വിമർശ്ശന വിധേയമാവുന്നവർ

"ഐശ്വര്യമുള്ളവരായിരിക്കെ (ഒഴിഞ്ഞു നില്‍ക്കാന്‍) നിന്നോട് സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരില്‍ മാത്രമാണ് (വിമർശിക്കുവാൻ) മാര്‍ഗമുള്ളത്‌. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) മനസ്സിലാക്കുന്നില്ല." [അദ്ധ്യായം 9 തൗബ 93]

ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന തത്വം  ഈ സൂക്തം വ്യക്തമാക്കുന്നു. അതായത്‌, കഴിവും സാധ്യതയും ഉണ്ടായിട്ടും വീഴ്ച വരുത്തുന്നവരാണ് വിമർശനത്തിനു വിധേയരാവുന്നത്‌. അല്ലാഹു നിരപരാധികളുടെ ഹൃദയത്തിന് മുദ്രവെക്കുകയില്ലെന്നും ഇവിടെ വ്യക്തമാക്കുന്നു. ശുദ്ധ ഹൃദയത്തോട്‌ കൂടിയാണ് അല്ലാഹു സർവ്വ മനുഷ്യരേയും സൃഷ്‌ട്ടിക്കുന്നത്‌ എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തം. അല്ലാഹുവിന്റെ സൃഷ്ടിപ്പ്‌ സത്യം ഗ്രഹിക്കുന്നതിന് തടസ്സമായാൽ അവൻ മനുഷ്യരെ ശിക്ഷിക്കുകയില്ല. ഭ്രാന്തന്മാർക്ക്‌ അതുകൊണ്ടാണ് ശിക്ഷയില്ലാത്തത്‌.

✍അബ്ദുസ്സലാം സുല്ലമി

പരീക്ഷണം ഉണ്ടാവുകതന്നെ ചെയ്യും

ഇസ്‌ലാമികാദര്‍ശ പ്രകാരം പരീക്ഷണം എന്നത് വളരെ അത്യന്താപേക്ഷിതമായ സംഗതിയാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്ന വിശ്വാസിയുടെ ഹൃദയം പരീക്ഷണഘട്ടത്തില്‍ പുഞ്ചിരിക്കുന്നു. സമാധാനം കൈവരിക്കുന്നു. അറബിയില്‍ പരീക്ഷണത്തിന് ഇബ്തിലാഅ് എന്നാണ് പറയുക. അക്രമികള്‍ക്ക് പരീക്ഷണം ഒരു ശിക്ഷയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനെക്കുറിച്ച ബോധവും ഭയഭക്തിയും സൂക്ഷ്മതയും ഈമാനും അങ്കുരിപ്പിച്ച് പരലോകത്ത് ഉന്നതവിജയം പ്രാപ്തമാക്കാനുള്ള മാര്‍ഗമാണ് പരീക്ഷണം. അല്ലാഹു പറയുന്നു : "കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക." [അദ്ധ്യായം 2 ബഖറ 155].

നബിതിരുമേനി(സ) പറഞ്ഞു : "അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ വരുത്താന്‍ ആഗ്രഹിച്ചാല്‍ അയാളെ പരീക്ഷണങ്ങളിലകപ്പെടുത്തുന്നു." (ബുഖാരി). "ക്ഷീണമോ, രോഗമോ, ദുഃഖമോ,സങ്കടമോ,വേദനയോ, കാലില്‍മുള്ളുകൊണ്ടതിന്റെ താല്‍ക്കാലികവിഷമമോ ഒരു മുസ്‌ലിമിന് വന്നണയുന്നത് അതിനുപകരമായി പാപം നീക്കംചെയ്തുകൊണ്ടു മാത്രമാണ്." (ബുഖാരി). "സത്യവിശ്വാസിക്ക് തന്റെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണമുണ്ടായിക്കൊണ്ടിരിക്കും. അവസാനം അവന്‍ പാപരഹിതനായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും." (തിര്‍മിദി)

കടപ്പാട്‌ : കെ എം ഫൈസി
voiceofislah.com

ആടിക്കളിക്കുന്നവർക്ക്‌ നഷ്ടം

"ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം." [അദ്ധ്യായം 22 ഹജ്ജ്‌ 11]

മതത്തിൽ അടിയുറപ്പും വിശ്വാസത്തിൽ സ്ഥിരതയുമില്ലാതെ അല്ലാഹുവിനു ഇബാദത്ത്‌ ചെയ്യുന്ന ചിലരെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്‌. ഇവരുടെ വിശ്വാസവും ആരാധനകളുമെല്ലാം അപ്പപ്പോൾ തങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതികൾക്കനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. മതത്തിന്റെ ഉള്ളിലേക്കോ മദ്ധ്യത്തിലേക്കോ അവർ പ്രവേശിക്കുന്നില്ല. നേരേമറിച്ച്‌ അതിന്റെ പുറവക്കിൽ ആടിക്കളിച്ചു കൊണ്ടിരിക്കുകയായിരിക്കും. സുഖസന്തോഷങ്ങളും സൗകര്യങ്ങളുമാണ് അവർക്ക്‌ കൈവരുന്നതെങ്കിൽ അവർ സംതൃപ്തരായി സമാധാനമടയും. തങ്ങളുടെ വിശ്വാസത്തിന്റേയും നടപടിയുടേയും ഗുണഗണങ്ങളെപ്പറ്റി ഒരുപക്ഷേ അവർ ആത്മപ്രശംസ നടത്തുകയും ചെയ്യും. ശാരീരികമോ മാനസികമോ ധനപരമോ ആയ വല്ല ദോഷങ്ങളും അവരെ ബാധിച്ചാൽ അവരുടെ നില പെട്ടെന്ന് അവതാളത്തിലാകുന്നു. അങ്ങനെ അവർ അവിശ്വാസത്തിലേക്കും ദുർന്നടപ്പിലേക്കും വഴുതിപ്പോവുകയും ചെയ്യും. അതേവരെ തങ്ങൾ ആചരിച്ചിരുന്ന നടപടികളെ പഴിക്കുകയും ചെയ്തേക്കും. ചുരുക്കിപ്പറഞ്ഞാൽ അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചു കൊണ്ടിരിക്കുന്നവരാണവർ. ഇത്തരക്കാർക്ക്‌ ഇഹത്തിലും പരത്തിലും നഷ്ടമായിരിക്കും സംഭവിക്കുക.

✍അമാനി മൗലവി

നീതിക്ക്‌ വേണ്ടി നിലകൊള്ളുക

സ്നേഹവും വെറുപ്പും ഒരുപോലെ അനീതിക്ക്‌ പ്രേരകമാകാറുണ്ട്‌. സ്നേഹം പലരേയും സ്വജനപക്ഷപാതത്തിലേക്ക്‌ നയിക്കുന്നു. പലരും ബന്ധുമിത്രാതികളെ പരിധിവിട്ട്‌ സഹായിക്കുന്നു. അവർക്ക്‌ അർഹതയില്ലാത്തത്‌ അവർക്ക്‌ ലഭ്യമാക്കാൻ വേണ്ടി ശ്രമിക്കുന്നു. ഭരണാധികാരികളിലും ഉദ്യോഗസ്ഥരിലും  ഇത്‌ ഏറെ പ്രകടമാണ്. വെറുപ്പും ശത്രുതയുമുള്ളവരോട്‌ അനീതി കാണിക്കുന്നതിൽ തെറ്റില്ലെന്നാണ് മിക്കവരും കരുതുന്നത്‌. എന്നാൽ ഇസ്‌ലാം അതിനെ വിലക്കുന്നു. അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു." [അദ്ധ്യായം 5 മാഇദ 8]

നീതിക്ക്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിക്കാൻ വേണ്ടി പ്രകോപനമോ പ്രലോഭനമോ ഉണ്ടായാലും വിശ്വാസികൾ വഴങ്ങാൻ പാടില്ല. അല്ലാഹുവാണ് ജനങ്ങളെ വിവിധ അവസ്ഥകളിലാക്കുന്നത്‌. അവരുടെ പ്രശ്നങ്ങൾ ഏറ്റവും അറിയുന്നവനും അവരെ ഏതു വിധത്തിലും സഹായിക്കാനും ശിക്ഷിക്കാനും കഴിയുന്നവനുമാണ് അല്ലാഹു. അതിനാൽ അല്ലാഹുവിന്റെ വിധിവിലക്കുകൾ മറികടന്ന് ആരേയും സഹായിക്കുന്നതിന്ന് ന്യായമില്ല.

✍ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി

ചീത്തയായവ പരസ്യമാക്കരുത്‌

"ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു." [അദ്ധ്യായം 4 നിസാഅ് 148]

വ്യക്തിപരമായ ന്യൂനതകൾ അന്വേഷിച്ച്‌ മനസ്സിലാക്കി അത്‌ വാക്കിലൂടെയും പത്രങ്ങളിലൂടെയും പരസ്യമാക്കുന്നതിൽ ചില മനുഷ്യർ സന്തോഷം കണ്ടെത്തുന്നത്‌ കാണാം. ചില അവസരങ്ങളിൽ ഇസ്‌ലാം ഇത്‌ അനുവദിക്കുന്നു.

1. ദ്രോഹിക്കപ്പെടുന്ന അവസരത്തിൽ. അത്തരം സന്ദർഭങ്ങളിൽ ദ്രോഹിക്കപ്പെട്ടവർക്ക്‌ നീതി കിട്ടുന്നതിനു വേണ്ടി ദ്രോഹിച്ചവരെക്കുറിച്ച്‌ പരസ്യപ്പെടുത്താം.

2. ഒരാളെ പരിചയപ്പെടുത്തുന്ന വേളയിൽ. അത്തരം സന്ദർഭങ്ങളിൽ അയാളുടെ തിന്മയിൽ മറ്റുള്ളവർ പെട്ടുപോവാതിരിക്കാൻ അയാളുടെ ന്യൂനതകൾ വെളിപ്പെടുത്താവുന്നതാണ്.

✍അബ്ദുസ്സലാം സുല്ലമി

മൂന്ന് സന്ദർഭങ്ങൾ

പരലോകം അഥവാ മഹ്ശറിലെ വിചാരണ!! അന്ന് മൂല്യം നഷ്ടപ്പെട്ട അമലിന്റെ കെട്ടുകളുമായിട്ട്‌ മനുഷ്യൻ നെട്ടോട്ടമോടുന്ന ദുരവസ്ഥ എത്ര പരിതാപകരമായിരിക്കും! ആ വിചാരണയെക്കുറിച്ച്‌ അല്ലാഹു ഖുർആനിൽ പലയിടങ്ങളിലായി നമ്മെ ഓർമ്മപ്പെടുത്തുന്നു.

"നന്‍മയായും തിന്‍മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്‍റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക) . തന്‍റെയും അതിന്‍റെ (ദുഷ്പ്രവൃത്തിയുടെ)യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു (തന്‍റെ) ദാസന്‍മാരോട് വളരെ ദയയുള്ളവനാകുന്നു." [അദ്ധ്യായം 3 ആലു ഇംറാൻ 30]

നബി (സ) പറഞ്ഞു : "മൂന്ന് സന്ദർഭങ്ങളിൽ ഒരാളും മറ്റൊരാളെക്കുറിച്ച്‌ ഓർക്കുകയില്ല.

1. നന്മതിന്മകൾ തൂക്കുന്ന തുലാസിനടുത്ത്‌ വെച്ച്‌. ആ സമയം തന്റെ തുലാസിൽ തൂങ്ങുന്നത്‌ നന്മയാണൊ തിന്മയാണൊ എന്ന ആശങ്കയിലായിരിക്കും അയാൾ.

2. കർമ്മപുസ്തകങ്ങൾ കയ്യിൽ കിട്ടുമ്പോൾ.  വലതു കയ്യിലാണൊ ഇടതു കയ്യിലാണൊ അത്‌ കിട്ടുക എന്നതായിരിക്കും അവന്റെ ഭയം.

3. നരകത്തിന്ന് അഭിമുഖമായ പാലം കടന്നു പോകേണ്ടി വരുമ്പോൾ." [അബൂദാവൂദ്‌]

അന്ന് ഓരോ വ്യക്തിയുടേയും കണ്മുമ്പിൽ സ്വന്തം കർമ്മങ്ങളും അവയുടെ ധാർമ്മിക ഫലങ്ങളും സുവ്യക്തമാകും. സൽകർമ്മങ്ങൾക്ക്‌ സൽഫലം. ദുഷ്കർമ്മങ്ങൾക്ക്‌ ദുഷ്ഫലം. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ജീവിതത്തിലുണ്ടായിരിക്കേണ്ട ജാഗ്രത; അതേ സമയം അല്ലാഹുവിന്റെ ദയാദാക്ഷിണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ. ഇവ സ്വീകരിച്ച്‌ സ്വർഗ്ഗസ്ഥാനത്തിന്ന് അർഹനാവുക. ഇവയെ ധിക്കരിച്ച്‌ നരകശിക്ഷ ഏറ്റുവാങ്ങാതിരിക്കുക.

© എ ജമീല ടീച്ചർ

സഹായം അടുത്തുണ്ട്‌

അല്ലാഹുവിന്റെ സഹായത്തെ സംബന്ധിച്ചും സത്യവിശ്വാസികൾക്കുള്ള രക്ഷയേയും വിജയത്തേയും സംബന്ധിച്ചും അല്ലാഹുവിന്റെ വാഗ്ദാനവും സന്തോഷവാർത്തയും ഖുർആനിന്റെ വരികൾക്കിടയിലൂടെ കാണാൻ കഴിയും. "വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു." [അദ്ധ്യായം 30 റൂം 47]. "നമ്മുടെ മേലുള്ള ഒരു ബാധ്യത എന്ന നിലയില്‍ നാം വിശ്വാസികളെ രക്ഷപ്പെടുത്തുന്നു." [അദ്ധ്യായം 10 യൂനുസ്‌ 103]. "വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു." [അദ്ധ്യായം 2 ബഖറ 257] തുടങ്ങിയ വചനങ്ങൾ അവയിൽ ചിലതാണ്.

പ്രവാചകനും വിശ്വാസികളും ഒന്നടങ്കം ഭയവിഹ്വലരായി എപ്പോഴാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുകയെന്ന് വ്യാകുലപ്പെട്ട സന്ദർഭത്തിൽ അല്ലാഹു അറിയിക്കുന്നത്‌ ഇങ്ങനെയാണ് : "അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌." [അദ്ധ്യായം 2 ബഖറ 214].

മേൽ സൂചിപ്പിച്ച വചനങ്ങളിലെല്ലാം അല്ലാഹുവിന്റെ കടമയും കർത്തവ്യവുമാണ് സത്യവിശ്വാസികളെ സഹായിക്കൽ എന്നുണർത്തിയതിനു പുറമേ അതെന്നെന്നും നിർവ്വഹിക്കപ്പെടുന്നൊരു കരാറായി നിലകൊള്ളുകയും ചെയ്യുന്നു.

✍അബ്ദുൽ അലി മദനി