റബ്ബിനോട്‌ തേടുക

അബൂദറ്(റ) പറയുന്നു: നബി(സ) അല്ലാഹുവില്‍ നിന്ന് നിവേദനം ചെയ്ത് കൊണ്ട്  പറയുകയുണ്ടായി:

"എന്റെ ദാസന്‍മാരേ, അക്രമം ഞാന്‍ എന്റെ പേരില്‍ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം കാണിക്കരുത്.

എന്റെ ദാസന്‍മാരേ, ഞാന്‍ വഴികാണിക്കാത്ത നിങ്ങളിലെ മുഴുവനാളുകളും വഴി കേടിലാകുന്നു. അതിനാല്‍ നിങ്ങളെന്നോട് ഹിദായത്ത് ചോദിക്കുക. ഞാന്‍ നിങ്ങളെ വഴികാട്ടാം.

എന്റെ ദാസന്‍മാരേ, ഞാന്‍ അന്നം നല്‍കാത്തവരെല്ലാം പട്ടിണിയിലായിരിക്കും. അതിനാല്‍ നിങ്ങളെന്നോട് അന്നം തേടുക. ഞാന്‍ നിങ്ങള്‍ക്ക് അന്നം നല്‍കാം.

എന്റെ ദാസന്‍മാരെ, ഞാന്‍ വസ്ത്രം നല്‍കാത്തവരെല്ലാം നഗ്നരായിരിക്കും. അതിനാല്‍ നിങ്ങളെന്നോട്‌ വസ്ത്രം ചോദിക്കുക. ഞാന്‍ നിങ്ങള്‍ക്ക് വസ്ത്രം നല്‍കാം.

എന്റെ ദാസന്‍മാരേ, നിങ്ങള്‍ രാവും പകലും തെറ്റുകള്‍ ചെയ്യുന്നു. ഞാന്‍ മുഴുവന്‍ തെറ്റുകളും പൊറുക്കുന്നവനാകുന്നു. അതിനാല്‍ നിങ്ങളെന്നോട് പൊറുക്കലിനെത്തേടൂ. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്ത് തരാം.

എന്റെ ദാസന്‍മാരേ, എന്നെ ഉപദ്രവിക്കുവാനോ എനിക്ക് ഉപകാരം ചെയ്യുവാനോ നിങ്ങള്‍ക്ക് സാധ്യമല്ല.

എന്റെ ദാസന്‍മാരേ, നിങ്ങളിലെ ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ ആളുകളും ജിന്നുകളും മനുഷ്യരും നിങ്ങളിലെ ഏറ്റവും വലിയ ഭക്തന്റെ ഹൃദയമുള്ളവരായി മാറിയാലും അതൊന്നും എന്റെ സാമ്രാജ്യത്തില്‍ യാതൊരു വര്‍ദ്ധനവും വരുത്തുകയില്ല.

എന്റെ ദാസന്‍മാരേ, നിങ്ങളിലെ ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ ആളുകളും ജിന്നുകളും മനുഷ്യരും നിങ്ങളിലെ ഏറ്റവും വലിയ പാപിയെ പോലെയായി മാറിയാലും അതൊന്നും എന്റെ സാമ്രാജ്യത്തില്‍ യാതൊരു കുറവും വരുത്തുകയില്ല.

എന്റെ ദാസന്‍മാരേ, നിങ്ങളിലെ ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ ആളുകളും ജിന്നുകളും മനുഷ്യരും ഒരു മൈതാനത്ത് ഒത്ത്കൂടി എല്ലാവരും എന്നോട് വിവിധ ആവശ്യങ്ങളുന്നയിക്കുകയും ഞാനത് നല്‍കുകയും ചെയ്താലും സമുദ്രത്തില്‍ സൂചി കടത്തി എടുത്താലുള്ളത്ര പോലും അത് കുറവ് വരുത്തുകയില്ല.

എന്റെ ദാസന്‍മാരേ, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ക്രോഡീകരിച്ച് വെക്കുകയും അവസാനം നിങ്ങള്‍ക്ക് പരിപൂര്‍ണമായി പ്രതിഫലം നല്‍കുന്നതുമാണ്. ആരെങ്കിലും സന്തോഷകരമായത് കണ്ടാല്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യട്ടെ. മറിച്ചാണെങ്കില്‍ സ്വയം ആക്ഷേപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല."

(മുസ്‌ലിം)

മടക്കത്തിന്റെ മാർഗ്ഗം നന്നാക്കുക

"അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ. ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, _'അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ'_ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം." [അദ്ധ്യായം 78 നബ അ് 39,40]

അന്നത്തെ ഭയങ്കരതയും കഠിനശിക്ഷകളും കാണുമ്പോള്‍ അവിശ്വാസികള്‍ കൊതിച്ചു പോകും, 'തങ്ങള്‍ മനുഷ്യരായി സൃഷ്ടിക്കപ്പെടാതെ വെറും മണ്ണായിരുന്നുവെങ്കില്‍ നന്നായേനെ! എന്നാല്‍ ഇതൊന്നും അനുഭവിക്കേണ്ടിവരികയില്ലായിരുന്നുവല്ലോ?' എന്നൊക്കെ. അബൂഹുറൈറ (റ) യില്‍ നിന്നും ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "എല്ലാസൃഷ്ടികളും ഖിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടപ്പെടും. കാലികളും പറവകളും ഇതര ജീവികളുമെല്ലാം തന്നെ. അങ്ങനെ കൊമ്പില്ലാത്തവര്‍ക്ക് കൊമ്പുള്ള ജീവികളില്‍ നിന്നു പ്രതികാരം എടുത്തു കൊള്ളത്തക്കവണ്ണം അല്ലാഹു നടപടിയെടുക്കും. പിന്നീട് അവയോട് അല്ലാഹു ‘നിങ്ങള്‍ മണ്ണായികൊള്ളുക’ എന്ന്പറയും. അപ്പോഴാണ്‌ അവിശ്വാസിയായവന്‍ ‘അയ്യോ,ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ!’ എന്ന്പറയുക"  (ابن جرير وابن المنذر والبيهقي وأبي حاتم)

© അമാനി മൗലവി

നേതൃത്വത്തിന്റെ ദുഷ്ടതകളെ ചോദ്യം ചെയ്യുക

ഉമ്മു സലമ(റ) വിൽ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചു പറഞ്ഞു:

"നിങ്ങൾക്ക് അംഗീകരിക്കാവുന്ന ചിലകാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കൽപിക്കുന്ന കൈകാര്യകർത്താക്കൾ നിങ്ങളിൽ നിയോഗിക്കപ്പെടുന്നതാണ്. (എന്നാൽ ദുഷ്പ്രവർത്തികളിൽ) വെറുപ്പ് പ്രകടിപ്പിച്ചവൻ രക്ഷപ്രാപിച്ചവനായി. അതിനെ നിരാകരിച്ചവൻ പാപരഹിതനുമായി. മറിച്ച് അതിൽ സംതൃപ്തി പൂണ്ടു അനുധാവനം ചെയ്തവൻ രക്ഷപ്പെടില്ല."

അവർ ചോദിച്ചു: പ്രവാചകരെ, ഞങ്ങൾക്ക് അവരോട് യുദ്ധം ചെയ്ത് കൂടെയോ?

പ്രവാചകൻ (സ) അരുളി: "അവർ നമസ്‌കാരം നിലനിർത്തുന്നേടത്തോളം അത് പാടുള്ളതല്ല." (മുസ്‌ലിം)

ശക്തികൊണ്ടും സംസാരം കൊണ്ടും എതിർക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് എതിർത്താൽ പ്രസ്തുത കുറ്റത്തിൽ നിന്ന് അയാൾ മോചിതനാവുന്നതും സ്വന്തം ചുമതല നിറവേറ്റിയവനുമായി മാറും. കഴിവിനനുസരിച്ച് എതിർത്തവനും ആ പാപത്തിൽ നിന്ന് മോചിതനായിരിക്കും. എന്നാൽ അതൊന്നുമില്ലാതിരിക്കുകയോ, ഇഷ്ടത്തോടെ അവരെ തുടരുകയോ ചെയ്തവർ പാപികളായിരിക്കുകയും ചെയ്യും.

© റിയാളുസ്വാലിഹീൻ

ദരിദ്രനു ഭക്ഷണം നൽകാറുണ്ടോ?

1. നീ കണ്ടുവോ! മതത്തെ നിഷേധിക്കുന്നവനെ?

3. അവൻ പ്രേരിപ്പിക്കുകയുമില്ല, ദരിദ്രന്റെ ഭക്ഷണത്തിന്റെ മേൽ

[അദ്ധ്യായം 107 മാഊൻ]

സാധുക്കളുടെ പട്ടിണി ഇല്ലാതാക്കുവാൻ ഒരു മുസ്‌ലിം പ്രവർത്തിക്കുകയും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും വേണം. ഇതെല്ലാം ചെയ്യാൻ മറ്റുള്ളവർ ഉണ്ടെന്ന് വാദിക്കുകയും അത്‌ ചെയ്യാൻ ശ്രമിക്കുന്നവരെ വിലക്കുകയും ചെയ്യുന്നവർ ആരായാലും ഖുർആനിന്റെ വെളിച്ചത്തിൽ അവർ എത്രയോ വലിയ മത നിഷേധികളാണ്.

© അബ്ദുസ്സലാം സുല്ലമി
📖ഖുർആനിന്റെ വെളിച്ചം

വഞ്ചനയിൽ പെട്ടുപോയതെന്താണ്?

"അല്ലയോ മനുഷ്യാ! ഉദാരനായ നിന്റെ രക്ഷിതാവിനെ സംബന്ധിച്ച്‌ നിന്നെ വഞ്ചിച്ച കാര്യമെന്താണ്?" [അദ്ധ്യായം 82 ഇൻഫിത്വാർ 6]

👆🏻ഇതൊരു ചോദ്യമല്ല, മറിച്ച്‌ ദൈവം ഔദാര്യമുള്ളവനും വിട്ടുവീഴ്ച ചെയ്യുന്നവനും ആയതുകൊണ്ടാണ് മനുഷ്യൻ ദൈവവുണ്ടോ എന്ന വിഷയത്തിൽ സംശയിക്കുവാനും അവസാനം ദൈവമില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്ന് ചതിയിലും വഞ്ചനയിലും വീഴുവാനും പ്രധാന കാരണമെന്ന് അല്ലാഹു ഇവിടെ ഉണർത്തുകയാണ്.

ഇമാം റാസി (റ) എഴുതുന്നു : 'നീ അല്ലാഹുവിന്റെ വിവേകത്തേയും കാരുണ്യത്തേയും മനസ്സിലാക്കാൻ ശരിക്കും ശ്രമിച്ചിട്ടില്ല. പാപികളെ അവൻ ഈ ലോകത്ത്‌ വെച്ച്‌ ശിക്ഷിക്കാതെ വിടുകയും അവർക്കും അവൻ സാമ്പത്തികവും ശാരീരികവുമായ പുരോഗതി നൽകുകയും ചെയ്തപ്പോൾ നീ നിന്റെ നാഥന്റെ ഉദാരതയേയും ഔദാര്യത്തേയും തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണ നിന്നെ വഞ്ചനയിൽ ചാടിച്ചു. നീ ഇങ്ങനെ ചിന്തിച്ചു : 'ലോകത്തിനു ഒരു നീതിമാനായ സൃഷ്ടാവ്‌ ഉണ്ടായിരുന്നെങ്കിൽ ഇതെങ്ങനെ സംഭവിച്ചു?'! എന്നാൽ പാപികളെ ഇവിടെ വെച്ച്‌ ഉടൻ ശിക്ഷിക്കാതിരുന്നത്‌ ദൈവത്തിന്റെ ഉദാരതയും വിട്ടുവീഴ്ചയും കൊണ്ടാണ്. അവർക്ക്‌ ഭൗതികസുഖങ്ങൾ നൽകിയത്‌ ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ്.' (റാസി)

© അബ്ദുസ്സലാം സുല്ലമി
📖ഖുർആനിന്റെ വെളിച്ചം

ഒരു ആയത്തെങ്കിലും!

അബ്ദുല്ല ഇബ്‌നുഅംറ് ബ്‌നുൽആസ്(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പഖ്യാപിച്ചു:

"ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവീൻ.  എന്റെ പേരിൽ മനപൂർവ്വം കളവ് പറയുന്നവനാരോ, അവൻ തന്റെ ഇരിപ്പിടം നരകത്തിൽ ഒരുക്കികൊള്ളട്ടെ."  (ബുഖാരി)


അബൂഉമാമ(റ) ൽനിന്ന് നിവേദനം:  റസൂൽ(സ) പറഞ്ഞു:

"നിശ്ചയം അല്ലാഹുവിന്റെ മലക്കുകളും ആകാശ ഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവുംകൂടി ജനങ്ങൾക്ക് നൻമ പഠിപ്പിച്ച് കൊടുക്കുന്നവർക്ക് വേണ്ടി പ്രർത്ഥിക്കുന്നതാണ്." (തുർമുദി)

ഇബ്‌നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു :

"നമ്മുടെ പക്കൽനിന്ന് വല്ലതും കേട്ടു പഠിക്കുകയും കേട്ടത് പോലതന്നെ പ്രബോധനം ചെയ്യുകയും ചെയ്ത വ്യക്തിയെ അല്ലാഹു പ്രകാശിപ്പിക്കട്ടെ (അനുഗ്രഹിക്കട്ടെ). എത്ര മുബല്ലഗാണ് (പഠിച്ചവരിൽ നിന്ന് കേട്ട് മനസിലാക്കിയവൻ) നേരിൽകേട്ട് മനസിലാക്കിയവരേക്കാൾ നന്നായി പഠിച്ചിട്ടുള്ളത്."  (തിർമുദി )

അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:

"ആരോടെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത് മറച്ചുവെച്ചു. എങ്കിൽ അന്ത്യദിനത്തിൽ അവന് തീയാലുള്ള കടിഞ്ഞാണിടപ്പെടും."  (അബൂദാവൂദ്)

  റസൂൽ(സ) അരുൾ ചെയ്തു:

"അല്ലാഹുവിന്റെ  പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു, അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ച്‌ കൊണ്ട് മാത്രമാണുതാനും. എങ്കിൽ അന്ത്യദിനത്തിൽ അവന് സ്വർഗ്ഗത്തിന്റെ  വാസനപോലും എത്തിക്കുകയില്ല (അഥവാ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.)" (അബൂദാവൂദ്)

അബ്ദുല്ല ഇബനുഅംറ് ബ്‌നുൽആസ്(റ) വിൽനിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു:

"അല്ലാഹു വിജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യനിൽനിന്ന് എടുത്തുകളയുകയില്ല. പിന്നെയൊ പണ്ഢിതൻമാരുടെ മരണം മുഖേനയാണ് ജ്ഞാനത്തെ അവൻ എടുത്തുകളയുന്നത്. അവസാനം ഒരു പണ്ഡിതനും അവശേഷിക്കാത്ത കാലം വരുമ്പോൾ ചില മൂഢന്മാരെ മനുഷ്യർ നേതാക്കളാക്കിവെക്കും. എന്നിട്ട് മതനടപടികളെ സംബന്ധിച്ച് അവരോട് ചോദിക്കപ്പെടും യാതൊരു വിവരവുമില്ലാതെ അവരതാ മറുപടി നല്കുന്നു. തദ്വാരാ അവർ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യുന്നു." (മുത്തഫഖുൻ അലൈഹി )

© റിയാളുസ്വാലിഹീൻ

ഇല്ല! യാതൊരു രക്ഷയുമില്ല

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു. (1)

കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു. (2)

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? (3) 

അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.(4) 

പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. (5) 

എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു. (6) 

എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും (7) 

ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും (8) 

സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! (9)

അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.(10) 

ഇല്ല. യാതൊരു രക്ഷയുമില്ല. (11) 

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍. (12) 

അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും. (13) 

തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും. (14) 

അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി. (15) 

അദ്ധ്യായം 75 ഖിയാമ