ഭൂമിയെ ഉപയോഗപ്പെടുത്തുക

"അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്‌." [അദ്ധ്യായം 67 മുൽക്ക്‌ 15]

🔸യഥേഷ്ടം വിഹരിക്കുവാനും ഉപജീവനമാർഗ്ഗങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുവാനും ഉതകത്തക്കവണ്ണം ഭൂമിയെ മനുഷ്യനു പാകപ്പെടുത്തിത്തന്നിട്ടുള്ളതിനെ ഓർമ്മിപ്പിച്ചുകൊണ്ട്‌ അതു ഉപയോഗപ്പെടുത്തുവാൻ അല്ലാഹു നമ്മെ പ്രോൽസാഹിപ്പിക്കുകയാണ്. എല്ലാം അല്ലാഹു തരും എന്നു കരുതി അലസമായിരിക്കരുതെന്നും അതിൽ സൂചനയുണ്ട്‌. അതേ സമയത്ത്‌ ഉപജീവനവിഷയത്തിലും സമ്പാദ്യത്തിലും മാത്രം ശ്രദ്ധ ചെലുത്തി ഭാവിജീവിതത്തിന്റെ കാര്യം മറക്കരുതെന്നും ഓർമ്മിപ്പിച്ചിരിക്കുന്നു.

✍അമാനി മൗലവി

എതിർവാദി

നബി (സ) പറഞ്ഞു :

"മൂന്ന് കൂട്ടർക്ക്‌ അന്ത്യദിനത്തിൽ ഞാൻ എതിർവാദിയായിരിക്കും.

1) എന്റെ പേരുപറഞ്ഞ്‌ വഞ്ചന നടത്തുന്നവൻ.

2) ഒരു സ്വതന്ത്രനെ വിറ്റ്‌ അതിന്റെ വില തിന്നുന്നവൻ.

3) ഒരു കൂലിക്കാരനെ വിളിച്ച്‌ പണി പൂർത്തിയാക്കി എടുപ്പിക്കുകയും കൂലി പൂർണ്ണമായി കൊടുക്കാതിരിക്കുകയും ചെയ്യുന്നവൻ."

[ബുഖാരി]

ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല

ഓരോ മനുഷ്യന്റേയും പ്രവർത്തനങ്ങളും അധ്വാനങ്ങളും അവന്റെ ഇഹ-പര ജീവിതത്തിന്ന് ഗുണമായും ദോഷമായും വന്ന് ഭവിക്കും. സൽക്കർമ്മങ്ങൾക്ക്‌ മികച്ച പ്രതിഫലവും ദുഷ്ചെയ്തികൾക്ക്‌ പാപത്തിന്റെ ശമ്പളവും പറ്റേണ്ടിവരും. ഓരോരുത്തരുടേയും പ്രവർത്തനങ്ങളാണ് അവരുടെ സ്വർഗ്ഗ നരകങ്ങൾക്ക്‌ ഇടയാക്കുന്നത്‌. വിശുദ്ധ ഖുർആനിലെ വചനങ്ങളും ഇതുതന്നെയാണ് പറയുന്നത്‌.

"മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍)! അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും, നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും (എന്നുമുള്ള കാര്യങ്ങൾ)." [അദ്ധ്യായം 53 നജ്മ് 36 - 42]

✍ജംഷിദ്‌ നരിക്കുനി

കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല

"ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല." [അദ്ധ്യായം 44 ദുഖാൻ 38,39]

🔹അതിമഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടും വമ്പിച്ച പരിപാടിയോടും കൂടി സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും അതിലെ സർവ്വചരാചരങ്ങളും. ഗൗരവമേറിയ പല യുക്തിരഹസ്യങ്ങളും അതിലുണ്ട്‌. അല്ലാതെ കേവലം ഒരു കളിവിനോദമെന്ന നിലക്ക്‌ വൃഥാ സൃഷ്ടിച്ചതല്ല. ഈ യാഥാർത്ഥ്യം മിക്ക ജനങ്ങളും മനസ്സിലാക്കുന്നില്ല. മനുഷ്യൻ ജനിക്കുന്നു. കുറെ കഴിയുമ്പോൾ അവൻ മരണമടയുന്നു എന്നതിൽ കവിഞ്ഞ്‌ മറ്റൊന്നും അവർക്ക്‌ അറിഞ്ഞുകൂടാ. അങ്ങനെ അവരുടെ ജീവിതലക്ഷ്യമെന്താണെന്ന് അവർക്ക്‌ എത്തും പിടിയുമില്ലാതിരിക്കുകയാണ്.

അല്ലാഹു ചോദിക്കുന്നു : "അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?"  [അദ്ധ്യായം 23 മുഅ്മിൻ 115]

✍അമാനി മൗലവി

ചതിക്കുള്ള ശിക്ഷ

"ഒരു പ്രവാചകനും ചതിക്കുകയില്ലതന്നെ. ആര്‍ വഞ്ചിച്ചെടുക്കുന്നുവോ അവന്‍, താന്‍ വഞ്ചിക്കപ്പെട്ടതുമായി ഖിയാമത്ത്‌ നാളില്‍ വരുന്നതാണ്‌. പിന്നീട്‌ എല്ലാ വ്യക്തികള്‍ക്കും തന്റെ കര്‍മഫലം പൂര്‍ണമായി നല്‌കപ്പെടുന്നു. ആരോടും യാതൊരനീതിയും ഉണ്ടായിരിക്കുന്നതല്ല.” [അദ്ധ്യായം 3 ആലു ഇംറാൻ 161]

🔹മൂല്യബോധമുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതിക്കാണ്‌ പ്രവാചകന്മാര്‍ നിയുക്തരായത്‌. മാതൃകാ യോഗ്യരായാണ്‌ അവര്‍ ജീവിതം നയിച്ചത്‌. വിരോധിക്കപ്പെട്ട ഒരു ദുര്‍ഗുണവും അവരില്‍ നിന്നുണ്ടായിട്ടില്ല. നീതിപൂര്‍വകമായിരുന്നു അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും. ചതിയും വഞ്ചനയും അവരില്‍ നിന്നുണ്ടാവുകയേ ഇല്ല. എന്നിരിക്കേ ഉഹ്‌ദ്‌ യുദ്ധവേളയില്‍ മലമുകളില്‍ നിന്നിരുന്ന ചിലര്‍, ഗനീമത്ത്‌ സ്വത്തിന്റെ വിഹിതം ഞങ്ങള്‍ക്ക്‌ ലഭിക്കാതെ പോകുമോ എന്ന്‌ സംശയിച്ച്‌, അനുമതി ലഭിക്കുന്നതിന്‌ മുമ്പേ ഇറങ്ങിവന്നത്‌ ഒട്ടും ശരിയായിരുന്നില്ല. നബി(സ) നീതിപൂര്‍വം മാത്രമേ സ്വത്ത്‌ വിഭജനവും വിതരണവുംനടത്തുകയുള്ളൂ എന്നാണ്‌ ഈ വചനത്തിലെ ആദ്യഭാഗം സൂചിപ്പിക്കുന്നത്‌. കുതന്ത്രങ്ങളിലൂടെയും ചതിപ്രയോഗങ്ങളിലൂടെയും അനര്‍ഹമായത്‌ കൈക്കലാക്കുന്നവര്‍ക്കുള്ള താക്കീതാണ്‌ തുടര്‍ന്ന്‌ പറയുന്നത്‌. ആരും അറിയാതെ സൂത്രത്തില്‍ കൈവശപ്പെടുത്തിയ വസ്‌തുക്കള്‍ പരലോകത്ത്‌ തനിക്ക്‌ വന്‍ ദുരന്തമാണ്‌ വരുത്താന്‍ പോകുന്നത്‌. മുഴുവന്‍ മനുഷ്യരും സമ്മേളിക്കുന്നിടത്ത്‌ വഞ്ചിച്ചെടുത്ത വസ്‌തുക്കളുമായി, നാണം കെട്ട്‌ വരുന്ന മനുഷ്യന്റെ ചിത്രമാണിവിടെ അല്ലാഹു വരച്ചുകാണിക്കുന്നത്‌. വഞ്ചിച്ചെടുത്ത ചെറുതും വലുതുമായ വസ്‌തുക്കള്‍ ചുമലില്‍ പേറിയാണ്‌ അവന്‍ പരലോകത്ത്‌ വരിക.

നബി(സ) പറഞ്ഞു: “നിങ്ങളിലൊരാള്‍ അവന്റെ പിരടിയില്‍ അലറി ശബ്‌ദിച്ചുകൊണ്ടിരിക്കുന്ന ഒട്ടകത്തെയോ മറ്റേതെങ്കിലും മൃഗത്തെയോ വഹിച്ചുകൊണ്ട്‌ ഖിയാമത്ത്‌ നാളില്‍ വരുന്നത്‌ ഞാന്‍ കാണാതിരിക്കട്ടെ” (ബുഖാരി, മുസ്‌ലിം).

മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: “ഹേ മനുഷ്യരേ, നിങ്ങളില്‍ ആരെങ്കിലും നമുക്കുവേണ്ടി ഒരു ജോലി ചെയ്‌തിട്ട്‌ അതില്‍ നിന്ന്‌ ഒരു സൂചിയോ അതിനേക്കാള്‍ വലിയ വല്ലതുമോ ഒളിച്ച്‌ വെക്കുന്നപക്ഷം അത്‌ വഞ്ചനയാകുന്നു. അവന്‍ അതുകൊണ്ട്‌ ഖിയാമത്ത്‌ നാളില്‍വരും” (അബൂദാവൂദ്‌, മുസ്‌ലിം).

വഞ്ചനയിലൂടെയും ചതിയിലൂടെയും പലതും ഒപ്പിച്ചെടുക്കുന്നവര്‍ നാളെ നേരിടാന്‍ പോകുന്ന സ്ഥിതി വിശേഷമാണിത്‌. അല്ലാഹു കാത്തുരക്ഷിക്കട്ടെ.

✍അബ്‌ദു സലഫി

ഓർക്കാപ്പുറത്തായിരിക്കും ശിക്ഷകൾ വരുന്നത്‌

"ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനയമുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്‌. പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്‌. അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി." [അദ്ധ്യായം 7  അഅ്റാഫ്‌ 94,95]

🔹പ്രവാചകന്മാർ സത്യത്തിലേക്ക്‌ ക്ഷണിക്കുമ്പോൾ എതിർപ്പും നിഷേധവും കൂടാതെ ഒരു സമുദായവും അത്‌ സ്വീകരിക്കാൻ തയ്യാറാകില്ല. പക്ഷേ, അക്കാരണത്താൽ അല്ലാഹു ഒരു സമുദായത്തെയും ശിക്ഷിച്ചു നശിപ്പിക്കുക പതിവില്ല. ആദ്യം അവനിൽ വിനയവും താഴ്മയും ഉണ്ടാക്കിത്തീർക്കുവാൻ വേണ്ടി അല്ലാഹു അവരുടെ ദേഹങ്ങളിലോ ധനത്തിലോ വല്ല കഷ്ടപ്പാടുകളും വഴി പരീക്ഷണം നടത്തും. അതിൽനിന്നും അവർ പാഠം പഠിക്കാത്തപ്പോൾ തൽസ്ഥാനത്ത്‌  അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും നൽകി പരീക്ഷണം നടത്തും. ഈ അവസരത്തിൽ നന്ദിക്കു പകരം നന്ദികേടും ധിക്കാരവുമായിരിക്കും അവരിൽ നിന്ന് പ്രകടമാവുക. 'സുഖദു:ഖങ്ങൾ നമുക്ക്‌ മാത്രമല്ല മുമ്പുള്ളവർക്കും ഉണ്ടാകാറുള്ളതാണ്, അത്‌ ലോകപ്രകൃതിയാണ്, അല്ലാതെ നമുക്ക്‌ പ്രത്യേകമായുള്ളതൊന്നുമല്ല' എന്നൊക്കെയായിരിക്കും അവർ പറയുക. ചുരുക്കത്തിൽ തിന്മ ബാധിച്ചാലും നന്മ ബാധിച്ചാലും അതിൽനിന്ന് പാഠം പഠിക്കുകയില്ല. അങ്ങനെ അഭിവൃദ്ധിയിലും സന്തോഷത്തിലും വിഹരിച്ചുകൊണ്ടിരിക്കെയായിരിക്കും ഓർക്കാപ്പുറത്ത്‌ അവർക്ക്‌ പെട്ടെന്ന് ശിക്ഷകൾ വന്നു ഭവിക്കുന്നത്‌. അപ്പോൾ ഖേദിക്കും, പക്ഷേ ഫലമുണ്ടാകുകയില്ല എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്റെ സാരം.

✍അമാനി മൗലവി

ജലം അമൂല്യമാണ്, അത്‌ പാഴാക്കരുത്‌

"അവനാണ് ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു തന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്‍. അതില്‍ നിന്ന് തന്നെയാണ് നിങ്ങള്‍ക്ക് (കാലികളെ) മേക്കുവാനുള്ള കുടിനീരുണ്ടാവുന്നത്. അതുമൂലം (ജലം) ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും അവന്‍ നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു; എല്ലാതരം ഫലവര്‍ഗ്ഗങ്ങളും. തീര്‍ച്ചയായും ചിന്തിക്കുന്ന ആളുകള്‍ക്ക് അതില്‍ ദൃഷ്ട്ടാന്തമുണ്ട്." [അദ്ധ്യായം 16 നഹ്‌ൽ 10,11]

🔹ജലം, ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പിനുള്ള അവശ്യഘടകമാണ്. ജലത്തിന്റെ സാന്നിധ്യമുള്ളത്കൊണ്ടാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ നിലനില്‍ക്കുന്നത്. സൃഷ്ടാവായ അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹമായ മഴ ഭൂമിയിലേക്ക്‌ ചൊരിഞ്ഞത്കൊണ്ടാണ് ഇവിടെ സമൃദ്ധമായി ജലമുണ്ടായത്. സമുദ്രങ്ങള്‍ ,നദികള്‍ , കിണറുകള്‍ , തടാകങ്ങള്‍ , അരുവികള്‍, ഭൂഗര്‍ഭ ജലം എന്നീ നിലകളില്‍ അല്ലാഹു ആ ജലത്തെ മനുഷ്യന് ലഭ്യമാക്കി. ദയാപരമായ അല്ലാഹുവിന്റെ കാരുണ്യമാണീ ജലം. അതിനാല്‍ ആ രക്ഷിതാവിനെ ഓര്‍ക്കാനും നന്ദി കാണിക്കാനും മനുഷ്യന് ബാധ്യതയുണ്ട്. "നിങ്ങളുടെ ജലം മുഴുവന്‍ വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് സമൃദ്ധമായ ജലം കൊണ്ടുവന്നു തരിക?" എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മനുഷ്യനാവില്ല.

മഴ കിട്ടാതെ പ്രയാസപ്പെട്ട സമയങ്ങളില്‍ നബി (സ) മിമ്പറില്‍വച്ച് പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. കടുത്ത വരള്‍ച്ച നേരിടുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായ മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരം നബി (സ) പഠിപ്പിച്ചു തന്നിട്ടുണ്ട്. സൃഷ്ടാവിന്റെ മഹത്വവും കഴിവും ബോധ്യപ്പെടാവുന്ന ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് മഴ. ഖുര്‍ആന്‍ പലസ്ഥലത്തും മഴയെക്കുറിച്ചും ജലത്തെപ്പറ്റിയും ആലോചിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. അത് സംരക്ഷിക്കേണ്ടതും മലിനമാവാതെ സൂക്ഷിക്കേണ്ടതും മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമാണ്. അമിതമായ ജലചൂഷണം മനുഷ്യനാശത്തിലാണെത്തുക. നമസ്ക്കരിക്കാന്‍ വുളു ചെയ്യുമ്പോള്‍പോലും അനാവശ്യമായി വെള്ളം പാഴാക്കരുതെന്നാണ് നബി (സ) നിര്‍ദേശിച്ചത്. അത് ഒരു നദിയില്‍ നിന്നാണെങ്കില്‍പോലും.

✍അബ്ദു സലഫി