നബി (സ) പറഞ്ഞു : "നിങ്ങൾ ആഹരിക്കുക, പാനം ചെയ്യുക, വസ്ത്രം ധരിക്കുക പക്ഷേ അതിരുകവിഞ്ഞോ അഹങ്കരിച്ചോ ആവരുത് " [ത്വബ്‌റാനി]. ആവർത്തിച്ചു ഭക്ഷണം കഴിച്ച പത്നി ആയിശ (റ)യോട് നബി (സ) ഒരിക്കൽ ചോദിച്ചത് ഇപ്രകാരമായിരുന്നു : "ഓ ആയിശാ, വയറിന്റേതല്ലാത്ത മറ്റു കാര്യങ്ങളിൽ വ്യാപൃതയാവുന്നത് നിനക്കിഷ്ടമല്ലേ?".
ഒരു സത്യനിഷേധി ഒരു രാത്രി നബി (സ) യുടെ അഥിതിയായെത്തി. നബി അദ്ദേഹത്തിന്ന് ഒരാടിനെ കറന്ന് പാൽ നൽകി. മതിവരാതെ വന്നപ്പോൾ മറ്റൊന്നിനെക്കൂടി കറന്നു നൽകി. വീണ്ടും മറ്റൊന്നു കറന്നു. അങ്ങനെ ഏഴാടു വരെ കറന്നെടുത്തു നൽകി. പ്രഭാതമായപ്പോൾ അയാൾ അല്ലാഹുവിലും പ്രവാചകനിലും വിശ്വാസമർപ്പിച്ചു മുസ്‌ലിമായി. ശേഷം അദ്ദേഹത്തിനു ഒരാടിനെ കറന്നു പാൽ നൽകാൻ നബി നിർദേശിച്ചു. അതു നൽകി മറ്റൊന്നു കൂടി കറന്നു. പക്ഷേ അത് പൂർത്തീകരിക്കാൻ അനുവദിച്ചില്ല. എന്നിട്ട് റസൂൽ (സ) ഇങ്ങനെ പറഞ്ഞു : "ഒരു സത്യവിശ്വാസി ഒരു കുടലിലേ കുടിക്കൂ. സത്യനിഷേധി ഏഴു കുടലിലും കുടിക്കും " [മുസ്‌ലിം]
സഹോദരങ്ങളേ, ഇവിടെ നാം കാണുന്നതെന്താണ്? വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വ്യക്തമായ മാറ്റമാണിത്. വിശ്വാസം പകർന്നു നൽകുന്ന ജീവിതക്രമീകരണമാണിത്. ഈ അന്തരമാണ് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അന്തരം നഷ്ടപ്പെടുമ്പോൾ അകലം കുറയും. നാം സത്യനിഷേധത്തോടടുക്കുകയാണോ? അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ. "അല്ലാഹുവേ, നീ ഞങ്ങളെ നേർവഴിയിൽ നടത്തേണമേ, നീ അനുഗ്രഹിച്ചവരുടെ വഴിയിൽ. നിന്റെ കോപത്തിനു ഇരയായവരുടേയും നേർമാർഗത്തിൽ നിന്ന് വ്യതിചലിച്ചവരുടേയുമല്ലാത്ത വഴിയിൽ" ആമീൻ
By സഈദ് ഫാറൂഖി