"അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) എന്നിട്ടവന്‍ (ആരാധ്യരോട്) പറയും : 'എന്‍റെ ഈ ദാസന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ?' അവര്‍ (ആരാധ്യര്‍) പറയും: 'നീ എത്ര പരിശുദ്ധന്‍! നിനക്ക് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.' അപ്പോള്‍ ബഹുദൈവാരാധകരോട് അല്ലാഹു പറയും: 'നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി (ശിക്ഷ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക് സാധിക്കുന്നതല്ല. അതിനാല്‍ (മനുഷ്യരേ,) നിങ്ങളില്‍ നിന്ന് അക്രമം ചെയ്തവരാരോ അവന്ന് നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്'." [അദ്ധ്യായം 25 ഫുർഖാൻ 17 - 19]
🔹അതെ, അല്ലാഹുവിന്റെ ഉദ്ബോധനം മനുഷ്യർ മറക്കുക തന്നെചെയ്തു. ആ മറതിക്കാവശ്യമായ എല്ലാ പ്രോൽസാഹനങ്ങളും പുരോഹിതന്മാർ അവർക്ക് നൽകുകയും ചെയ്തു. സത്യം മറന്നുകൊണ്ട് ഏകദൈവ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന തരത്തിലുള്ള വിശ്വാസവുമായി നടന്നാൽ മനുഷ്യനു ഒരിക്കലും വിജയസാധ്യതയില്ല. സാധാരണക്കാരൻ വിഡ്ഢിവേഷം കെട്ടിക്കുന്നവനെ അനുകരിച്ച് കൂടുതൽ വിഡ്ഢിയാവുകയാണ്. ഏതു മനുഷ്യനും അല്ലാഹു ബുദ്ധി നൽകിയിട്ടുണ്ട്. അതിൽ പണ്ഡിത പാമര വ്യത്യാസമില്ല. ബുദ്ധിയുപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കാതെ തന്റെ തലച്ചോർ ഒരു വിഭാഗം ആളുകൾക്ക് പണയം വെച്ചാൽ സാധാരണക്കാരനും രക്ഷപ്പെടാനാവില്ല. ഞങ്ങൾക്കൊന്നുമറിയില്ല എന്ന് പറഞ്ഞ് പാവത്താൻ ചമഞ്ഞതുകൊണ്ട് പരലോകത്ത് ഒരു കാര്യവുമില്ല.
By അബ്ദുൽ മജീദ്