അതിരുകവിയലോ അത്യാചാരങ്ങളോ പാടില്ല

പാലിച്ചാല്‍ പുണ്യമുള്ള, പാലിച്ചില്ലെങ്കിലും പരലോകത്ത് ശിക്ഷയൊന്നുമില്ലാത്ത സുന്നത്തായ കാര്യങ്ങളെ ഫറളാക്കുക, അതേപോലെ വര്‍ജിക്കുകയാണുത്തമം എന്ന് മാത്രം കണക്കാക്കപ്പെട്ടിട്ടുള്ളവയെ 'ഹറാം' എന്ന ഗണത്തില്‍ പെടുത്തുക ഒക്കെ, സ്രഷ്ടാവായ ദൈവം മനുഷ്യന് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെ ഹനിക്കലാണ്. അത് അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ കൈകടത്തലുമാണ്. വന്‍ കുറ്റമാണിത്. നാവിന്‍തുമ്പത്ത് വരുന്നതിനനുസൃതം ഹറാമും ഹലാലുമാക്കരുത്. 'നിനക്ക് അല്ലാഹു ഹലാലാക്കിയതെന്തിന് നീ ഹറാമാക്കുന്നു' തുടങ്ങിയ താക്കീതുകള്‍ തന്നെ ഖുര്‍ആനിലുണ്ട് (66:1, 16:116).

പ്രസ്തുത കാര്യം ഗൗരവത്തിലെടുക്കാതെ ഒരു വിഷയത്തില്‍ 'ഫത്‌വ' പുറപ്പെടുവിക്കുന്നവര്‍, ദൈവത്തിന്റെ മേല്‍ കളവ് കെട്ടി പറയുക എന്ന വന്‍ പാപമാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, താടിവളര്‍ത്തല്‍ മതത്തില്‍ നിര്‍ബന്ധവും വടിച്ചുകളയല്‍ ഹറാമാണെന്ന് സമര്‍ഥിക്കുന്ന ചില പണ്ഡിതന്മാര്‍ ഈ അടുത്ത കാലത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചില പണ്ഡിതന്മാരങ്ങിനെയാണ്. ചെറിയ കാര്യമായാലും വലിയ കാര്യങ്ങളായാലും വിശ്വാസി സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതിലല്ലാ അവര്‍ ശ്രദ്ധിക്കുന്നത്, മറിച്ച് അവര്‍ക്ക് കൂടുതല്‍ താല്പര്യം താക്കീതുകള്‍ നല്കി ആളുകളെ ഭയപ്പെടുത്തുന്നതിലാണ്. തെറ്റുകള്‍ ധാരാളമായി പൊറുക്കുകയും കരുണ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മതമായിട്ടല്ലാ, മറിച്ച് താടിക്കാര്യം പോലുള്ളവ പോലും ഗൗരവമായെടുത്ത് മനുഷ്യരെ ശിക്ഷിക്കാന്‍ തക്കം പാത്തിരിക്കുന്നവനായ അല്ലാഹുവിനെയാണ് ഇവര്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞാലേ ആളുകള്‍ കൂടുതല്‍ സൂക്ഷ്മതയും ഭയഭക്തിയുള്ളവരുമാവൂ എന്നാണീ പണ്ഡിതന്മാരുടെ ധാരണ. 

എന്നാല്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തില്‍ ഇത്തരം തീവ്രസമീപനങ്ങള്‍ കാണാന്‍ കഴിയില്ല. അതിരുകവിയലോ, അത്യാചാരങ്ങളോ പാടില്ലെന്നാണ്‌ മതം പഠിപ്പിക്കുന്നത്‌. വേദക്കാരെ വിളിച്ചുകൊണ്ട്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌.'' (4:171). 'തീവ്രവാദികള്‍ നശിച്ചിരിക്കുന്നു'വെന്ന്‌ മുഹമ്മദ്‌ നബി(സ) മൂന്നുതവണ ആവര്‍ത്തിച്ചുപറഞ്ഞതില്‍ നിന്ന്‌ ഇതിന്റെ ഗൗരവം നമുക്ക്‌ ഉള്‍ക്കൊള്ളാനാവണം.

തീവ്രവാദത്തിന്റെ വേരുകള്‍ക്ക്‌ പ്രവാചകന്മാരുടെ കാലത്തോളം പഴക്കമുള്ളതായി കാണാം. ആരാധനാരംഗത്ത്‌ കൂടുതല്‍ സജീവമാകണമെന്ന്‌ തീരുമാനിച്ചുറച്ച്‌ പ്രതിജ്ഞയെടുത്ത്‌ മടങ്ങിയ സ്വഹാബികളോട്‌ തീവ്രവാദം ആരാധനയില്‍ പോലും പാടില്ലെന്ന്‌ പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍. ബ്രഹ്‌മചര്യം ഇസ്‌ലാമികമല്ലെന്നും ഉസ്‌മാനുബ്‌നു മദ്‌ഊനിനോടുള്ള ഉപദേശത്തിലൂടെ പഠിപ്പിക്കുകയുണ്ടായി. പ്രകൃതിക്കിണങ്ങുന്ന അതിരുകവിയാത്ത ജീവിതരീതി പിന്‍പറ്റാന്‍ അവിടുന്ന്‌ ഉണര്‍ത്തി. നിലനിര്‍ത്തിപ്പോകാവുന്ന തരത്തിലുള്ള ഒരു മധ്യമ മാര്‍ഗമാണ്‌ മതം പഠിപ്പിക്കുന്നത്‌. "അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കാനും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും വേണ്ടി.'' (വി.ഖു 2:143)

By എം ഖാലിദ് നിലമ്പൂര്‍ & ജംഷിദ്‌ നരിക്കുനി