 42]

സത്യവിശ്വാസികളുടെ പര്യവസാനം എങ്ങനെയായിരിക്കുമെന്ന് അല്ലാഹു ഈ വചനത്തിൽ വിവരിക്കുന്നു. വിശ്വാസം കൊണ്ട്‌ മാത്രം മതിയാക്കാൻ പാടില്ലെന്നും അതോടുകൂടി സൽകർമ്മങ്ങൾ പ്രവർത്തിക്കൽ അനിവാര്യമാണെന്നും മറ്റു പലേടത്തുമെന്നപോലെ ഇവിടേയും അല്ലാഹു ഉണർത്തുന്നു. സൽക്കർമ്മങ്ങളെപ്പറ്റി പറഞ്ഞപ്പോൾ ഓരോരുത്തരുടേയും കഴിവിനനുസരിച്ചല്ലാതെ ആരോടും ശാസിക്കുകയില്ലെന്ന് ഇടക്ക്‌ വെച്ച്‌ പ്രത്യേകം ഉണർത്തിയത്‌ ശ്രദ്ധേയമാകുന്നു. പ്രവർത്തിക്കുവാനുള്ള കഴിവ്‌ എല്ലാവർക്കും ഒരുപോലെയുണ്ടായിരിക്കുകയില്ലല്ലോ. അതുകൊണ്ട്‌ ഓരോ വ്യക്തിയുടേയും കഴിവും സാധ്യതയും അനുസരിച്ച്‌ സൽക്കർമ്മങ്ങൾ ചെയ്യണമെന്നേ നിർബന്ധമുള്ളൂവെന്ന് താൽപര്യം.

By അമാനി മൗലവി