"അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും" (അദ്ധ്യായം 2 ബഖറ 174)
സത്യം മൂടിവെച്ച് ജനങ്ങളുടെ മുന്നില്‍ ഉന്നതന്മാരായി ചമയുന്നവരെല്ലാം അല്ലാഹു അവഗണിക്കുന്ന നിസ്സാരന്മാരായി മാറുന്നതാണ്. അല്ലാഹു അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ കൃത്യമായി മനസ്സിലാക്കിയിട്ടും അതു പിന്‍പറ്റാതെയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാതെയും ജീവിക്കുന്നവര്‍ ഇതിന്‍റെ പരിധിയില്‍ വരും. ഖുര്‍ആനിന്‍റെ സന്ദേശം ജനമനസ്സുകളില്‍ എത്തിക്കാന്‍ മുതിരാതെ കേവലം ധനസമ്പാദനത്തിനുള്ള വിവിധ മാര്‍ഗങ്ങളായി വിശുദ്ധ ഖുര്‍ആനെ ദുരുപയോഗപ്പെടുത്തുന്നവര്‍ ഏറെ ഭയപ്പെടേണ്ട ഒരു വചനമാണിത്. ഖുര്‍ആന്‍ പാത്രത്തിലെഴുതിയും ഓതി നൂലുകളില്‍ കെട്ടുകളിട്ടും വില്‍പ്പനച്ചരക്കാക്കുന്ന കാഴ്ച ഇന്നും കണ്ടുകൊണ്ടിരിക്കുന്നു. ഇവര്‍ വയറുകളില്‍ നരകാഗ്നി നിറയ്ക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. വിചാരണപോലും ഇല്ലാതെ നേരെ നരകത്തിലേക്ക് എത്തിപ്പെടാനുള്ള വഴിയാവും ഈ പ്രവൃത്തിയെന്നു പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
© അബ്ദു സലഫി