ജാബിർ (റ) നിവേദനം : ഒരിക്കൽ ഞങ്ങളുടെ അടുത്തുകൂടി ഒരു മൃതദേഹം കൊണ്ടുപോയപ്പോൾ നബി (സ) എഴുനേറ്റു നിന്നു. അദ്ദേഹത്തോടൊപ്പം ഞങ്ങളും നിന്നു. അതൊരു ജൂതന്റെ മൃതദേഹമാണെന്ന് ഞങ്ങൾ നബിയോട് പറഞ്ഞപ്പോൾ അദ്ദേഹം (സ) പറഞ്ഞു : "നിങ്ങൾ ഒരു മൃതദേഹത്തെ കണ്ടാൽ അതിനുവേണ്ടി എഴുനേറ്റു നിൽക്കുവിൻ." [ബുഖാരി, മുസ്‌ലിം] മറ്റൊരു റിപോർട്ടിൽ "അയാളും മനുഷ്യനല്ലേ." എന്നും നബി (സ) പറയുന്നുണ്ട്. [ബുഖാരി, മുസ്‌ലിം]
🔹വളരെ മഹത്തായ ഒരു തത്വമാണ് നബി (സ) ഇവിടെ പഠിപ്പിക്കുന്നത്. ജാതിയുടേയും മതത്തിന്റേയും വ്യത്യാസം കാരണം മനുഷ്യനെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഇന്നത്തെ ലോകം മറന്നിരിക്കുന്നു. ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ മാനുഷിക ബന്ധത്തെ അവർ മറക്കുന്നു. പക്ഷേ, ഇസ്‌ലാം ഇവയൊന്നും അംഗീകരിക്കുന്നില്ല. മതത്തിന്റേയും ജാതിയുടേയും നിറത്തിന്റേയും ഭാഷയുടേയും പേരിൽ മനുഷ്യനെ ആദരിക്കുവാൻ മറക്കരുതെന്ന മഹത്തായ സന്ദേശമാണ് പ്രവാചകൻ (സ) നമ്മെ പഠിപ്പിക്കുന്നത്.
By അബ്ദുസ്സലാം സുല്ലമി