സുഖാസ്വാദനങ്ങളുടെ കേദാരമാണ് ഇഹലോകം. എവിടെയും ആനന്ദിപ്പിക്കുന്ന അനുഭവങ്ങള്‍! പണവും ആരോഗ്യവുമുണ്ടെങ്കില്‍ എന്തും കൈവരിക്കാം. എത്രയും വാങ്ങിക്കൂട്ടാം. എങ്ങനെയും ജീവിക്കാം. മനംകുളിര്‍പ്പിക്കുന്ന കാഴ്‌ചകളും ആനന്ദലഹരിയില്‍ തളച്ചിടുന്ന കേന്ദ്രങ്ങളും നമുക്ക് ചുറ്റും സുലഭമാണ്. മനസ്സ് എപ്പോഴും അവയെ ആഗ്രഹിച്ചുപോവുന്നു. നിരന്തരം നമ്മുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നു. കാഴ്‌ചകളിലൂടെയും കേള്‍വികളിലൂടെയും തിന്മയെ കുറിച്ചുള്ള വിചാരങ്ങള്‍ മനസ്സില്‍ രൂപപ്പെടുന്നു. നന്മ-തിന്മകളുടെ അതിരുകളെ വകവെക്കാതെ പാപങ്ങളിലേക്കെടുത്തുചാടുന്നു. മനുഷ്യന്റെ ഈ ദൗര്‍ബല്യത്തെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്, നാമെല്ലാം അനുഭവിക്കുന്നുമുണ്ട്.
അല്ലാഹു നല്‌കിയ അനുഗ്രഹങ്ങള്‍ അനുഭവിക്കുമ്പോള്‍ ആ രക്ഷിതാവിന്റെ കാരുണ്യത്തെയും കൃപയെയും സ്‌മരിക്കണം. അവന് നന്ദിയും സ്‌തുതിയുമര്‍പ്പിക്കണം. അതല്ലാതെ കൃപാലുവും സ്‌നേഹധനനുമായ രക്ഷിതാവിനെ വിസ്‌മരിക്കുവാനും അവന്റെ മാര്‍ഗത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുവാനുമാണ് ഭൂമിയിലെ ആസ്വാദനങ്ങള്‍ അനുഭവിക്കുന്നതെങ്കില്‍ നാം നഷ്‌ടക്കാരായിത്തീരുമെന്നത് തീര്‍ച്ചയാണ്. സുഖാഡംബര ജീവിതത്തില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് യഥാര്‍ഥ ഇസ്‌ലാമിന്റെ വിശ്വാസകര്‍മങ്ങള്‍ മുറതെറ്റാതെ അനുഷ്‌ഠിക്കാന്‍ പ്രയാസമാണ്.
സുഖാനുഭവങ്ങളെ നിയന്ത്രിക്കുകയും ഇഹലോക ജീവിതത്തെ നിസ്സാരമായി കാണുകയും പരലോകത്തെ പ്രധാന ലക്ഷ്യമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ക്കേ ദീനിനെ അറിഞ്ഞ് അനുഷ്‌ഠിക്കുവാനാകൂ. മുആദി(റ)നെ യമനിലേക്ക് പറഞ്ഞയക്കുന്ന സമയത്ത് നബി(സ) അദ്ദേഹത്തെ ഉപദേശിച്ചത് ഇങ്ങനെയായിരുന്നു: "താങ്കള്‍ സുഖങ്ങളെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ നല്ല അടിമകള്‍ സുഖിയന്മാരല്ല." സ്വന്തം താല്‌പര്യങ്ങളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ താല്‍പര്യങ്ങളെ വിലമതിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം പൂര്‍ണമാവുന്നത്.
by പി എം എ ഗഫൂർ