പാപമോചനം ആർക്ക്‌?

"തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." [അദ്ധ്യായം 16 നഹ്‌ൽ 119]

"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?- ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു." [അദ്ധ്യായം 3 ആലു ഇംറാൻ 135,136]

"പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്‌." [അദ്ധ്യായം 4 നിസാഅ് 18]

🔹തെറ്റ്‌ ബോധ്യം വന്നാൽ ഖേദിച്ച്‌ മടങ്ങുകയും പിന്നീട്‌ ജീവിതരീതി നന്നാക്കുകയും മുമ്പ്‌ ചെയ്ത തെറ്റ്‌ തുടരാതിരിക്കുകയും ചെയ്യുന്നവരുടെ പശ്ചാതാപമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്നാണ് മേൽ സൂക്തങ്ങളിൽ നിന്ന് വ്യക്തമാകുന്നത്‌. ഏകദൈവവിശ്വാസികളാണെങ്കിൽ പോലും ഗുരുതരമായ തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുകയും ഖേദിച്ചു മടങ്ങുകയോ ജീവിതരീതി തിരുത്തുകയോ ചെയ്യാതെ പാപിയായി ജീവിച്ച്‌ മരണമടുക്കുമ്പോൾ പശ്ചാതപിക്കുകയും ചെയ്യുന്നവർക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുകയില്ലെന്ന് 4:18 സൂക്തത്തിൽ നിന്ന് വ്യക്തമാകുന്നു.

ജീവിതകാലം മുഴുവൻ സത്യനിഷേധിയായി വർത്തിച്ചിട്ട്‌ മരണം ആസന്നമാകുമ്പോൾ ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്നു പറയുന്നവന്റെ വിശ്വാസമോ പശ്ചാതാപമോ അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഇതിൽനിന്നും മനസ്സിലാക്കാം.മരണം എപ്പോഴാണ് സംഭവിക്കുകയെന്ന് നേരത്തെ അറിയാൻ ആർക്കും കഴിയില്ല എന്നതിനാൽ അവിശ്വാസത്തിൽ നിന്നും അധർമ്മത്തിൽ നിന്നും വിരമിക്കാതെ മുന്നോട്ട്‌ പോകുന്നവർക്ക്‌ സത്യവിശ്വാസവും പശ്ചാതാപവും സ്വീകരിക്കപ്പെടാതെ നരകാവകാശികളായി മരിച്ചുപോകാനുള്ള  സാധ്യത ഏറേയാണ്. അപരിഹാര്യമായ ആ നഷ്ടം ഒഴിവാക്കാൻ പാപവും നിഷേധവും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ഉടനെ ഖേദിച്ചു മടങ്ങുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല. ആരുടെയൊക്കെ വിശ്വാസവും പശ്ചാതാപവുമാണ് നിഷ്കളങ്കമായിട്ടുള്ളതെന്ന് അല്ലാഹു സൂക്ഷമായി അറിയുന്നവനാണ്.

By ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി