പ്രാര്‍ഥനയുള്ളതെല്ലാം ആരാധനയാണ്. അഭൗതിക മാര്‍ഗത്തിലൂടെ ഗുണം പ്രതീക്ഷിക്കുന്നതെല്ലാം പ്രാര്‍ഥന ഉള്‍ക്കൊള്ളുന്നുണ്ട്. രോഗം മാറാനും കുഞ്ഞിനെ ലഭിക്കാനും വൈദ്യസഹായം തേടുന്നത് ആരാധനയാകുന്നില്ല. കാരണം ഇവിടെ അല്ലാഹു ഭൂമിയില്‍ സംവിധാനിച്ച ചില ക്രമങ്ങള്‍ ഉപയോഗപ്പെടുത്തി ഭൗതികമായ കാര്യകാരണ ബന്ധത്തിലൂടെ ഗുണം പ്രതീക്ഷിക്കുക മാത്രമാണ്. എന്നാല്‍ രോഗശമനത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതും ഔലിയാക്കളെ സമീപിക്കുന്നതും പിശാച് സേവ നടത്തുന്നതും ഒരുപോലെ ആരാധനയാണ്. അല്ലാഹുവിനോടുള്ള പ്രാര്‍ഥന തൗഹീദാകുമ്പോള്‍ ബാക്കി രണ്ടും ശിര്‍ക്കാണ്. കാരണം ഇവിടെ രോഗശമനം എന്ന ഗുണം പ്രതീക്ഷിക്കുന്നത് മറഞ്ഞ മാര്‍ഗത്തിലൂടെയാണ്. അല്ലാഹുവും ഔലിയാക്കളും പിശാചും അദൃശ്യമാര്‍ഗത്തിലൂടെ നമ്മുടെ രോഗം ഭേദമാക്കുമെന്ന വിശ്വാസമാണ് ഇവിടെ പ്രാര്‍ഥനയും ആരാധനയുമാകുന്നത്.ഈ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളു.
അല്ലാഹു പറയുന്നു : "അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്യരുത്. അവനല്ലാതെ യാതൊരു ദൈവവുമില്ല" [അദ്ധ്യായം 18 ഖസസ് 88]
"ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥിക്കരുത്. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും" [അദ്ധ്യായം 26 ശുഅറാ 213]
"പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്." [അദ്ധ്യായം 72 ജിന്ന് 18]
"നബിയേ, പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു തേടുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല" [അദ്ധ്യായം 72 ജിന്ന് 20].
✍മുർശിദ് പാലത്ത്