സമൂഹത്തില്‍ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന തിന്മകളില്‍ പ്രധാനമാണ് മയക്കുമരുന്ന് കച്ചവടം, കള്ളപ്പണ വ്യവഹാരം, പിടിച്ചുപറി തുടങ്ങിയവ. ലഹരിക്കടിമപ്പെടുക എന്ന വലിയ അപരാധം മാത്രമല്ല, ലഹരിമരുന്നിന്റെ വാഹകരോ ഏജന്റുമാരോ ആയിത്തീരുന്ന പ്രവണതയാണ് യുവതലമുറക്കിടയില്‍ നാം കണ്ടുവരുന്നത്. യുവതയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മയക്കുമരുന്നിന്റെയും സ്‌ത്രീപീഡനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളില്‍ നിരവധി മധ്യവയസ്‌കരും പ്രതികളാണ്. പ്രതികളെല്ലാം കുറ്റക്കാരല്ല പൊതു ന്യായത്തിനപ്പുറം പിടിക്കപ്പെടുന്നവരില്‍ മിക്കയാളുകളും അനേകം കുറ്റത്തിന് നിരവധി തവണ ശിക്ഷയനുഭവിച്ച `കേഡി'കളാണ്. ഈ ലോകജീവിതം കഴിയുന്നേടത്തോളം `സുഖ സമൃദ്ധ'മായി കഴിഞ്ഞുകൂടണമെന്ന നിലപാടു മൂലമാണ് പലരും ജീര്‍ണതകളുടെ മാര്‍ഗം അവലംബിക്കുന്നത്. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്നതാണ് ഈ നിലപാടിന്റെ മുഖമുദ്ര. ഫലത്തില്‍ ഇത് പിശാചിന്റെ മാര്‍ഗത്തിലേക്കുള്ള കൂപ്പുകുത്തലാണെന്ന് തിരിച്ചറിയുമ്പോഴേക്ക് നേരം ഏറെ വൈകിയിരിക്കും.
മനുഷ്യസമൂഹത്തെ വിളിച്ചുകൊണ്ട് സ്രഷ്‌ടാവായ അല്ലാഹു ഓര്‍മപ്പെടുത്തുന്നു: "മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. പിതാവ് തന്റെ സന്തതിക്കോ സന്തതികള്‍ പിതാവിനോ ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ." [അദ്ധ്യായം 31 ലുഖ്മാൻ 33]
📖ശബാബ്