തനിച്ചിരുന്ന് കരയുന്ന ആഇശ (റ)യോട് തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു : "നരകത്തെക്കുറിച്ചോര്‍ത്ത് കരഞ്ഞതാണ് റസൂലേ. അന്ത്യനാളില്‍ അങ്ങ് അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?" ഈമാന്‍ സ്വാധീനിക്കുമ്പോള്‍ മനസ്സില്‍ നിന്നുയരുന്ന ചോദ്യമാണിത്. തിരുനബി (സ)യുടെ മറുപടി പക്ഷേ, ആഇശാ ബീവിക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല.
"ആഇശാ, മൂന്ന് സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള്‍ തൂക്കുന്ന തുലാസിനടുത്ത് വെച്ച്; തന്റെ തുലാസ് ഭാരം കുറയുമോ കൂടുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്‌തകങ്ങള്‍ കൊണ്ടുവരുമ്പോള്‍; വലതുകൈയിലാണോ ഇടതുകൈയിലാണോ പിന്നിലൂടെയാണോ അത് നല്‍കപ്പെടുക എന്നറിയുന്നതു വരെ. നരകത്തിന് അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്‍; അത് മുറിച്ചുകടക്കുന്നതു വരെ." [അബൂദാവൂദ്]
പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും തകിടം മറിയുന്ന അന്ത്യനാളില്‍ ബന്ധങ്ങളുടെ ശക്തമായ ചരടുകളും തകര്‍ന്നുപോകുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര ബാധിക്കുന്ന, ഭാരമേറിയ ആ ദിനത്തില്‍ (അദ്ദഹ്‌ര്‍ 27, മുസ്സമ്മില്‍ 17) ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ മാത്രം തുണയ്‌ക്കെത്തുന്നു.
By കെ എം ഫൈസി