മിഖ്‌ദാദുബ്നു മഅ്‌ദീകരിബ് (റ)ൽ നിന്ന് നിവേദനം : റസൂൽ (സ) പറഞ്ഞു : "തന്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടേയില്ല" [തുർമുദി]
🔹ഈ തിരുവചനം വിശ്വാസിയോട് ഒരു ജീവിതക്രമം ആവശ്യപ്പെടുകയാണ്. അത് തന്നിൽ നിന്നാവണം എന്നതാണതിന്റെ തേട്ടം. തന്റെ വയർ ഒരു മോശമായ പാത്രമല്ല. എന്നാലത് നിറയുമ്പോൾ തന്റെ കയ്യാൽ നിറക്കപ്പെട്ട മോശമായ പാത്രം അതായിത്തീരുന്നു. എങ്കിലത് നിറയാതെ കാത്തുസൂക്ഷിക്കപ്പെടണം. ഇതാണാ ക്രമീകരണം. വയറുനിറയെ ഭക്ഷണം കഴിക്കൽ ഒരു മനുഷ്യന് ചേർന്നതല്ല എന്നാണ് പ്രവാചകൻ (സ) പറയുന്നത്. എങ്കിലത് ഒരു വിശ്വാസിക്ക് തീരെ ചേർന്നതല്ലല്ലോ?
ഒരിക്കൽ പ്രവാചകന്നരികിൽ വെച്ച് അബൂജുഹൈഫ വയറുനിറഞ്ഞ് തികട്ടി ഏമ്പക്കമിട്ടപ്പോൾ പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞു : "ഞാൻ വയറുനിറച്ചിട്ട് മുപ്പത് വർഷത്തോളമായി" [ത്വബ്‌റാനി]. മറ്റൊരു പ്രവാചക വചനം ഇങ്ങനെ : "ഈ ലോകത്ത് വയറുനിറയെ ആഹരിക്കുന്നവൻ നാളെ പരലോകത്ത് വിശക്കുന്നവരോടൊപ്പമാണ്. പരലോകത്ത് കൊതിയന്മാരും അതികായന്മാരും ഭീമാകാരന്മാരും വരും. ഒരീച്ചച്ചിറകിന്റെ ഘനം പോലും അവർക്ക് അല്ലാഹുവിന്നരികിൽ ലഭ്യമല്ല" [അൽ ബസ്സാർ, ബൈഹഖി]. മറ്റൊരവസരത്തിൽ ഒരു കുടവയറനെ നബി (സ) കാണാനിടയായി. അപ്പോൾ അയാളുടെ വയറു ചൂണ്ടിക്കൊണ്ട് പ്രവാചകൻ (സ) പറഞ്ഞു :"ഇത് മറ്റുവല്ലതുമായിരുന്നെങ്കിൽ നിനക്ക് ഗുണകരമായേനെ" [ത്വബ്‌റാനി]. "ആഗ്രഹിച്ചതെല്ലാം ആഹരിക്കൽ ആഢംബരത്തിൽ പെട്ടതാകുന്നു" എന്ന നബിവചനവും ഇവിടെ നാം ഓർക്കേണ്ടതാകുന്നു.
By സഈദ് ഫാറൂഖി