"അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും" [അദ്ധ്യായം 4 നിസാ 156 - 159]
🔅ജൂതന്മാർ ഈസാ നബി (അ)യെ വിശ്വസിക്കുകയുണ്ടായില്ല.മാത്രമല്ല മർയം (അ)നെക്കുറിച്ച് വ്യഭിചാരം ആരോപിക്കുകയും ചെയ്തു. ഈസാ നബിയെ പിടികൂടുവാൻ വന്നവർക്ക് അദ്ദേഹത്തെ അറിയുമായിരുന്നില്ലെന്ന് ബൈബിൾ തന്നെ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹമാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തോട് സാദൃശ്യമുള്ള മറ്റൊരാളെ പിടിച്ച് വധിക്കുകയാണ് ചെയ്തത്.
ജൂത ക്രിസ്ത്യാനികളിൽ പെട്ട ഓരോ വ്യക്തിക്കും അവരെ മരണം സമീക്കുമ്പോൾ ഈസാ നബി(അ)ന്റെ യഥാർത്ഥ അവസ്ഥ ബോധ്യപ്പെടുന്നതാണ്. അദ്ദേഹം യഥാർത്ഥ നബിയായിരുന്നെന്ന് ജൂതന്മാർക്ക് ബോധ്യപ്പെടും. അദ്ദേഹം അല്ലാഹുവിന്റെ അടിമയും പ്രവാചകനുമായിരുന്നെന്ന് ക്രിസ്ത്യാനികൾക്കും ബോധ്യപ്പെടും (തഫ്സീറുൽ മനാർ). വിശ്വാസം ഉപകാരപ്പെടാത്ത സന്ദർഭത്തിൽ അന്ത്യദിനത്തിന്റെ അടയാളമായി അദ്ദേഹം വരുന്ന സന്ദർഭത്തിൽ ജീവിച്ചിരിക്കുന്ന ജൂത ക്രിസ്ത്യാനികളെയാണ് മേൽ ആയത്തിൽ ഉദ്ദേശിക്കുന്നതെന്നും വ്യാഖ്യാനിക്കപ്പെടുന്നു.
✍അബ്ദുസ്സലാം സുല്ലമി