പ്രവാചകനോടുള്ള സ്‌നേഹപ്രകടനങ്ങള്‍ വഴിവിട്ടുപോകുകയും ഇതരമതസ്ഥരെ അനുകരിച്ചുകൊണ്ട് പ്രവാചകസ്‌നേഹത്തിന്റെ പേരില്‍ മതത്തില്‍ പുതിയ ആചാരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്ന കാഴ്‌ചയാണ് നാടെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. നബി(സ)യുടെ അപദാനങ്ങള്‍ വാഴ്‌ത്തുക എന്ന പേരില്‍ അതിശയോക്തികളും ഭാവനയില്‍ മെനഞ്ഞെടുത്ത സിദ്ധാന്തങ്ങളും ഉള്‍പ്പെട്ട കീര്‍ത്തനങ്ങള്‍ ദിനചര്യയെന്നോണം പാടുക, നബി(സ)യുടെ ജയന്തി ആഘോഷിക്കുക, നബിജനിച്ച മാസമെന്ന നിലയില്‍ റബീഉല്‍ അവ്വലിന് പുണ്യംകല്‌പിച്ച് ആഘോഷിക്കുക, നബിയുടെ പേരില്‍ ജാഥകളും ഘോഷയാത്രകളും സംഘടിപ്പിക്കുക, പള്ളികളും മദ്‌റസകളും അലങ്കരിക്കുക തുടങ്ങിയ ജാടകളാണ് പ്രവാചക സ്‌നേഹപ്രകടനങ്ങള്‍ എന്ന പേരില്‍ മുസ്‌ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത, പ്രവാചകന്‍ പഠിപ്പിക്കാത്ത, സ്വഹാബികള്‍ക്ക് പരിചയമില്ലാത്ത, ആദ്യകാല മഹാന്മാര്‍ ആലോചിക്കാത്ത, മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെടുന്ന പണ്ഡിതന്മാര്‍ മനസ്സിലാക്കിയിട്ടില്ലാത്ത തികച്ചും നൂതനമായ സമ്പ്രദായങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ഇന്ന് ആചാരമായി നടമാടുന്നു. ഇത് സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഗുരുതരമായ ആപത്താണ്. അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുക എന്ന അടിസ്ഥാനാശയത്തില്‍ നിന്നു മാറി, ശരിയായ നിലയില്‍ ജീവിക്കാന്‍ പോലും തയ്യാറാകാത്ത ആളുകള്‍ റബീഉല്‍ അവ്വല്‍ ആഘോഷിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നതില്‍ വിശ്വാസപരമായ വലിയ അപകടമുണ്ട്. മുസ്‌ലിംകള്‍ ഇക്കാര്യം ഉള്‍ക്കൊണ്ട് ബിദ്‌അത്തുകളില്‍ നിന്ന് പിന്മാറുകയും സുന്നത്തിന്റെ ശരിയായ പാതയിലേക്ക് നീങ്ങുകയും ചെയ്യണമെന്നുണര്‍ത്തട്ടെ.
`നബിമാസാചരണ'ത്തിലെ അപകടങ്ങള്‍ എത്ര ഗുരുതരമാണെന്നറിയാമോ?
ഒന്ന്) ജന്മദിനാഘോഷം (ബര്‍ത്ത്‌ഡെ ആചരണം) നബി(സ) പഠിപ്പിച്ചതല്ല.
രണ്ട്) നബിയെ ജീവനു തുല്യം സ്‌നേഹിച്ച സ്വഹാബികള്‍ അങ്ങനെ ചെയ്‌തിട്ടില്ല,
മൂന്ന്) ഉത്തമ നൂറ്റാണ്ടുകളെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ഹിജ്‌റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകാര്‍ക്ക് പരിചയമില്ലാത്ത പുതിയ സമ്പ്രദായങ്ങള്‍ ദീനിന്റെ പേരില്‍ കടന്നുവരുന്നു.
നാല്) `ഈസാ നബിയെ നസാറാക്കള്‍ പുകഴ്‌ത്തിയതു പോലെ എന്നെ നിങ്ങള്‍ പുകഴ്‌ത്തിപ്പറയരുത്' എന്ന നബിയുടെ താക്കീത് അവഗണിച്ചുകൊണ്ട് ക്രൈസ്‌തവ സംസ്‌കാരം നാം പിന്‍പറ്റുന്നു.
അഞ്ച്) ആചാര്യന്മാരുടെ ജനിമൃതികള്‍ ആഘോഷിക്കുക എന്ന ഇതരമതങ്ങളിലെ ആചാരങ്ങള്‍ നാം സ്വായത്തമാക്കുന്നു.
ആറ്) ഇതിനൊക്കെ പുറമെ നബിചര്യ ജീവിതത്തില്‍ പകര്‍ത്തുന്നതിനു പകരം ചില ജാട പ്രകടനങ്ങള്‍ കൊണ്ട് മോക്ഷം നേടാമെന്ന തെറ്റായ `മെസ്സേജ്' പാമരസമൂഹത്തിലേക്ക് നല്‌കുന്നു.
© ശബാബ് വാരിക