ഒരേയൊരു ദൈവം ഒരൊറ്റ ജനത

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും സുപ്രധാനമായ ആശയങ്ങളിലൊന്ന് 'ഒരേയൊരു ദൈവം ഒരൊറ്റ ജനത' എന്നതാണ്. പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ ഏകദൈവം മാത്രമാണ് യഥാര്‍ത്ഥ ആരാധ്യന്‍. പ്രപഞ്ചത്തിലെ സകല വസ്തുക്കളും അവന്റെ മാത്രം സൃഷ്ടികളാണ്. കറുത്തവനും വെളുത്തവനും ഉയരം കൂടിയവനും കുറഞ്ഞവനും സുന്ദരനും വിരൂപനും സ്ത്രീയും പുരുഷനും എല്ലാം അവന്റെ സൃഷ്ടിവൈഭവത്തിന്റെയും വൈവിധ്യങ്ങളുടെയും നിദര്‍ശനങ്ങളാണ്. ഓരോ വ്യക്തിക്കും സ്വതന്ത്രമായ അസ്തിത്വവും വ്യക്തിത്വവും ലഭ്യമായിത്തീരാന്‍ ഈ വൈവിധ്യം സഹായിക്കുന്നു. 'നിങ്ങളെ വംശങ്ങളും ഗോത്രങ്ങളുമായി തിരിച്ചത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്' എന്നും 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ഒരൊറ്റ സമൂഹമാക്കുമായിരുന്നു ' എന്നും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു.

മനുഷ്യന്‍ എന്ന നിലക്ക് ഒരു ഏകകമായും തുല്യാവകാശങ്ങള്‍ അനുഭവിക്കേണ്ടവരെയുമാണ് അവന്‍ സംവിധാനിച്ചിട്ടുള്ളത്. 'നിശ്ചയം നിങ്ങളുടെ ഭാഷകളും വര്‍ണ്ണങ്ങളും വിഭിന്നമായതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്' എന്ന ക്വുര്‍ആന്‍ വചനം ഇതിലേക്കുള്ള സൂചനയാണ്. 'അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ മഹത്വമില്ല. നിങ്ങളെല്ലാം ആദമില്‍ നിന്നും ആദമാകട്ടെ മണ്ണില്‍നിന്നും സൃഷടിക്കപ്പെട്ടവനാണ്' എന്ന നബി (സ) യുടെ പ്രഖ്യാപനം വളരെ പ്രസക്തമത്രേ. ജന്മമോ തറവാടോ ഒരാളെ മഹാനാക്കുന്നില്ല. അവന്റെ കര്‍മ്മങ്ങളാണ് അവനെ ഉന്നതനാക്കുന്നത്.

✍അബ്ദു സലഫി