നബിമാസാചരണത്തിലെ അപകടങ്ങള്‍

പ്രവാചകനോടുള്ള സ്‌നേഹപ്രകടനങ്ങള്‍ വഴിവിട്ടുപോകുകയും ഇതരമതസ്ഥരെ അനുകരിച്ചുകൊണ്ട്‌ പ്രവാചകസ്‌നേഹത്തിന്റെ പേരില്‍ മതത്തില്‍ പുതിയ ആചാരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ നാടെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്‌. നബി(സ)യുടെ അപദാനങ്ങള്‍ വാഴ്‌ത്തുക എന്ന പേരില്‍ അതിശയോക്തികളും ഭാവനയില്‍ മെനഞ്ഞെടുത്ത സിദ്ധാന്തങ്ങളും ഉള്‍പ്പെട്ട കീര്‍ത്തനങ്ങള്‍ ദിനചര്യയെന്നോണം പാടുക, നബി(സ)യുടെ ജയന്തി ആഘോഷിക്കുക, നബിജനിച്ച മാസമെന്ന നിലയില്‍ റബീഉല്‍ അവ്വലിന്‌ പുണ്യംകല്‌പിച്ച്‌ ആഘോഷിക്കുക, നബിയുടെ പേരില്‍ ജാഥകളും ഘോഷയാത്രകളും സംഘടിപ്പിക്കുക, പള്ളികളും മദ്‌റസകളും അലങ്കരിക്കുക തുടങ്ങിയ ജാടകളാണ്‌ പ്രവാചക സ്‌നേഹപ്രകടനങ്ങള്‍ എന്ന പേരില്‍ മുസ്‌ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത, പ്രവാചകന്‍ പഠിപ്പിക്കാത്ത, സ്വഹാബികള്‍ക്ക്‌ പരിചയമില്ലാത്ത, ആദ്യകാല മഹാന്മാര്‍ ആലോചിക്കാത്ത, മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെടുന്ന പണ്ഡിതന്മാര്‍ മനസ്സിലാക്കിയിട്ടില്ലാത്ത തികച്ചും നൂതനമായ സമ്പ്രദായങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ഇന്ന്‌ ആചാരമായി നടമാടുന്നു. ഇത്‌ സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഗുരുതരമായ ആപത്താണ്‌. അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുക എന്ന അടിസ്ഥാനാശയത്തില്‍ നിന്നു മാറി, ശരിയായ നിലയില്‍ ജീവിക്കാന്‍ പോലും തയ്യാറാകാത്ത ആളുകള്‍ റബീഉല്‍ അവ്വല്‍ ആഘോഷിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നതില്‍ വിശ്വാസപരമായ വലിയ അപകടമുണ്ട്‌. മുസ്‌ലിംകള്‍ ഇക്കാര്യം ഉള്‍ക്കൊണ്ട്‌ ബിദ്‌അത്തുകളില്‍ നിന്ന്‌ പിന്മാറുകയും സുന്നത്തിന്റെ ശരിയായ പാതയിലേക്ക്‌ നീങ്ങുകയും ചെയ്യണമെന്നുണര്‍ത്തട്ടെ.

`നബിമാസാചരണ'ത്തിലെ അപകടങ്ങള്‍ എത്ര ഗുരുതരമാണെന്നറിയാമോ?

ഒന്ന്‌) ജന്മദിനാഘോഷം (ബര്‍ത്ത്‌ഡെ ആചരണം) നബി(സ) പഠിപ്പിച്ചതല്ല.  

രണ്ട്‌) നബിയെ ജീവനു തുല്യം സ്‌നേഹിച്ച സ്വഹാബികള്‍ അങ്ങനെ ചെയ്‌തിട്ടില്ല,

 മൂന്ന്‌) ഉത്തമ നൂറ്റാണ്ടുകളെന്ന്‌ പ്രവാചകന്‍ വിശേഷിപ്പിച്ച ഹിജ്‌റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകാര്‍ക്ക്‌ പരിചയമില്ലാത്ത പുതിയ സമ്പ്രദായങ്ങള്‍ ദീനിന്റെ പേരില്‍ കടന്നുവരുന്നു.

 നാല്‌) `ഈസാ നബിയെ നസാറാക്കള്‍ പുകഴ്‌ത്തിയതു പോലെ എന്നെ നിങ്ങള്‍ പുകഴ്‌ത്തിപ്പറയരുത്‌' എന്ന നബിയുടെ താക്കീത്‌ അവഗണിച്ചുകൊണ്ട്‌ ക്രൈസ്‌തവ സംസ്‌കാരം നാം പിന്‍പറ്റുന്നു.

 അഞ്ച്‌) ആചാര്യന്മാരുടെ ജനിമൃതികള്‍ ആഘോഷിക്കുക എന്ന ഇതരമതങ്ങളിലെ ആചാരങ്ങള്‍ നാം സ്വായത്തമാക്കുന്നു.

 ആറ്‌) ഇതിനൊക്കെ പുറമെ നബിചര്യ ജീവിതത്തില്‍ പകര്‍ത്തുന്നതിനു പകരം ചില ജാട പ്രകടനങ്ങള്‍ കൊണ്ട്‌ മോക്ഷം നേടാമെന്ന തെറ്റായ `മെസ്സേജ്‌' പാമരസമൂഹത്തിലേക്ക്‌ നല്‌കുന്നു.

© ശബാബ്‌ വാരിക

സത്യം മൂടിവെക്കുന്നവരുടെ ഭാവി

"അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്‌) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും" (അദ്ധ്യായം 2 ബഖറ 174)

സത്യം മൂടിവെച്ച് ജനങ്ങളുടെ മുന്നില്‍ ഉന്നതന്മാരായി ചമയുന്നവരെല്ലാം അല്ലാഹു അവഗണിക്കുന്ന നിസ്സാരന്മാരായി മാറുന്നതാണ്. അല്ലാഹു അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ കൃത്യമായി മനസ്സിലാക്കിയിട്ടും അതു പിന്‍പറ്റാതെയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാതെയും ജീവിക്കുന്നവര്‍ ഇതിന്‍റെ പരിധിയില്‍ വരും. ഖുര്‍ആനിന്‍റെ സന്ദേശം ജനമനസ്സുകളില്‍ എത്തിക്കാന്‍ മുതിരാതെ കേവലം ധനസമ്പാദനത്തിനുള്ള വിവിധ മാര്‍ഗങ്ങളായി വിശുദ്ധ ഖുര്‍ആനെ ദുരുപയോഗപ്പെടുത്തുന്നവര്‍ ഏറെ ഭയപ്പെടേണ്ട ഒരു വചനമാണിത്. ഖുര്‍ആന്‍ പാത്രത്തിലെഴുതിയും ഓതി നൂലുകളില്‍ കെട്ടുകളിട്ടും വില്‍പ്പനച്ചരക്കാക്കുന്ന കാഴ്ച ഇന്നും കണ്ടുകൊണ്ടിരിക്കുന്നു. ഇവര്‍ വയറുകളില്‍ നരകാഗ്നി നിറയ്ക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. വിചാരണപോലും ഇല്ലാതെ നേരെ നരകത്തിലേക്ക് എത്തിപ്പെടാനുള്ള വഴിയാവും ഈ പ്രവൃത്തിയെന്നു പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

© അബ്ദു സലഫി

ഈമാനും അമാനത്തും

മുഹമ്മദ്‌ നബി (സ)ക്ക്‌ പ്രവാചകത്വം ലഭിക്കുന്നത്‌ നാൽപതാം വയസ്സിലാണ്. എന്നാൽ അൽ അമീൻ എന്ന വിളിപ്പേർ കിട്ടിയതാവട്ടെ ചെറുബാല്യത്തിലും. അഥവാ കുട്ടിക്കാലം മുതൽ അമാനത്ത്‌ നെഞ്ചേറ്റിപ്പോന്ന വ്യക്തിയേയാണ് പ്രവാചകത്വം എന്ന ഭാരിച്ച അമാനത്ത്‌ അല്ലാഹു ഏൽപ്പിക്കുന്നത്‌.

വിശ്വാസവും (ഈമാൻ) വിശ്വാസ്യതയും (അമാനത്ത്‌) തമ്മിൽ വേർപ്പെടുത്താവാനാത്ത ബന്ധമുണ്ട്‌. ഈമാനുള്ളവർക്ക്‌ അമാനത്ത്‌ അനിവാര്യമാണ്. എന്നാൽ ചിലരിലെങ്കിലും അത്‌ കാണാറില്ല. നമുക്ക്‌ അല്ലാഹുവിൽ വിശ്വാസമുണ്ട്‌. എന്നാൽ മറ്റുള്ളവർക്ക്‌ നമ്മിൽ വിശ്വാസമില്ലെങ്കിൽ നമുക്ക്‌ വിശ്വാസമുണ്ട്‌ വിശ്വാസ്യതയില്ല എന്നാണല്ലോ അർത്ഥം. വിശ്വാസവും വിശ്വാസ്യതയും ഒരുപോലെ ഉണ്ടായി എന്നിടത്താണ് തിരുനബി (സ) വ്യത്യസ്തനാവുന്നത്‌.

ഒരു നബിവചനം ഇങ്ങനെ വായിക്കാം : "അമാനത്ത്‌ സൂക്ഷിക്കാൻ കഴിയാത്തവന്ന് വിശ്വാസമില്ല. വാഗ്ദാനങ്ങൾ പാലിക്കാത്തവന്ന് മതവുമില്ല." [അഹമദ്‌]. അതെ, വിശ്വാസ്യതയില്ലാത്തവന്റെ വിശ്വാസം അപൂർണ്ണമായിരിക്കും.

© അബൂ സൈൻ

ഭൂരിപക്ഷമല്ല പ്രമാണം

"ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്‌. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌." [അദ്ധ്യായം 6 അൻആം 116]

വലിയ തത്വത്തിലേക്ക്‌ ഈ സൂക്തം വെളിച്ചം നൽകുന്നു. അതായത്‌, ഭൂരിപക്ഷം ചെയ്യുന്നു എന്നത്‌ ഇസ്‌ലാമിൽ പ്രമാണമല്ല. ചില ധാരണകളുടേയും നാട്ടിലെ സമ്പ്രദായങ്ങളുടേയും അടിസ്ഥാനത്തിൽ ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. അതിനാൽ അവരുടെ ചെയ്തികൾക്ക്‌  പ്രമാണങ്ങളുടേയൊ തെളിവിന്റേയോ യാതൊരുവിധ പിൻബലവും ഉണ്ടായിരിക്കില്ല. അത്തരക്കാരെ അനുസരിക്കുന്നപക്ഷം നാശമായിരിക്കും ഫലം.

© അബ്ദുസ്സലാം സുല്ലമി

രോഗശമനത്തിന്

അനസ്(رضي الله عنه ), ഥാബിത്‌(رضي الله عنه )വിന്റെ രോഗ ശമനത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ചോദിച്ചു. നബി(صلى الله عليه وسلم )യുടെ മന്ത്രം കൊണ്ട് ഞാൻ താങ്കളെ മന്ത്രിക്കട്ടയോ? എന്നിട്ട്‌ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു:

"മനുഷ്യരുടെ രക്ഷിതാവായ അല്ലാഹുവേ, പ്രയാസങ്ങൾ നീക്കുന്നത് നീയാണ്. നീ തന്നെയാണ് ശമനം നൽകുന്നവനും. അതിനാൽ രോഗത്തിനു ശമനം നൽകണമേ, നീയല്ലാതെ രോഗം മാറ്റുന്നവനില്ല. അതിനാൽ യാതൊരു പ്രയാസവും അവശേഷിക്കാത്ത രൂപത്തിൽ രോഗം നീ സുഖപ്പെടുത്തേണമേ"

ബുഖാരി

യാത്ര പോകുമ്പോൾ

ഉമ്മുസല്‍മ (رضي الله عنها ) ഉദ്ധരിക്കുന്നു : നബി (صلى الله عليه وسلم ) തന്റെ വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയാറുണ്ട് :

"അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ യാത്രയാരംഭിക്കുന്നു; എല്ലാം ഞാന്‍ അല്ലാഹുവിനെ ഭരമേല്‍പിച്ചിരിക്കുന്നു. ഞാന്‍ അലഞ്ഞുതിരിയുകയോ, വഴിതെറ്റിക്കപ്പെടുകയോ അബദ്ധത്തില്‍ ചാടുകയോ, തെറ്റു ചെയ്യിക്കപ്പെടുകയോ, അക്രമിക്കുകയോ, അക്രമിക്കപ്പെടുകയോ, വിഢിത്തം ചെയ്ത് പോവുകയോ, അവിവേകം പ്രവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നെല്ലാം അല്ലാഹുവേ, നിന്നോട് ഞാന്‍ കാവലിനെ തേടുന്നു."

തുർമുദി, അബൂദാവൂദ്‌

അക്രമികളെ പിന്തുടർന്നാൽ

"നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി മൂസായെ നാം നിയോഗിക്കുകയുണ്ടായി. ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്‌. ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും.(ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!" [അദ്ധ്യായം 11 ഹൂദ്‌ 96 - 98]

ശരിയും തെറ്റും നോക്കാതെ ആരുടെ ഭാഗത്ത്‌ നിന്നാലാണ് ഭൗതികലാഭം കിട്ടുകയെന്ന് നോക്കി മൂസയുടെ ജനത അധികാരം കൈവശമുള്ള ഫിർഔന്റെ ഭാഗത്ത്‌ നിലയുറപ്പിച്ചു. ഇന്നും ഈ സ്വഭാവം മുസ്‌ലിംകളിൽ പോലും കാണാവുന്നതാണ്. ഒരു സംഘടനയും ഇതിൽനിന്ന് പുറത്തു പോകുന്നില്ല. നാം ആത്മ പരിശോധന നടക്കുക. തന്റെ സമ്പത്തും സ്വാധീനവും കണ്ട്‌ അനീതി തന്റെ ഭാഗത്തായിട്ടു പോലും ജനങ്ങൾ തന്നെ പിന്തുടരുന്നത്‌ ബോധ്യമായിട്ടും അവരെ സ്വീകരിക്കുന്ന സർവ്വ മനുഷ്യർക്കും അല്ലാഹു താക്കീത്‌ നൽകുകയാണ്. നാളെ നരകത്തിലേക്കും അത്തരക്കാർ തങ്ങളുടെ അണികൾക്ക്‌ നേതൃത്വം നൽകേണ്ടി വരും. മതപുരോഹിതന്മാർക്കും മേൽ ആയത്ത്‌ മുന്നറിയിപ്പ്‌ നൽകുന്നു.

© അബ്ദുസ്സലാം സുല്ലമി